- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് പേർ ഓടേണ്ട ട്രാക്കിൽ ഓടുന്നത് 32 പേർ വരെ; മുന്നിലെത്താനുള്ള ശ്രമത്തിൽ മത്സരാർത്ഥികൾ വീണു പരിക്കേൽക്കുന്നതും പതിവ് പരിപാടി; റെവന്യൂ ജില്ലാ സ്‌കൂൾ കായിമേളയുടെ നടത്തിപ്പ് തീർത്തും അൺ പ്രൊഫഷണലായി; കുട്ടികളുടെ ബാഹുല്യവും ഗ്രൗണ്ടിലെ സമയപരിമിതിയും ചൂണ്ടിക്കാട്ടി ന്യായീകരണങ്ങളുമായി അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി സ്‌കൂൾ കായികമേളകൾ നടന്നു വരികയാണ്. കായിക രംഗത്ത് അഗ്രഗണ്യരെന്ന് അവകാശപ്പെടുമ്പോഴും അടുത്തകാലത്തായി രാജ്യാന്തര തലത്തിൽ കായികതാരങ്ങളെ സമ്മാനിക്കുന്നതിൽ മുന്നിലായിരുന്ന കേരളം ഇന്ന് ഇക്കാര്യത്തിൽ പിന്നിലേക്ക് പോകുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നിലാണെങ്കിലും കായികമേളാ നടത്തിപ്പിന്റെയും പരിശീലനത്തിന്റെയും കാര്യത്തിൽ കേരളം പിന്നിൽ പോകുകയാണോ എന്ന സംശയവും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
പലപ്പോഴും മത്സരങ്ങൾ വേഗത്തിൽ തീർക്കാനുള്ള വ്യഗ്രഥ കൊണ്ട് തീർത്തും അൺ പ്രൊഫഷണലായ രീതിയിലാണ് മേളകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മേളയിലും ഇത്തരം പിഴവുകൾ പ്രകടമാണ്. എട്ട് പേർ ഓടേണ്ട ട്രാക്കിൽ 20 ഉം 30 കുട്ടികൾക്കാണ് ഓടേണ്ടി വന്നത്. ഇത്തരം സംഭവങ്ങൾ പലയിടത്തും ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും മികവു പ്രകടിപ്പിക്കുന്ന താരങ്ങൾക്ക് മുന്നിലെത്താനുള്ള അവസരം നിഷേധിക്കലാണ് താനും.
തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ കായിമേളയിലും സമാനമായ സംഭവമുണ്ട്. എട്ടുപേർ ഓടേണ്ട ട്രാക്കിൽ ഇവിടെ 32 പേരെ വരെയാണ് ഓടിച്ചത്. സംഭവത്തിൽ മത്സരിക്കുന്നതിനിടെ വീണ് ചില കൂട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ഇനത്തിൽ മത്സരിച്ച ബീനമോളുടെ മകൻ അശ്വിൻ വി. ജോർജിനും മത്സരത്തിനിടെ വീണ് പരിക്കേറ്റിരുന്നു. വലതുകൈയിലെ വിരലുകൾക്ക് പരിക്കേറ്റ് മുന്ന് തുന്നലുകളിടേണ്ടിവന്നു. എന്നിട്ടും ചോരയൊലിക്കുന്ന കൈയുമായി അശ്വിന് അഞ്ചാമതായി ഫിനിഷ് ചെയ്യാനായി.
ക്രൈസ്റ്റ് നഗർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഇന്നലെ നടന്ന ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ പരിക്കേറ്റ കൈയുമായി പങ്കെടുത്ത അശ്വിൻ വെള്ളി മെഡൽ നേട്ടവുമായാണ് മടങ്ങിയത്. അതേസമയം സംഭവം കണ്ട ചില കൂട്ടികളുടെ രക്ഷിതാക്കൽ പ്രതികരിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരെ കുറ്റം പറഞ്ഞുമൊക്കെയാണ് അധികൃതർ തടിയെടുക്കുന്നത്. കുട്ടികളുടെ ബാഹുല്യവും ഗ്രൗണ്ടിലെ സമയപരിമിതിയും കാരണമാണ് ഇത്തരത്തിൽ മത്സരം നടത്തേണ്ടിവന്നതെന്നാണ് അധികൃതരുടെ വാദം.
കാര്യവട്ടം എൽ.എൻ.സി.പി ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ വൈകിട്ട് 4.30ന് മുമ്പ് പൂർത്തിയാക്കി ഗ്രൗണ്ട് ഇന്ത്യൻ താരങ്ങൾക്കും മറ്റുമായി പരിശീലനത്തിന് വിട്ടുനൽകേണ്ടതുണ്ട്. ഇതാണ് കൂടുതൽ കുട്ടികളെ ഓരോ ഇനങ്ങളിലും മത്സരിപ്പിക്കേണ്ടിവരുന്നതെന്ന് സംഘാടകർ വിശദീകരിക്കുന്നു. എന്നാൽ ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് കായികതാരങ്ങളെ ബാധിക്കുമെന്നാണ് ബീനാ മോളെ പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മത്സരം കൂടുതൽ പ്രൊഫഷണലായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യമാണ് അവരും ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ