പത്താനപുരം: കൊല്ലം പത്താനപുരത്ത് കന്യാസ്ത്രീയെ തല്ലിക്കൊന്ന് കിണറ്റിൽ തള്ളിയതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. ഓർത്തഡോക്സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യു(55)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസൻ. ഇതു സംബന്ധിച്ച് മഠത്തിലുള്ളവർ നൽകിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ച് കൊലപാതക കാരണം കണ്ടെത്താനാണ് ശ്രമം. ഇതിനായി സിസിടിവി ദൃശ്യങ്ങളുടെ ശേഖരണവും നടന്നു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടത്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകൾ കണ്ട ജീവനക്കാർ കിണറ്റിൽ നോക്കിയപ്പോളാണ് കിണറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് ഇത് സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ സിസ്റ്റർ സൂസൻ വരാൻ തയ്യാറിയില്ലെന്നും പിന്നീട് പ്രാർത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കിണറ്റിന് ചുറ്റുമുള്ള സൂചനകൾ കൊലപാതകമെന്ന് ഉറപ്പിക്കാൻ കഴിയുന്നവയാണ്. അതിനിടെ കോൺവെന്റിലുള്ളവരോട് പുറത്ത് പോകരുതെന്നും പൊലീസ് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

മുടി മുറിച്ച നിലയിലാണ് സൂസന്റെ മൃതദേഹം കണ്ടെത്തിയത്. അഭയാ കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഏറെ കരുതലെടുക്കുന്നുണ്ട്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതും കൊലപാതകത്തിന്റെ സൂചനയാണ്. അടിച്ചു കൊന്ന ശേഷം ആരോ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാണ് ഇങ്ങനെ മൃതദേഹം കണ്ടെത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിന് ചുറ്റുമുള്ള രക്തക്കറയും സംഘർഷമുണ്ടായതിന്റെ സൂചനയാണ്. ഗൗരവത്തോടെയുള്ള തെളിവെടുപ്പാണ് നടക്കുന്നത്. കോൺവെന്റിൽ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിർദ്ദേശം നൽകിയിരിക്കുകായണിപ്പോൾ. എല്ലാവരേയും വിശദമായി പൊലീസ് ചോദ്യം ചെയ്യും. നിലവിൽ അന്തേവാസികൾ പറഞ്ഞ മൊഴിയൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാൾ കിണറ്റിൽ ചാടിയിട്ടും അറിഞ്ഞില്ലെന്ന് പറയുന്നതിലെ അസ്വാഭാവികതയും സംശയങ്ങൾ ഇട നൽകുന്നു. രക്തം കണ്ട സാഹചര്യത്തിൽ സിസ്റ്ററുടെ മുറിയിലും ബഹളം ഉണ്ടായെന്ന് അനുമാനിക്കുകയാണ് പൊലീസ്. മുറിയിലും രക്തക്കറയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അന്വേഷണവുമായി സഹകരിച്ചേ മതിയാകൂവെന്ന് ഓർത്തഡോക്‌സ് സഭാ നേതൃത്വത്തിനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സിസ്റ്റർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും പൊലീസും എടുത്തിട്ടുണ്ട്. പന്ത്രണ്ട് കൊല്ലമായി കന്യാസ്ത്രീ പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ താമസക്കാരിയാണ് അദ്ധ്യാപിക. കൊലപാതകത്തിന് പ്രേരണയാത് എന്തെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മോഷണ ശ്രമത്തിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കയുന്നില്ല. വിവാദങ്ങൾ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിർദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നൽകിയിട്ടുണ്ട്.

കുർബാന രഹസ്യം ചോർത്തിയുള്ള പീഡനം ഓർത്തഡോക്‌സ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ കൊലപാതകമെത്തുന്നത്. സഭാ തർക്കത്തിലെ കേസുകളിൽ ഓർത്തഡോക്‌സ് സഭയ്ക്ക് ഏറെ മുൻതുക്കം ലഭിച്ചിരുന്നു. പള്ളികളിൽ ഉടമസ്ഥാവകാശം ഉറപ്പിച്ച് മുന്നേറുന്നതിനിടെയാണ് സഭയുടെ ഉറക്കം കെടുത്താൻ കന്യാസ്ത്രീയുടെ കിണറ്റിലെ മരണവുമെത്തുന്നത്. സിസ്റ്റർ അഭയാ കേസുമായി ഏറെ സാമ്യമുള്ള സാഹചര്യമാണ് പ്രാഥമികമായി ഇവിടേയും ഉയർന്നു വരുന്നത്.