- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ചരിത്രനേട്ടവുമായി സുമിത് നാഗൽ; കസാഖിസ്താന്റെ ലോക ഇരുപത്തിയഞ്ചാം നമ്പർ താരത്തെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ; ഗ്രാൻഡ്സ്ലാമിൽ 36 വർഷത്തിന് ശേഷം സീഡഡ് താരത്തെ തോൽപ്പിക്കുന്ന ഇന്ത്യൻ താരം
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ കസാഖിസ്താന്റെ ലോക ഇരുപത്തിയഞ്ചാം നമ്പർ താരം അലക്സാണ്ടർ ബബ്ലികിനെ തകർത്ത് ഇന്ത്യയുടെ സുമിത് നാഗൽ. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 6-4, 6-2, 7-6 സ്കോറിനാണ് സുമിത്തിന്റെ അട്ടിമറി ജയം. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് കസഖ്സ്ഥാൻ താരം തോൽവി സമ്മതിച്ചത്.
ആദ്യ ആറു ഗെയിമുകളിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവിൽ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്. എന്നാൽ രണ്ടാം സെറ്റ് അനായാസം സുമിത് നേടി. ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്.
ലോക റാങ്കിങ്ങിൽ 137-ാം സ്ഥാനത്തുള്ള സുമിത്, ഇരുപത്തിയഞ്ചാം റാങ്കുകാരനെതിരെ ഒട്ടും പതറാതെയാണ് മത്സരിച്ചത്. ആദ്യ രണ്ട് സെറ്റുകളിൽ സുമിത്തിന്റെ ആധിപത്യം തന്നെയാണ് കാണാൻ കഴിഞ്ഞത്. എന്നാൽ മൂന്നാം സെറ്റിൽ ബബ്ലിക് തിരിച്ചുവന്നെങ്കിലും സുമിത്തിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
ഗ്രാൻഡ്സ്ലാം പുരുഷവിഭാഗം മത്സരത്തിൽ കഴിഞ്ഞ 36 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരിന്ത്യക്കാരൻ സീഡഡ് കളിക്കാരനെ തോൽപ്പിക്കുന്നത്. 1988 ഓസ്ട്രേലിയൻ ഓപ്പണിൽ മാറ്റ്സ് വിലാൻഡറിനെതിരേ രമേശ് കൃഷ്ണ നേടിയതാണ് ഇതിന് മുൻപ് ഇന്ത്യ നേടിയ വലിയ ജയം.
26-കാരനായ സുമിത് നാഗൽ ഇതാദ്യമായിട്ടല്ല വമ്പൻ താരത്തെ അട്ടിമറിക്കുന്നത്. 2020-ൽ യു.എസ്. ഓപ്പണിൽ ബ്രാഡ്ലി ക്ലാനെതിരെയും അട്ടിമറി ജയം നേടിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ സുമിത് നാഗൽ ഇതാദ്യമായാണ് രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്നത്. 2021-ൽ ലിത്വാനിയയുടെ റിക്കാർഡസ് ബെറാങ്കിസിനോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് സുമിത്. റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഒരാളോട് സുമിത് വിജയിക്കുന്നതും ഇതാദ്യമായാണ്.
പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരം ഇതുവരെ മൂന്നാം റൗണ്ട് വരെ മാത്രമാണ് എത്തിയിട്ടുള്ളത്. ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. 1983,1984,1987,1988,1989 എഡിഷനുകളിലായിരുന്നു രമേഷ് കൃഷ്ണൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയത്.
ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യൻ താരം വിജയ് അമൃത്രാജ് ആണ്. 1984 ഓസ്ട്രേലിയൻ ഓപ്പണിൽ അദ്ദേഹം രണ്ടാം റൗണ്ടിലെത്തിയിരുന്നു. 1997, 2000 വർഷങ്ങളിൽ ലിയാൻഡർ പേസും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 2013 ൽ സോംദേവ് ദേവ്വർമൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ കളിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്