മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നിലനിർത്തി ബെലാറൂസ് താരം അരീന സബലെങ്ക. ശനിയാഴ്ച നടന്ന ഫൈനലിൽ ചൈനയുടെ ക്വിൻ വെൻ ഷിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് അരീന സബലെങ്ക കീഴടക്കി. സ്‌കോർ 6 - 3, 6 - 2. ബെലാറൂസിയൻ താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം വിജയമാണിത്. കസഖ്സ്ഥാന്റെ എലേന റീബക്കീനയെ തോൽപിച്ചായിരുന്നു കഴിഞ്ഞ വർഷം സബലെങ്ക ആദ്യ കിരീടം നേടിയത്.

21-കാരിയായ ക്വിൻവെന്നിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2013-ൽ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.

ഒരു മണിക്കൂറും 16 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അനായാസമായിരുന്നു ചൈനീസ് താരത്തിനെതിരെ സബലെങ്കയുടെ വിജയം. സബലെങ്കയുടെ കുതിപ്പിനു മുന്നിൽ തിരിച്ചുവരാനുള്ള അവസരം പോലും ഷെങ്ങിനു ലഭിച്ചില്ല. സെമിയിൽ യുഎസിന്റെ കൊക്കോ ഗോഫിനെ കീഴടക്കിയായിരുന്നു സബലെങ്ക ഫൈനൽ ഉറപ്പിച്ചത്.

കഴിഞ്ഞ വർഷം കാസാഖ്സ്താന്റെ എലെന റൈബാക്കിനയായിരുന്നു സബലെങ്കയുടെ ഫൈനലിലെ എതിരാളി. അന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് റൈബാക്കിന് അടിയറവ് പറഞ്ഞത്. പക്ഷേ ഇത്തവണ സബലെങ്കയ്ക്ക് കാര്യങ്ങൾ എളുപ്പമായി.

യുക്രെയ്‌ന്റെ ഡയാന യാത്രെമെസ്‌ക്കയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഷെങ് ഫൈനലിൽ പ്രവേശിച്ചത്. വിക്ടോറിയ അസരങ്കയ്ക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നിലനിർത്തുന്ന ആദ്യ താരമാണ് സബലെങ്ക. 2012,2013 വർഷങ്ങളിലാണ് അസരങ്ക കിരീടം നിലനിർത്തിയത്.