ഉംറ്റാറ്റാ: വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളിൽ അനിർവചനീയമായ പ്രവർത്തന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹൽവ്യക്തിത്വത്തിനുടമയായ സിസ്റ്റർ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു.
ഈരാറ്റുപേട്ടയിൽ ജനിച്ച്, അരുവിത്തുറ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ്  മഠത്തിൽ ചേർന്ന്, കർത്താവിന്റെ മണവാട്ടിയാവാൻ നന്നെ ചെറുപ്പത്തിലെ തീരുമാനമെടുത്ത സിസ്റ്റർ ലിയോബ അര നൂറ്റാണ്ടുകാലം കുരിശുകളും സഹനങ്ങളും ചോദിച്ചുവാങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മയെ മാതൃകയാക്കിയ മഹനീയമായ വ്യക്തിപ്രഭാവമാണ്.

പാലാ അൽഫോൻസാ കോളേജിൽ വൈസ് പ്രിൻസിപ്പൽ സ്ഥാനമലങ്കരിച്ചു പ്രവർത്തന നൈപുണ്യം നേടിയ ശേഷം തങ്ങളുടെ കോൺഗ്രിഗേഷന്റെ മറ്റു പ്രമുഖ മേഖലകളിലും സേവനനിരതയായ ലിയോബാമ്മ 2010-ൽ സൗത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റായിൽ പ്രവർത്തിക്കുന്ന കന്നീസ്സ ചിൽഡ്രൻസ് ഹോമിന്റെ സാരഥിയായി. അശരണരും അഗതികളും അവഗണിക്കപ്പെട്ടവരുമായ ഒരു പറ്റം കുഞ്ഞുങ്ങളെ, തന്റെ സ്വന്തം മക്കളായി പരിപാലിച്ചു പോരുകയാണ് ഇവിടെ.

ഇന്ന് വേദനകളിൽ നിന്ന് ഓടിയകലുകയും അത്ഭുതങ്ങൾക്കു വേണ്ടി ഓടിക്കൂടുകയും ചെയ്യുന്ന ലോകത്തെയാണ് നാം കാണുന്നത്. ആധുനിക സംസ്‌കാരത്തിന്റെ കുറവ് ശക്തിയുടെയോ അധികാരത്തിന്റെയോ ധനത്തിന്റെയോ അറിവിന്റെകയോ അല്ല,  പ്രത്യുത ആത്മീയ ഉണർവിന്റെ കുറവാണ്. ഉപ്പ് ഭക്ഷണത്തിന് രുചിപകരുന്നതുപോലെയും പ്രകാശം അന്ധകാരത്തെ അകറ്റുന്നതുപോലെയും ലിയോബാമ്മയുടെ കന്നീസ്സ അനാഥ ശിശുഭവനത്തിലെ പ്രവർത്തനം ഇവിടെ വസിക്കുന്ന മലയാളികൾക്കെന്നല്ല നാനാ ജാതി മതസ്ഥർക്കും  ഒരു മാതൃക തന്നെയാണ്. ഈ ഭവനത്തിൽ കഴിയുന്ന മക്കളോടൊത്തല്ലാതെ ഒരാഘോഷങ്ങൾക്കും  പോകാൻ കൂട്ടാക്കാതെ, നിശ്ശബ്ദ സ്‌നേഹത്തിന്റെയും  നിറകുടമായി എല്ലാവരുടെയും നന്മയ്ക്കായി പ്രാർത്ഥനനയോടെ ജീവിക്കുന്ന ലിയോബാമ്മ ഉംറ്റാറ്റാക്കാരുടെ അവലംബവും ആശ്രയവും അനുഗ്രഹവുമാണ്.
വേദനകളെ പരാതികളും വിലാപങ്ങളുമാക്കാതെ സ്‌തോത്രങ്ങളും പ്രാർത്ഥനകളുമാക്കാൻ പഠിപ്പിച്ച സാത്വികത്യാഗിയായ അൽഫോൻസാമ്മയുടെ സന്ന്യാസ കുടുംബത്തിൽ നിന്നുള്ള സിസ്റ്റർ ലിയോബയ്ക്ക്  ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കി പരിപാലിച്ചുകൊണ്ട് അനേക ജീവിതങ്ങൾക്ക്  താങ്ങായി തണലായി അനുഗ്രഹമായി തീരാൻ ഇടവരട്ടെ എന്ന് ഉംറ്റാറ്റാ നിവാസികൾ ആശംസിക്കുന്നു.

ലോക സമാധാന സന്ദേശവുമായി പ്രവർത്തിക്കുന്ന 'ദി വേൾഡ് പീസ് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിസ്റ്റർ ലിയോബാമ്മയ്ക്ക്  എല്ലാ ആശംസകളും അർപ്പിക്കുന്നതായി ദി വേൾഡ് പീസ് മിഷൻ അധ്യക്ഷൻ സണ്ണി സ്റ്റീഫൻ അറിയിച്ചു. ഉംറ്റാറ്റാ നിവാസികൾ തങ്ങളുടെ സ്വന്തം ലിയോബാമ്മയുടെ സന്യാസ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നു. 10നു ശനിയാഴ്‌ച്ച കന്നീസ്സ ഹൈസ്‌കൂൾ ഹാളിൽ വിശുദ്ധ ദിവ്യ ബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.