ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലിൽ തലകുനിച്ച് നിൽക്കുകയാണ് തെലുങ്ക് സിനിമ. താരങ്ങൾക്കും ഗായകർക്കും സംവിധായകർക്കും എതിരെ വാളെടുത്ത ശ്രീ റെഡ്ഡി ഇത്തവണ യുവതാരവും നിർമ്മാതാവുമായ നാനിക്കെതിരെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നാനി നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെൺകുട്ടികൾ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിക്കുന്നു. സമൂഹമാധ്യത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

'നിങ്ങൾ യഥാർത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ തന്നെ സ്വാഭാവികമായി. എന്നാൽ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങൾ എപ്പോഴും പറയാറുള്ളത് ജീവിതത്തിൽ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാൽ അത് പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള വൈകാരികമായ അഭിനയം മാത്രമാണ്. നിങ്ങൾ ജനങ്ങളുടെ മുന്നിൽ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്.

രാം ചരണെയും മഹേഷ് ബാബുവിനെയും ജൂനിയർ എൻടിആറിനെയും നോക്കി പഠിക്കൂ. അവർക്ക് ആരോടും അസൂയ ഇല്ല. നിങ്ങൾക്ക് യുവസംവിധായകരോട് പോലും പുച്ഛമാണ്. ആരോടും വിനയം ഇല്ല.

നിങ്ങളാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടികൾ ഇപ്പോഴും കരയുകയാണ്. ഒന്നോർത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങൾ ശിക്ഷിക്കപ്പെടാൻ സമയം എടുക്കുമായിരിക്കും. എന്നാൽ നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും.' ശ്രീ റെഡ്ഢി പറഞ്ഞു. എന്നാൽ ആരോപണത്തിൽ നാനി പ്രതികരിച്ചിട്ടില്ല.

നേരത്തെ തെലുങ്ക് സിനിമാ ലോകത്തെ നിരവധി പേർക്കെതിരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചികുന്നു. . മുതിർന്ന നിർമ്മാതാവ് സുരേഷ് ബാബുവിന്റെ മകനും നടൻ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനൽ ചർച്ചയിൽ തുറന്നു പറഞ്ഞു. ഫിദ സംവിധായകൻ ശേഖർ കമ്മുല, അല്ലു അർജുൻ, ഗായകൻ ശ്രീറാം തുടങ്ങി നിരവധി പേർക്കെതിരെ ശ്രീ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.