- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ഡബിൾസിൽ ടെന്നീസ് റാങ്കിംഗിൽ പുതുചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; ഡബിൾസിൽ ലോക ഒന്നാം നമ്പർ ആകുന്ന ഏറ്റവും പ്രായം കൂടിയ താരം; ചരിത്രനേട്ടം 43ാം വയസിൽ; ഓസ്ട്രേലിയൻ ഓപ്പണിൽ സെമിയിൽ കടന്നതോടെ നേട്ടത്തിൽ ഇന്ത്യൻ താരം
മെൽബൺ: പുരുഷ ഡബിൾസ് ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ. 43-ാം വയസിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് രോഹൻ ബൊപ്പണ്ണയെ തേടി ഈ അപൂർവ്വ നേട്ടം. കരിയറിൽ ആദ്യമായാണ് ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.
മാത്യു എബ്ഡെനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിയിൽ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണയെ ഈ ചരിത്ര നേട്ടം കാത്തിരിക്കുന്നത്. ബുധനാഴ്ച നടന്ന ക്വാർട്ടറിൽ അർജന്റീനയുടെ മാക്സിമോ ഗോൺസാലസ് - ആന്ദ്രേസ് മോൾട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6- 4, 7-6(5) ബൊപ്പണ്ണ - എബ്ഡെൻ സഖ്യത്തിന്റെ സെമി പ്രവേശനം. ഈ ജയത്തോടെ നിലവിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബൊപ്പണ്ണ, അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.
റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറിൽ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നിൽ വഴിമാറും. 20 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ 17 ശ്രമങ്ങൾക്കൊടുവിലാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ കടക്കുന്നത്.
നേരത്തേ ഓപ്പൺ യുഗത്തിൽ ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വർഷത്തിനുള്ളിലാണ് താരത്തെ കാത്ത് പുതിയ റെക്കോഡ് എത്തുന്നത്. മാത്യു എബ്ഡെനൊപ്പം കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിലെത്തിയപ്പോഴാണ് ബൊപ്പണ്ണ ഈ നേട്ടം സ്വന്തമാക്കിയത്. ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്ക് ശേഷം ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യൻതാരം കൂടിയാണ് ബൊപ്പണ്ണ.
സെമിയും ഫൈനലും കടന്ന് ഓസ്ട്രലിയൻ ഓപ്പൺ വിജയിച്ചാൽ ബൊപ്പണ്ണയ്ക്ക് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം കിരീടം നേടാം. മുമ്പ് രണ്ട് തവണ ഗ്രാൻഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോയിരുന്നു.
ഓസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആറാം സീഡ് സഖ്യം മാക്സിമോ ഗോൺസാലസ്-ആന്ദ്രെ മൊൽത്തേനി എന്നിവരെ 6-4, 7-6 (5) എന്ന സ്കോറിന് തോൽപിച്ചാണ് രണ്ടാം സീഡ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ സീഡ് ചെയ്യപ്പെടാത്ത തോമസ് മഷാക്-സീസെൻ സാങ് സഖ്യമാണ് എതിരാളികൾ.
20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും.
സ്പോർട്സ് ഡെസ്ക്