തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്ക് മാർച്ചുമായി ബിജെപി. ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തനിക്കെതിരെ പോലും പൊലീസ് കേസെടുത്തെന്ന് പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സുഭീഷിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം അനുവദിച്ചെങ്കിൽ മാത്രമേ സുരേന്ദ്രനു പുറത്തിറങ്ങാനാകൂ.

ജാമ്യം തേടി കെ. സുരേന്ദ്രൻ ഇന്ന് പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കും. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിലാണ് സുരേന്ദ്രൻ ജാമ്യാപേക്ഷ നൽകുക. ഇതേ കേസിൽ റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.