ലണ്ടൻ: ടെന്നീസിനോട് വിടപറഞ്ഞ ഇതിഹാസ താരം റോജർ ഫെഡറർ ഏറ്റവും പ്രിയപ്പെട്ട സെന്റർ കോർട്ടിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തുകയാണ്. പുൽത്തകിടിയിൽ ഇന്ദ്രജാലങ്ങൾ തീർത്ത മഹാമാന്ത്രികൻ. വിബിംൾഡൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരവുമാണ് സ്വിസ് ഇതിഹാസം.

ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫെഡറർ വിംബിൾഡണിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പുതിയ വാർത്ത. എന്നാൽ ആരാധകരെ വിസ്മയിപ്പിച്ച കളിക്കാരനായല്ല. മറ്റൊരു റോളിലാണ് ഫെഡററെ കാണാനാവുക.

എട്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ വിംബിൾഡണിൽ നിന്ന് മാത്രം ഫെഡറർ സ്വന്തമാക്കിയിട്ടുണ്ട്. സെന്റർ കോർട്ടിന്റെ നൂറാം വാർഷികത്തോട അനുബന്ധിച്ച് ഇതിഹാസ താരങ്ങളെ ആദരിച്ചപ്പോൾ ഏറ്റവും കയ്യടി നേടിയതും ഫെഡറർക്കാണ്. ഈ കരഘോഷം വ്യക്തമാക്കും ഫെഡററും വിംബിൾഡണും തമ്മിലുള്ള ബന്ധം. കഴിഞ്ഞ സെപ്റ്റംബറിൽ കളി മതിയാക്കിയ ഫെഡറർ ഒരിക്കൽ കൂടി വിംബിൾഡണിലേക്ക് മടങ്ങിയെത്തുകയാണ്.

റാക്കറ്റിന് പകരം കയ്യിൽ ഒരു മൈക്കാണുണ്ടാവുക. ബിബിസിക്ക് വേണ്ടി കളി പറയാൻ ഫെഡറർ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ പുരോഗമിക്കുകയാണ്. വാർത്ത വന്നതോടെ ഫെഡറർ ആരാധകർ സന്തോഷത്തിലാണ്. പ്രിയ താരത്തെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാനാവുമെന്നതിൽ. ഫെഡർ തന്റെ വിശേഷങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചേക്കുമെന്നതിൽ.

ഇക്കഴിഞ്ഞ ലേവർ കപ്പിലൂടെയാണ് ഫെഡറർ വിരമിച്ചത്. ടൂർണമെന്റിന് ശേഷം വിരമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഫെഡറർ നേരത്തെ അറിയിച്ചിരുന്നു. 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് കരിയറിൽ ഫെഡററുടെ നേട്ടം.

എട്ട് വിംബിൾഡൺ കൂടാതെ, ഓസ്‌ട്രേലിയൻ ഓപ്പണിൽ ആറ് തവണ കിരീടം ചൂടിയപ്പോൾ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയർത്തി. 2003 വിംബിൾഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടർച്ചയായി നാല് വർഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതാണ് അവസാനത്തെ ഗ്രാൻസ്ലാം കിരീടം.