- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് യാനിക് സിന്നർ
മെൽബൺ: രണ്ട് സെറ്റുകൾക്ക് പിന്നിട്ടുനിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ. കടുത്ത പോരാട്ടത്തിനൊടുക്കം റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് 22 വയസ്സുകാരനായ സിന്നർ ജേതാവായത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെൽബൺ റോഡ് ലേവർ അരീന സാക്ഷ്യം വഹിച്ചത്. ഒടുക്കം അഞ്ചാം സെറ്റും സ്വന്തമാക്കിയ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാമും നേടി. സ്കോർ; 3-6,3-6,6-4,6-4, 6-3
ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ സിന്നർ മൂന്നും നാലും സെറ്റുകൾ ജയിച്ചു വാശിയോടെ മത്സരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. മത്സരത്തിലെ വിജയിയെ തീരുമാനിക്കുന്നതിനുള്ള അവസാന സെറ്റിൽ 6 - 3നായിരുന്നു സിന്നറുടെ വിജയം. ആദ്യമായാണ് സിന്നർ ഒരു ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലെത്തുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഗ്രാൻഡ്സ്ലാം വിജയിക്കുകയും ചെയ്തു. സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സിന്നറുടെ ഫൈനൽ പ്രവേശം.
മെൽബണിലെ കലാശപ്പോരിൽ ആദ്യ സെറ്റുകളിൽ തന്നെ മെദ്വദേവ് മികച്ച പോരാട്ടം കാഴ്ചവെച്ചു. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ മെദ്വദേവ് രണ്ടാം സെറ്റിലും അതേ പ്രകടനം തുടർന്നു. രണ്ടാം സെറ്റും 6-3 ന് സ്വന്തമാക്കി. മെദ്വദേവ് അനായാസം കിരീടം നേടുമെന്ന് തോന്നിച്ചെങ്കിലും സിന്നർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പിന്നീടുള്ള സെറ്റുകളിൽ സിന്നർ മികവോടെ റാക്കറ്റേന്തി.
മൂന്നാം സെറ്റിൽ മെദ്വദേവിന്റെ സർവ് ഭേദിച്ച് മുന്നേറിയ താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. 6-4 എന്ന സ്കോറിനാണ് സെറ്റ് നേടിയത്. നാലാം സെറ്റും ഇറ്റാലിയൻ താരം വിട്ടുകൊടുത്തില്ല. 6-4 ന് തന്നെ സെറ്റ് സ്വന്തമാക്കി. അതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. തോൽവിയുടെ വക്കിൽ നിന്ന് അതിശക്തമായി തിരിച്ചുവന്ന സിന്നർ പോരാട്ടം തുടർന്നതോടെ മെദ്വദേവിന മറുപടിയുണ്ടായില്ല. 6-3 ന് അഞ്ചാം സെറ്റും കന്നി ഗ്രാൻഡ്സ്ലാം കിരീടവും സിന്നർ സ്വന്തമാക്കി.
25ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ സെമിയിൽ 1 - 6, 2- 6, 7- 6, 3- 6 എന്ന സ്കോറിനാണ് സിന്നർ തളച്ചത്. ആദ്യ രണ്ടു സെറ്റുകളും സിന്നർ അനായാസം നേടിയെങ്കിലും മൂന്നാം സെറ്റിൽ ജോക്കോ തിരിച്ചടിച്ചു. എന്നാൽ നാലാം സെറ്റിൽ ജോക്കോയെ നിലയുറപ്പിക്കാൻ അനുവദിക്കാതെ സിന്നർ ജയിച്ചുകയറുകയായിരുന്നു.