- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാതൊരു അടിസ്ഥാനവുമില്ലാതെ കെഎൽഎഫ് നിർമൽ വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് പ്രചാരണം നടത്തിയ പ്രവാസികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് നിരീക്ഷിച്ച് കോടതി; മിൽമ പാൽ പിരിയുന്നുവെന്ന് കാട്ടാൻ നാരങ്ങാ ചേർത്ത വെള്ളത്തിലൊഴിച്ച് തിളപ്പിച്ചയാൾക്ക് എതിരെ കേസെടുത്തത് കഴിഞ്ഞ ദിവസം; ലൈക്കും ഷെയറും കിട്ടാൻ സോഷ്യൽ മീഡിയയിലൂടെ കമ്പനി ഉൽപന്നങ്ങൾക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്ക് കിട്ടുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളെ താറടിച്ചു കാണിക്കാൻ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജ പ്രചരണം നടത്തുന്നവർ ഒന്നൊന്നായി കുടുങ്ങുന്നു. കഴിഞ്ഞദിവസം മിൽമ പാലിന് എതിരെ വ്യാജ പ്രചരണം നടത്തിയ ആലപ്പുഴക്കാരന് എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ കെഎൽഎഫ് വെളിച്ചെണ്ണയിൽ മെഴുകുണ്ടെന്ന് പ്രചരണം നടത്തിയ പ്രവാസികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി. കെഎൽഎഫ് നിർമൽ വെളിച്ചെണ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയതിന് ഗൾഫിലുള്ള രണ്ട് മലയാളികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിരീക്ഷിച്ചത്. കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് എറണാകുളം ജില്ല ആലുവ ഇടയപ്പുറം ചാവർക്കാട് പെരുമ്പിള്ളി അൻസാരി സി. എ., തൃശൂർ ജില്ലയിലെ കുണ്ടലിയൂർ പടമാട്ടുമ്മൽ ഷിജു ചന്ദ്രബോസ് എന്നിവർക്കെതിരെ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൻ. ശേഷാദ്രിനാഥന്റെ നടപടി. സോഷ്യൽമീഡിയയിൽ ലൈക്കും ഷെയറും കിട്ടാൻ നിരവധി പേർ ഇത്തരത്തിൽ വീഡിയോകൾ നി
തിരുവനന്തപുരം: പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളെ താറടിച്ചു കാണിക്കാൻ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജ പ്രചരണം നടത്തുന്നവർ ഒന്നൊന്നായി കുടുങ്ങുന്നു. കഴിഞ്ഞദിവസം മിൽമ പാലിന് എതിരെ വ്യാജ പ്രചരണം നടത്തിയ ആലപ്പുഴക്കാരന് എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ കെഎൽഎഫ് വെളിച്ചെണ്ണയിൽ മെഴുകുണ്ടെന്ന് പ്രചരണം നടത്തിയ പ്രവാസികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി.
കെഎൽഎഫ് നിർമൽ വെളിച്ചെണ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയതിന് ഗൾഫിലുള്ള രണ്ട് മലയാളികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിരീക്ഷിച്ചത്. കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് എറണാകുളം ജില്ല ആലുവ ഇടയപ്പുറം ചാവർക്കാട് പെരുമ്പിള്ളി അൻസാരി സി. എ., തൃശൂർ ജില്ലയിലെ കുണ്ടലിയൂർ പടമാട്ടുമ്മൽ ഷിജു ചന്ദ്രബോസ് എന്നിവർക്കെതിരെ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൻ. ശേഷാദ്രിനാഥന്റെ നടപടി.
സോഷ്യൽമീഡിയയിൽ ലൈക്കും ഷെയറും കിട്ടാൻ നിരവധി പേർ ഇത്തരത്തിൽ വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത അടുത്തിടെ കൂടിവരികയാണ്. മിൽമ പാലിനെതിരെയും വെളിച്ചെണ്ണയിലെ മായത്തിന് എതിരെയും ഇത്തരത്തിൽ നടന്ന പ്രചരണം വ്യാപകമായിരുന്നു. ഇത്തരം വീഡിയോകൾ ലക്ഷക്കണക്കിന് ആൾക്കാരാണ് ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമായി ഷെയർ ചെയ്തത്.
എന്താണ് വാസ്തവമെന്ന് പോലും തിരക്കാതെയാണ് കാണുന്ന മാത്രയിൽ ഇത്തരത്തിൽ നൽകുന്ന വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നത് എന്നതിനാൽ പല ഫേസ്‌ബുക്ക് പേജുകളും ഇത് അതേപടി പകർത്തി നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെയെല്ലാം നടപടി ഉണ്ടായെക്കുമെന്ന സൂചനകളും പുറത്തുവരുന്നു.
ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് കർശനമായ പരിശോധനകൾ നിലവിലുള്ള രാജ്യമാണ് യുഎഇ. ഇവിടെ നിന്നു വാങ്ങിയ കെഎൽഫ് വെളിച്ചെണ്ണയിൽ പാരഫിൻ വാക്‌സ് കലർന്നിട്ടുണ്ടെന്ന വ്യാജവിഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 499, 500 വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ മാനനഷ്ടക്കേസിലാണ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. എതിർകക്ഷികളോട് ജനുവരി 16-ന് ഹാജരാകാനാണ് നിർദ്ദേശം.
ഇതിലും മോശമായ പ്രചരണമാണ് മിൽമ പാലിനെതിരെ കഴിഞ്ഞ ദിവസം നടന്നത്. നാരങ്ങാനീര് ചേർത്ത് തിളപ്പിക്കുന്ന വെള്ളത്തിൽ പാലൊഴിച്ച് പുതുതായി വാങ്ങിയ പാൽ പിരിയുന്നു എന്ന് പറഞ്ഞായിരുന്നു പ്രചരണം ഇതിനെതിരെ മിൽമ റീജ്യണൽ മാനേജർ പരാതി നൽകിയതോടെ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. വെളിച്ചെണ്ണയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ രണ്ട് പ്രവാസികളും ഇത്തരത്തിലാണ് കുടുങ്ങിയത്. വെളിച്ചെണ്ണയിൽ മെഴുകു ചേർത്തുവെന്ന പ്രചാരണമാണ് ഇവർ നടത്തിയത്.
ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെൽഷ്യസിൽ നിന്ന് താഴേയ്ക്കു പോകുമ്പോൾ ഈ ഫാറ്റി ആസിഡുകൾ കട്ട പിടിക്കാൻ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളങ്ങളായി (ഗ്രാന്യൂൾസ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് പ്രവാസികളായ രണ്ടുപേർ പാരഫിൻ വാക്‌സ് എന്നു കാണിച്ച് വ്യാജപ്രചാരണം നടത്തിയതെന്ന് കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു. ശുദ്ധമായ വെളിച്ചെണ്ണ നിർമ്മാതാക്കളെന്നു പേരു കേട്ട കെഎൽഎഫിന്റെ വിൽപ്പനയിൽ ഇക്കാരണത്താൽ ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
മിൽമയ്ക്ക് എതിരെ പ്രചരണം നടന്നതോടെ പാലിന്റെ വിൽപനയിൽ ഇടിവുണ്ടായോ എന്ന് സ്ഥാപനം വ്യക്തമാക്കിയില്ലെങ്കിലും ഇത്തരമൊരു പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിന് ശ്രമിച്ചയാൾക്ക് എതിരെ കേസ് നൽകുകയായിരുന്നു. പാലിൽ നാരങ്ങാനീര് ചേർത്ത് തിളപ്പിച്ചാണ് പലരും പനീർ ഉണ്ടാക്കാറ്. ഇതേ രീതിയിൽ പാൽ തിളപ്പിച്ച് കാണിച്ചായിരുന്നു വീഡിയോ. ഇത് കണ്ട പലരും മിൽമാ പാൽ കേടുവരുന്നു എന്നു കാട്ടി വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ കമന്റ് ബോക്‌സിൽ എത്തി പലരും ഈ പ്രചരണം തട്ടിപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാലും വ്യാജവീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
സമാനമായ രീതിയിലാണ് വെളിച്ചെണ്ണയിൽ മെഴുകെന്ന പ്രചരണവും കൊഴുത്തത്. കാലാവസ്ഥ തണുക്കുമ്പോൾ വെളിച്ചെണ്ണയും ക്രിസ്റ്റൽ രൂപത്തിലോ അർദ്ധ ഖര രൂപത്തിലോ മാറുന്നത് സാധാരണമാണ്. അൽപം ചൂടാവുമ്പോൾ ഇത് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. ഇതിനെയാണ് മെഴുകെന്ന് ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതേപോലെ സർക്കാർ സപ്‌ളൈകോ വഴി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിലും വ്യാജമെന്ന പ്രചരണം ഇടയ്ക്കിടെ നടക്കാറുണ്ട്. കമ്പനികൾ തമ്മിലുള്ള പോരിനിടെ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കാറുണ്ടെന്ന് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടവരും കച്ചവടക്കാരും പറയുന്നു.
പാക്കറ്റ് പാലിൽ മിൽമ തരുന്നത് എട്ടിന്റെ പണിയാണെന്ന രീതിയിൽ യുവാവ് ഷെയർ ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ചൂടാക്കാനായി പാത്രത്തിലെ വെള്ളത്തിലേക്ക് പാൽ പാക്കറ്റ് പൊട്ടിച്ചൊഴിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്. പാത്രത്തിലേക്കൊഴിക്കുന്ന പാൽ പിരിഞ്ഞ് പോവുന്ന വീഡിയോ ചിത്രീകരിച്ചാണ് പോസ്റ്റിട്ടത്. പുതുവർഷത്തലേന്ന് പോസ്റ്റുചെയ്യപ്പെട്ട വീഡിയോ പിന്നാലെ വൈറലായി. ആയിരകണക്കിനാളുകളും വാട്സ്ആപ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളിലുമില്ലാം ഇത് ഷെയർ ചെയ്യപ്പെട്ടു. ഷെയർ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ മിൽമ മാനേജർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ യാഥാർഥ്യ പുറത്തറിഞ്ഞതും വീഡിയോ പുറത്ത് വിട്ട യുവാവിന് പണി പാലും വെള്ളത്തിൽ കിട്ടിയതും.
ഫേസ്‌ബുക്കിൽ കൂടുതൽ ലൈക്കും ഷെയറും കമന്റുകളും ലഭിക്കുന്നതിന് വേണ്ടി പാൽ പിരിഞ്ഞ് പോകുന്നതിനായി പാത്രത്തിൽ ആദ്യമേ തന്നെ നാരങ്ങയുടെ നീര് ചേർത്തതായി യുവാവ് പൊലീസിനോട് സമ്മതിച്ചു. ആലപ്പുഴ ഹരിപ്പാട് കറുകത്തറ സ്വദേശി ശ്യാം മോഹനാണ് (24) സോഷ്യൽ മീഡിയയിൽ വൈറലാകാൻ വീഡിയോ പോസ്റ്റ് ചെയ്ത് കുടുങ്ങിയത്.