മുംബൈ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ടീം പുറത്താകേണ്ടി വന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് കോച്ച് സാഞ്ചസ് നേരിടുന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയെ പുകുതിയിൽ അധികം സമയം പുറത്തിറക്കിയ നടപടിയാണ് വിമർശനത്തിന് ഇടയാക്കുന്നത്. ഇതോടെ മൊറോക്കോയോടേറ്റ തോൽവിയോടെ ക്രിസ്റ്റ്യാനോ എന്ന ലോകതാരം വെറും കൈയോടേ പോകേണ്ടിയും വന്നു. ഇതിനിടെ വിവിധ കോണുകളിൽ നിന്നും റൊണാൾഡോക്ക് പിന്തുണ പ്രവഹിക്കുന്നുണ്ട.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി വിരാട് കോലിയും രംഗത്തുവന്നു. റൊണാൾഡോ കായിക ലോകത്തിന് നൽകിയ സംഭാവനകളെ ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ലെന്ന് കോലി പറഞ്ഞു. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയ താരമാണെന്നും വിരാട് കോലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു

'കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് വേണ്ടിയും നിങ്ങൾ നൽകിയ സംഭാവനകളെ ഒരു ട്രോഫിക്കും ഒരു കിരീടത്തിനും എടുത്തുകളയാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും തോന്നുന്ന വികാരങ്ങളേക്കുറിച്ചും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു കിരീടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. ഏതൊരു കായികതാരത്തിനും പ്രചോദനമാകുക എന്നതാണ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും മൂർത്തീഭാവമാകുകയും ഓരോ തവണയും അതിഗംഭീരമായി കളിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന് ലഭിക്കുന്ന യഥാർത്ഥ അനുഗ്രഹം. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയവനാണ്', കോലി ഇന്റസ്റ്റഗ്രാമിൽ കുറിച്ചു.

ക്വാർട്ടറിൽ മൊറാക്കോയോട് തോറ്റ് പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ അദ്ദേഹത്തെ സെഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനത്തിനെതിരെയും വലിയ വിമർശനമുയർന്നിരുന്നു. ലോകഫുട്‌ബോളിലെ ഇതിഹാസതാരം അർഹിച്ച യാത്രയയപ്പല്ല അതെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള കോലിയുടെ പോസ്റ്റ്.

നേരത്തെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണോൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തിനെതിരെ ഇതിഹാസ താരം ലൂയി ഫിഗോയും രംഗത്തുവന്നിരുന്നു. ക്രിസ്റ്റ്യാനോയെ ബഞ്ചിൽ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ടീം മാനേജ്മെന്റിന് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഫിഗോയുടെ പ്രതികരണം.

'ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തി നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്സർലാൻഡിനെതിരെയുള്ള വിജയം മികച്ചതായിരുന്നു. എന്നാൽ അത് എല്ലാ കളിയിലും ചെയ്യാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിൽ കോച്ചിനും മാനേജ്മെന്റിനും ഉത്തരവാദിത്വമുണ്ട്' - അദ്ദേഹം പറഞ്ഞു. പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ. ക്ലബ് ഫുട്ബോളിൽ ബാഴ്സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ വമ്പന്മാർക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. രണ്ടായിരത്തിലെ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവുമാണ്.

മൊറോക്കോയ്ക്കെതിരെയുള്ള നിർണായ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ കളിച്ച അതേ ടീമിനെയാണ് സാന്റോസ് കളത്തിലിറക്കിയിരുന്നത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ റൂബൻ നെവസിന് പകരമായാണ് താരം മൈതാനത്തിറങ്ങിയത്. എന്നാൽ ലക്ഷ്യം കാണാനായില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പറങ്കിപ്പടയുടെ തോൽവി. കളിക്കു ശേഷം കരഞ്ഞാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.

ലോകകിരീടം നേടാനാകാതെയാണ് റൊണാൾഡോ ലോകകപ്പിൽനിന്ന് വിടവാങ്ങുന്നത്. മുപ്പത്തിയേഴുകാരനായ അദ്ദേഹം ഇനിയൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയുമില്ല. കളിക്കു ശേഷം ഏകനായാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ചില മൊറോക്കൻ കളിക്കാർ അദ്ദേഹത്തിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.