- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം ചൂടി രോഹൻ ബൊപ്പണ്ണ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ പുതുചരിത്രം കുറിച്ച് പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ 7(7) - 6, 7 - 5.
ടെന്നീസിലെ ലോകറെക്കോഡും പത്മശ്രീ നേട്ടവും പേരിൽ കുറിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ താരം ഓസ്ട്രേലിയൻ ഓപ്പണിൽ ഡബിൾസ് കിരീടം സ്വന്തമാക്കുന്നത്. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ.
രണ്ടു സെറ്റിലും കടുത്ത പോരാട്ടമാണ് ഇറ്റാലിയൻ സഖ്യത്തിൽ നിന്ന് രോഹൻ ബൊപ്പണ്ണ - മാത്യു എബ്ദെൻ സഖ്യത്തിന് നേരിടേണ്ടിവന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ബൊപ്പണ്ണ - എബ്ദെൻ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലും സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത്.
ആദ്യ സെർവ് മുതൽ ആക്രമിച്ചു കളിച്ചത് ഇറ്റാലിയൻ സഖ്യമാണ്. തുടക്കത്തിൽ ലീഡെടുത്ത സിമോൺ ബോറെല്ലി ആന്ദ്രേ വാവസോറി സഖ്യത്തെ നേരിട്ട് സാവധാനമാണ് ബൊപ്പണ്ണയും എബ്ദനും കളി പിടിച്ചത്.
ടൈ ബ്രേക്കർ വരെ നീണ്ട ആദ്യ സെറ്റ് കൈവിട്ടതോടെ രണ്ടാം സെറ്റിൽ തിരിച്ചുവരാനായി ഇറ്റാലിയൻ സഖ്യം പൊരുതി നോക്കി. പക്ഷേ മത്സരം ഒടുവിൽ ഇന്ത്യ - ഓസ്ട്രേലിയ സഖ്യത്തിന് അനുകൂലമാകുകയായിരുന്നു. ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്ലാം വിജയിയാണ് രോഹൻ ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.
2017ൽ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിലാണ് രോഹൻ ബൊപ്പണ്ണ ആദ്യ ഗ്രാൻഡ് സ്ലാം വിജയിക്കുന്നത്. മിക്സഡ് ഡബിൾസിൽ കനേഡിയൻ പങ്കാളി ഗബ്രിയേല ഡബ്രോവ്സ്കിയുമായിച്ചേർന്നാണ് രോഹന്റെ ആദ്യ വിജയം. 2- 6, 6- 2,12- 10 സ്കോറിന് ജർമനിയുടെ അന്ന ലീന കൊളംബിയയുടെ റോബർട്ട് ഫാറ സഖ്യത്തെ രോഹനും സംഘവും തോൽപ്പിച്ചു.
നേരത്തേ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സെമിയിൽ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.
റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറിൽ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നിൽ വഴിമാറും.