മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്‌സ്ഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിയൻ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത് സ്‌കോർ 7-6-6-2.

കിരീട നേട്ടത്തോടെ ഗ്രാൻസ്ലാം കരിയർ അവസാനിപ്പിക്കാമെന്ന സാനിയയുടെ മോഹമാണ് ഒരു വിജയം അകലെ തകർന്നുവീണത്. ഇത് തന്റെ അവസാന ഗ്രാൻസ്‌ലാം ആയിരിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗ്രാൻസ്ലാം ടെന്നിസിൽ 7ാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ മിർസ മെൽബണിലെത്തിയത്.

ആദ്യ സെറ്റിൽ തുടക്കത്തിലെ ബ്രേക്ക് ചെയ്യപ്പെട്ടിട്ടും ശക്തമായി തിരിച്ചടിച്ച സാനിയ സഖ്യം 2-2-ന് ഒപ്പമെത്തി. ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്യപ്പെട്ട് 0-2ന് പിന്നിലായിപ്പോയിട്ടും 3-2ന് മുന്നിലെത്താൻ സാനിയ-ബൊപ്പണ്ണ സഖ്യത്തിനായി. പിന്നീട് ആദ്യ സെറ്റിൽ 5-3ന് ലീഡെടുത്തതോടെ ഇന്ത്യൻ സഖ്യത്തിന് പ്രതീക്ഷയായി. എന്നാൽ ശക്തമായി തിരിച്ചുവന്ന ബ്രസീലിയൻ സഖ്യം സാനിയ-ബൊപ്പണ്ണ സഖ്യത്തെ ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പം പിടിച്ചു.

എന്നാൽ നിർണായക ഗെയിം സ്വന്തമാക്കി 6-5ന് ലീഡെടുത്തെങ്കിലും 6-6ന് ബ്രസീലിയൻ സഖ്യം ഒപ്പമെത്തി. ടൈ ബ്രേക്കറിൽ 0-3ന് പിന്നിലായശേഷം തന്റെ രണ്ട് സെർവും നിലനിർത്തി ബൊപ്പണ്ണ 2-3ലെത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഇന്ത്യൻ സഖ്യത്തിന് പിടിച്ചു നിൽക്കാനായില്ല. രണ്ടാം സെറ്റിൽ തുടക്കത്തിലെ 1-3ന് പിന്നിലായിപ്പോയ ഇന്ത്യൻ സഖ്യം പിന്നീട് 1-4ലേക്കും അവസാനം 2-6ലും എത്തി സെറ്റും കിരീടവും സ്വന്തമാക്കി.

അമ്മയായ ശേഷം 36-ാം വയസിൽ സാനിയയും 42കാരനായ രോഹൻ ബൊപ്പണ്ണയും മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം കാഴ്ചവച്ചത്. സാനിയ മിർസ ഗ്രാൻസ്ലാമിൽ നിന്ന് ഓസ്‌ട്രേലിയൻ ഓപ്പണോടെ വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം നടക്കുന്ന ദുബായ് ഓപ്പണായിരിക്കും സാനിയയുടെ അവസാന ടൂർണമെന്റ്. സാനിയ മിർസ ഡബിൾസിലും മിക്‌സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

മകന് മുന്നിൽ അമ്മയെന്ന നിലയിൽ ഗ്രാൻസ്ലാം ഫൈനൽ കളിക്കാൻ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്ന് സാനിയാ മിർസ മത്സര ശേഷം പറഞ്ഞു. ഞാൻ കരയുന്നുണ്ടെങ്കിൽ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. എന്റെ കുടുംബം ഇവിടെ എന്നോടൊപ്പമുണ്ട്. എന്റെ മകന് മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. 2005ൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചുകൊണ്ടാണ് എന്റെ കരിയർ തുടങ്ങിയത്. അന്ന് 18കാരിയായ ഞാൻ സെറീന വില്യംസിനെയാണ് നേരിട്ടത്. ഇത് പറഞ്ഞശേഷം വാക്കുകൾ മുറിഞ്ഞ് കണ്ണീർ തുടച്ച സാനിയയെ കരഘോഷത്തോടെയാണ് റോഡ്ലെവർ അരീനയിലെ കാണികൾ വരവേറ്റത്.

റോഡ്ലെവർ അരീന എന്റെ കരിയറിലെ വിശേഷപ്പെട്ട ഇടമാണ്. ആദ്യ തവണ കളിച്ചശേഷം നിരവധി തവണ എനിക്കിവിടെ വരാനും ഏതാനും ഫൈനലുകളിൽ കളിക്കാനുമായി. പ്രഫഷണൽ ടെന്നീസ് കരിയറിലെ എന്റെ അവസാന ഗ്രാൻസ്ലാം ഇതിലും നന്നായി എനിക്ക് അവസാനിപ്പിക്കാനാവില്ല. ടെന്നീസിൽ നിന്ന് വിടപറയും മുമ്പ് ഏതാനും ടൂർണമെന്റുകളിൽ കൂടി താൻ കളിക്കുമെന്നും സാനിയ പറഞ്ഞു.

സാനിയയുടെ മുൻ കിരീടനേട്ടങ്ങൾ 
2009: ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം

2012: ഫ്രഞ്ച് ഓപ്പൺ മിക്‌സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം

2014: യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം

015: വിമ്പിൾഡൻ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം

2015: യുഎസ് ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം

2016: ഓസ്‌ട്രേലിയൻ ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം