- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിനായി സ്പുഡ്നിക് വാക്സിന്റെ അനുമതി; കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് യോഗം ചേരും; വാക്സിന്റെ ഫലപ്രാപ്തി 91.6 ശതമാനമെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടത്തിന് ഏപ്രിൽ ഒന്നിന് തുടക്കമാകാനിരിക്കെ വിതരണത്തിനായി മൂന്നാമത്തെ കോവിഡ് വാക്സിൻ ഒരുങ്ങുന്നു.
റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ്പുഡ്നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സ്പുഡ്നിക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന വാക്സിൻ നിർമ്മാതാക്കാളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി.
വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാൽ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്സിനായി സ്പുഡ്നിക് മാറും. സ്പുഡ്നിക് വാക്സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങൾ വിദഗ്ധ സമിതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ നടപടിയെടുക്കാൻ ബുധനാഴ്ചയാണ് സർക്കാർ നിർദ്ദേശം നൽകിയത്. റഷ്യൻ നിർമ്മിത വാക്സിനായ സ്പുഡ്നിക് V റഷ്യ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്.
91.6 ശതമാനമാണ് നിലവിൽ സ്പുഡ്നിക് വാക്സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. അനുമതി ലഭ്യമായാൽ കോവാക്സിനും കോവിഷീൽഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്സിനാവും സ്പുഡ്നിക് .
ഒക്സ്ഫഡും സിറം ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിനും ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജനുവരി 16 നാണ് ഇന്ത്യയിൽ തുടക്കമായത്. ജനുവരി മൂന്നിനാണ് രണ്ട് വാക്സിനുകൾക്കും സർക്കാർ അനുമതി നൽകിയത്.
നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ വാക്സിൻ നൽകും. നിലവിൽ അറുപതു വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങൾ ഉള്ളവർക്കും വാക്സിൻ ന്ൽകിവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്