മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിലേക്കുള്ള തിരിച്ചുവരവിൽ രാജകീയ കിരീടവുമായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സെർബിയൻ താരം തകർത്തത്. സ്‌കോർ 3- 6, 6- 7(4- 7), 6- 7(5- 7). ജോക്കോവിച്ചിന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. കോവിഡ് വാക്സീൻ പ്രശ്നത്തിന്റെ പേരിൽ കഴിഞ്ഞ വർഷം നാട്ടിലേക്ക് തിരിച്ചയച്ച ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകർക്കുള്ള മറുപടികൂടിയായി ജോക്കോവിച്ചിന്റെ കിരീടനേട്ടം.

ഗ്രാൻഡ് സ്‌ലാം നേട്ടത്തിൽ 22ാം വിജയവുമായി ജോക്കോവിച്ച് സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിനൊപ്പമെത്തി. ഏഴ് വിംബിൾഡൺ കിരീടവും രണ്ടു വട്ടം ഫ്രഞ്ച് ഓപ്പണും ജോക്കോ വിജയിച്ചിട്ടുണ്ട്. യുഎസ് ഓപ്പണിൽ മൂന്നു തവണ ജേതാവായി.

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ജോക്കോവിച്ച് മടങ്ങിയെത്തി. ഈ വർഷം ജോക്കോവിച്ചിന്റെ തുടർച്ചയായ 12ാം വിജയം കൂടിയാണ് മെൽബണിൽ ഫൈനലിൽ താരം സ്വന്തമാക്കിയത്. ഇതോടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടത്തിനായി 24കാരനായ സിറ്റ്സിപാസ് ഇനിയും കാത്തിരിക്കണം.

ആദ്യം മുതൽ തന്നെ ആധിപത്യത്തോടെ കളിച്ച ജോക്കോവിച്ച്, ഗ്രീക്ക് താരത്തെ പിന്തള്ളി 3 -6നാണ് ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിൽ തിരിച്ചുവന്ന സിറ്റ്‌സിപാസ് മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം സെറ്റ് 6 - 6 എന്ന നിലയിലായതോടെ കളി ടൈ ബ്രേക്കറിലേക്കു നീണ്ടു. 7- 4നാണ് രണ്ടാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

മൂന്നാം സെറ്റും ടൈ ബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. 5- 7നായിരുന്നു ജോക്കോ മൂന്നാം സെറ്റ് വിജയിച്ചത്. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം പുറത്തെടുത്ത ശേഷം ഗ്രീക്ക് യുവതാരം തോൽവി സമ്മതിക്കുകയായിരുന്നു. തന്റെ പരിചയസമ്പത്ത് മുതലെടുത്ത് റാക്കറ്റേന്തിയ ജോക്കോവിച്ചിന് മുന്നിൽ ഗ്രീക്ക് താരത്തിന് പിടിച്ചുനിൽക്കാനായില്ല.

കോവിഡ് വാക്‌സീൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന് മത്സരിക്കാനായിരുന്നില്ല. മെൽബണിലെത്തിയ ജോക്കോയുടെ വീസ റദ്ദാക്കി ഓസ്‌ട്രേലിയൻ സർക്കാർ തിരിച്ചയയ്ക്കുകയായിരുന്നു. ഇത്തവണ അനുമതി നേടിയ ശേഷമാണ് ജോക്കോ ഓസ്‌ട്രേലിയയിലെത്തിയത്. കഴിഞ്ഞ വർഷത്തെ വിവാദങ്ങൾക്കുള്ള മറുപടി കൂടിയായി 35 വയസ്സുകാരൻ ജോക്കോവിച്ചിന്റെ കിരീടനേട്ടം.

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ വനിതാ വിഭാഗത്തിൽ ബെലാറൂസിന്റെ അരീന സബലെങ്ക കഴിഞ്ഞ ദിവസം ചാമ്പ്യനായിരുന്നു. വാശിയേറിയ ഫൈനലിൽ കസാഖ്സ്ഥാന്റെ താരം എലേന റിബകിനയെയാണ് സബലെങ്ക തോൽപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോർ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാൻസ്ലാം കിരീടം ആണിത്. വിംബിൾഡൺ ജേതാവായ റിബക്കിനയ്ക്കെതിരെ തുടർച്ചയായ നാലാം ജയമാണ് സബലെങ്ക നേടിയത്. അഞ്ചാം സീഡായ സബലെങ്ക പുതിയ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും.