കണ്ണൂർ: ഒരേസമയം നൂറു നഗരങ്ങളിൽ ദൈവദശകം ആലപിച്ച് ചരിത്രത്തിൽ ഇടംനേടി ശ്രീനാരായണ ഗുരു ജയന്തി ആഘോഷം.യുഎസ്, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങി 25 രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലും ഇന്ത്യയിൽ ഡൽഹിയും കൊൽക്കത്തയും മുംബൈയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും കേരളത്തിലെ 10 കേന്ദ്രങ്ങളിലുമാണ് ദൈവദശകം ആലപിച്ചത്.

യുഎസ്, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇക്വഡോർ, ശ്രീലങ്ക, മലേഷ്യ, സൗത്ത് ആഫ്രിക്ക, യുഎഇ, കുവൈത്ത്, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, ജയ്പുർ, ഭോപാൽ, മംഗളൂരു, ഛത്തീസ്‌ഗഡ്, അസം, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലും സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലും ദൈവദശകം ആലപിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ചൈനയിലെ മാൻഡരിൻ ഭാഷയിലേക്ക് മൊഴിമാറ്റിയ ദൈവദശകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വർഗീയ സ്പർധ കാട്ടുതീ പോലെ എരിയുന്ന സാഹചര്യത്തിൽ ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിനുള്ള പ്രസക്തി കൂടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരേ സമയം ലോകത്തിലെ 100 നഗരങ്ങളിൽ ദൈവദശകാലാപനം നടത്തുന്നതു ചരിത്രമാണ്. മഹത്തായ മതനിരപേക്ഷമായ പ്രാർത്ഥനയാണ് ദൈവദശകമെന്നും അദ്ദേഹം പറഞ്ഞു.

ദൈവദശകം കൂട്ടായ്മയുടെയും ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും നേതൃത്യത്തിൽ കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ദൈവദശകം 104 ലോകഭാഷകളിലേക്ക് മൊഴിമാറ്റി സമാഹരിച്ച ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

മാൻഡരിനു പുറമേ ഗ്രീക്ക്, ജർമൻ, ലാറ്റിൻ, പാലി, അരമായ, സ്വാഹിലി തുടങ്ങി 104 ഭാഷകളിലേക്ക് ദൈവദശകം മൊഴി മാറ്റിയിട്ടുണ്ട്. മലയാളത്തിനു പുറമേ പഞ്ചാബി, സിംഹള, അറബിക് ഭാഷകളിലും ആലാപനമുണ്ടായിരുന്നു.