ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒളിമ്പ്യൻ പി.ടി ഉഷ. രാജ്യസഭാ എംപി കൂടിയായ പി ടി ഉഷ ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിങ് ഓഫീസർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം അറിയിച്ചത്.

സഹ അത്‌ലറ്റുകളുടെയും നാഷനൽ ഫെഡറേഷനുകളുടെയും പരിപൂർണ പിന്തുണയോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകുകയാണെന്ന് ഉഷ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 25 മുതൽ 27 വരെ നേരിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പേര് പിൻവലിക്കാം.

സുപ്രീം കോടതിയുടെയും ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയുടെയും (ഐ.ഒ.സി) മേൽനോട്ടത്തിൽ രൂപീകരിച്ച കരട് ഭരണഘടന നവംബർ 10ന് ഐ.ഒ.എ അംഗീകരിച്ചിരുന്നു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐ.ഒ.എ) ഭരണഘടന ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച് ഒളിംപ്യൻ അഭിനവ് ബിന്ദ്ര രംഗത്ത് എത്തിയിരുന്നു. സെപ്റ്റംബറിൽ ലൊസാനിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ് ഉൾക്കൊണ്ട് ഐ.ഒ.എയുടെ ഭരണഘടന ഭേദഗതി ചെയ്ത ജസ്റ്റിസ് നാഗേശ്വര റാവുവിനെ അഭിനന്ദിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.

ഐ.ഒ.സി നിബന്ധനകൾ അനുസരിച്ചുള്ള അത്ലറ്റ് കമ്മീഷൻ രൂപീകരണം, കായികതാരങ്ങൾക്ക് ഭരണപരമായ ചുമതലകൾ വഹിക്കാനുള്ള അവസരമൊരുക്കൽ, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകൾ ഏൽപ്പിക്കൽ, ദൈനംദിന പ്രവർത്തനങ്ങൾ പ്രൊഫഷനലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്തൽ, നേതൃത്വപരമായ പദിവകളിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന് പുതിയ തുടക്കം നൽകുന്ന തീരുമാനങ്ങളാണെന്നും ബിന്ദ്ര പറഞ്ഞു.