- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡണിൽ പുതു ചരിത്രം കുറിച്ച് മർകേറ്റ വോൻഡ്രോസോവ; വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്ക് താരം; ഫൈനലിൽ ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്
ലണ്ടൻ: വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസിൽ പുതുചരിത്രം കുറിച്ച് ചെക്ക് റിപ്പബ്ലിക്ക് താരം മർകേറ്റ വോൻഡ്രോസോവയ്ക്ക് കിരീടം. ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് 6-4, 6-4 എന്ന സ്‌കോറിനാണ് വോൻഡ്രോസോവ തോൽപിച്ചത്. വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. സീഡ് ചെയ്യപ്പെടാത്ത താരമായെത്തിയാണ് വോൻഡ്രോസോവ വിംബിൾഡണിന്റെ പുൽകോർട്ടിലെ രാഞ്ജിയായി മടങ്ങുന്നത്.
ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായിരുന്നു 24കാരിയായ മർകേറ്റ വോൻഡ്രോസോവ. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ കളിച്ചതാണ് ഇതിന് മുൻപുള്ള നേട്ടം. അതേസമയം 28കാരിയായ ഓൻസ് ജാബ്യൂറും ചരിത്ര നേട്ടം കൊതിച്ചാണ് കലാശപ്പോരിന് ഇറങ്ങിയത്. ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയെന്ന നേട്ടം ഓൻസ് ജാബ്യൂറിന് സ്വന്തമാക്കാനായില്ല.
സീസണിൽ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ടുണീഷ്യൻ താരം കലാശപ്പോരിനെത്തിയത്. നിലവിലെ ചാമ്പ്യൻ എലേന റിബാക്കിന, രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ പെട്രാ ക്വിറ്റോവ, രണ്ടാം സീഡും ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ അറീന സബലെങ്ക തുടങ്ങിയവരെയെല്ലാം വീഴ്‌ത്തിയെത്തിയ ഓൻസ് ജാബ്യൂറിന് പക്ഷേ കലാശപ്പോരിൽ മർകേറ്റ വോൻഡ്രോസോവയുടെ പോരാട്ടം അതിജീവിക്കാനായില്ല.
ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ ചെറുത്തുനിൽക്കാനാവാതെ ഓൻസ് ജാബ്യൂർ കീഴടങ്ങിയത്. ഓപ്പൺ ഇറയിൽ വിമ്പിൾഡൻ കിരീടം ചൂടുന്ന ആദ്യ സീഡില്ലാ താരമാണ് വാന്ദ്രസോവ. സെമിയിൽ വാന്ദ്രസോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയും (6-3,6-3) ജാബർ ബെലാറൂസ് താരം അരീന സബലേങ്കയെയുമാണ് (6-7,6-4,6-3) തോൽപിച്ചത്.
വിംബിൾഡണിൽ കന്നി ഫൈനലിൽ തന്നെ കിരീടമുയർത്താൻ താരത്തിനായി. ചെക്ക് താരത്തിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2019-ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയോട് തോറ്റു.
അതേസമയം ആറാം സീഡ് ഒൻസ് ജാബിയൂറിന് തുടർച്ചയായ രണ്ടാം വിംബിൾഡൺ ഫൈനലിലും നിരാശയായി ഫലം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കസാഖ്‌സ്താന്റെ എലെന റിബാകിനയോടാണ് പരാജയപ്പെട്ടത്.
സ്പോർട്സ് ഡെസ്ക്