ജിദ്ദ: ഹജ്ജ് തീർത്ഥാടന വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇമിഗ്രേഷൻ. വിസാ കാലാവധി കഴിഞ്ഞവർ രാജ്യത്ത് ഏതെങ്കിലും ഭാഗത്ത് ജോലി ചെയ്യാൻ അനുവദിക്കപ്പെടുകയോ മക്ക, മദീന, ജിദ്ദ എന്നീ മേഖല വിട്ട് സഞ്ചരിക്കാനോ അനുവാദമുണ്ടായിരിക്കുന്നതല്ല എന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

ഹജ്ജ് തീർത്ഥാടന സേവകരായി പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഡയറക്ടറേറ്റ് നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു തീർത്ഥാടകനെ തിരിച്ചയയ്ക്കുന്നത് വൈകുന്ന സാഹചര്യത്തിൽ അത് മറച്ചു വയ്ക്കുന്നവർക്ക് പിഴ ശിക്ഷ നേരിടേണ്ടി വരും. ഇത്തരത്തിൽ ഒരു തീർത്ഥാടകന് 100,000 റിയാൽ എന്ന കണക്കിന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. ഇക്കാര്യത്തിൽ സുരക്ഷാ ഏജൻസികളുമായി സ്വദേശികളും നിവാസികളും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വിസാ കാലാവധി കഴിഞ്ഞവരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നവർക്കും ഇതിനായി സഹായങ്ങൾ ചെയ്തുകൊടുക്കുന്നവർക്കും ശിക്ഷ ഉണ്ടായിരിക്കും. ഹജ്ജ് തീർത്ഥാടന കാലയളവ് പൂർത്തിയായ സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഹജ്ജ് വിസയിൽ എത്തിയ ചിലർ രാജ്യത്ത് കൂടുതൽ നാൾ തങ്ങുന്ന സാഹചര്യം പതിവായി സംഭവിക്കുന്നതു കൊണ്ടാണ്. മറ്റു ചിലർക്കാകട്ടെ ഇതു സംബന്ധിച്ച നിയമവശങ്ങളെ കുറിച്ച് കൂടുതൽ അറിവും ഉണ്ടായിരിക്കില്ല.