- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ താരം; സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് മറികടന്ന് ജോക്കോവിച്ച്
പാരീസ്: ടെന്നീസിൽ ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിൽ മാത്രമല്ല, മറ്റ് റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടാണ് സെർബിയൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് മുന്നേറുന്നത്. ഇപ്പോൾ കരിയറിലെ മറ്റൊരു നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ജോക്കോ. ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പറിൽ തുടർന്ന ടെന്നീസ് താരമെന്ന റെക്കോർഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
കരിയറിൽ ഇതുവരെ 378-ആഴ്ചകളാണ് സെർബിയൻ താരം ലോക ഒന്നാം റാങ്കിൽ തുടർന്നത്. ജർമൻ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണ് ജോക്കോ മറികടന്നത്. സ്റ്റെഫി ഗ്രാഫ് 377 ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കൻ ഇതിഹാസങ്ങളായ മാർട്ടിന നവരത്ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം നമ്പറിൽ തുടർന്നത്.
310 ആഴ്ചകൾ ലോക ഒന്നാം നമ്പറിൽ തുടർന്ന സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ നേട്ടത്തെ 2021 മാർച്ചിലാണ് ജോക്കോ മറികടന്നത്. കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിക്കൊണ്ട് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷതാരമെന്ന റാഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്താനും ജോക്കോയ്ക്കായി.
ഇരുവർക്കും 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണുള്ളത്. പത്ത് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ജോക്കോവിച്ച് രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിൾഡൺ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്