- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡൺ ഫൈനലിനിടെ റാക്കറ്റ് അടിച്ചുതകർത്തു; കിരീടം കൈവിട്ട ജോക്കോവിച്ചിന് വമ്പൻ പിഴ ചുമത്തി അധികൃതർ; ആറരലക്ഷത്തോളം രൂപ ഒടുക്കണം
ലണ്ടൻ: വിംബിൾഡണിൽ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാൻസ്ലാം നേട്ടവും മോഹിച്ച് ഫൈനലിൽ കളിക്കാനിറങ്ങി പരാജയപ്പെട്ട ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിന് കനത്ത തിരിച്ചടി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ജോക്കോവിച്ച് പുൽക്കോർട്ടിലെ മോശം പെരുമാറ്റത്തിന് കനത്ത പിഴ ചുമത്തി.
മത്സരത്തിനിടെ പിഴവുവരുത്തിയതിനെത്തുടർന്ന് ജോക്കോവിച്ച് ദേഷ്യം കൊണ്ട് സ്വന്തം റാക്കറ്റ് നെറ്റ് പോസ്റ്റിൽ അടിച്ചുതകർത്തിരുന്നു. ഇതിനെത്തുടർന്നാണ് സെർബിയൻ താരത്തിന് വമ്പൻ പിഴ അധികൃതർ ചുമത്തിയത്.
8000 അമേരിക്കൻ ഡോളറാണ് (ഏകദേശം ആറരലക്ഷം രൂപ) പിഴയായി നൽകേണ്ടത്. ടെന്നീസ് ചരിത്രത്തിൽ ഒരു താരം പിഴയായി ഒടുക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. ജോക്കോവിച്ച് ഇതിനുമുൻപും കോർട്ടിലെ ഇത്തരം പെരുമാറ്റത്തിനെത്തുടർന്ന് പിഴയടയ്ക്കേണ്ടി വന്നിട്ടുണ്ട്. അഞ്ചുസെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയം സമ്മതിച്ചത്.
സ്പാനിഷ് താരം കാർലോസ് അൽക്കറാസ് പുൽകോർട്ടിലെ ആദ്യ കിരീടത്തിൽ ചുംബിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കറാസിന്റെ നേട്ടം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പർ താരമായ അൽക്കറാസിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണും അൽക്കറാസിനായിരുന്നു.
വിംബിൾഡണിൽ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാൻസ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റിൽ താരം സൂചന നൽകുകയും ചെയ്തു. അൽക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ അൽക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാൽ നാലാം സെറ്റിൽ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യിൽ. മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തിൽ തന്നെ ജോക്കോവിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്യാൻ അൽക്കറാസിന് സാധിച്ചു. പിന്നീട് സമ്മർദ്ദത്തിന് അടിമപ്പെടാതെ അൽക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പൺ സെമിയിൽ സെർബിയൻ താരത്തിനോടേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടി അൽക്കറാസിന് സാധിച്ചു. മുപ്പത്തിയാറാം വയസ്സിൽ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജർ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കിൽ ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോർഡ് മറികടക്കാൻ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.
സ്പോർട്സ് ഡെസ്ക്