ലണ്ടൻ: സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ. സെമിയിൽ ഇറ്റാലിയൻ താരം ജാന്നിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോയുടെ ഫൈനൽ പ്രവേശം. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്‌കോർ: 3-6,4-6,6-7(4 -7).

കാർലോസ് അൽക്കാരസ്-ഡാനിയേൽ മെദ്വദേവ് എന്നിവർ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയേയാണ് ജോക്കോ കലാശപ്പോരിൽ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.എട്ടാം വിംബിൾഡൺ കിരീടവും കരിയറിലെ 24-ാം ഗ്രാൻഡ്സ്ലാം കിരീടവും നേടാൻ ജോക്കോവിച്ച് ഇനി ഒരു വിജയത്തിന്റെ ദൂരം മാത്രം.

ആദ്യ സെറ്റിൽ തന്നെ ജാന്നിക് സിന്നറിനെതിരേ തകർപ്പൻ പ്രകടനമാണ് ജോക്കോ കാഴ്ചവെച്ചത്. സിന്നറിന്റെ സർവ്വ് ഭേദിച്ച് മുന്നേറിയ സെർബിയൻ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ജോക്കോവിച്ചിന്റെ മുന്നേറ്റം തന്നെയാണ് സെന്റർ കോർട്ടിൽ നിറഞ്ഞുനിന്നത്. 6-4 ന് രണ്ടാം സെറ്റ് ജോക്കോ നേടി.

എന്നാൽ മൂന്നാം സെറ്റിൽ ഇറ്റാലിയൻ താരം കടുത്ത വെല്ലുവിളി ഉയർത്തി. ജോക്കോയ്ക്കെതിരേ പോരാടിയ സിന്നർ സെറ്റ് 6-6 ലെത്തിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ടതോടെ മൂന്നാം സെറ്റ് ആവേശകരമായി. ടൈ ബ്രേക്കറിലും തുടക്കത്തിൽ സിന്നറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ ജോക്കോ പരിചയസമ്പത്തോടെ റാക്കറ്റേന്തിയതോടെ ഇറ്റാലിയൻ താരത്തിന് പിടിച്ചുനിൽക്കാനായില്ല. മൂന്നാം സെറ്റും മത്സരവും കലാശപ്പോരിലേക്കുള്ള ടിക്കറ്റും ജോക്കോ സ്വന്തമാക്കി.

24-ാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ടാണ് ജോക്കോ കലാശപ്പോരിനിറങ്ങുക. നേരത്തേ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന പുരുഷതാരമായി ജോക്കോ മാറിയിരുന്നു. ഒരു ഗ്രാൻഡ്സ്ലാം കൂടി നേടാനായാൽ ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഗ്ലാൻഡ്സ്ലാം നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പം ജോക്കോയ്ക്കെത്താനാകും.