മുംബൈ: ബാഹുബലിയിൽ നിന്ന് തന്നെ ഔഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയ സംവിധായകൻ രാജമൗലിക്കെതിരായ നീരസം പ്രകടിപ്പിച്ച് ബോളിവുഡ് നടി ശ്രീദേവി.പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ശ്രീദേവിയെ ഒഴിവാക്കാൻ കാരണമെന്ന സംവിധായകന്റെ പ്രസ്താവനയക്കെതിരെയാണ് ശ്രീദേവി ഇപ്പോൾ രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത്.

'സത്യം പറഞ്ഞാൽ ആ സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഈ ചോദ്യത്തിന് കുറേ നാളായി മറുപടി പറയാൻ കാത്തിരിക്കുകയായിരുന്നു. ബാഹുബലി ഉപേക്ഷിക്കാൻ എനിക്ക് എന്റേതായ കാര്യമുണ്ട് അത് വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. സിനിമയുടെ രണ്ടു ഭാഗവും പുറത്തു വന്ന ശേഷമാണ് ഇത് ചർച്ചയാക്കിയത്. ഇതിനു മുൻപും ഞാൻ ഉപേക്ഷിച്ച നിരവധി ചിത്രങ്ങളുണ്ട് പക്ഷേ അവരൊന്നും ഇത് ചർച്ചയാക്കി നടന്നില്ല' ശ്രീദേവി പറയുന്നു.

ബാഹുബലി ഇന്ത്യൻ സിനിമയിൽ ചരിത്രം തീർക്കുന്ന വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വേഷമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവഗാമി എന്ന കഥാപാത്രം.തന്മയത്വത്തോടെയും ഭാവതീവ്രതയോടെയും രമ്യ കൃഷ്ണൻ അവതരിപ്പിച്ച് വിസ്മയം സൃഷ്ടിച്ച ആ കഥാപാത്രം രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വേളയിലാണ് ശിവഗാമി എന്ന കഥാപാത്രത്തിനായി താൻ ആദ്യം സമീപിച്ചത് ബോളിവുഡ് നടി ശ്രീദേവിയെയായിരുന്നു എന്ന കാര്യം രാജമൗലി വെളിപ്പെടുത്തുന്നത്.

എന്നാൽ ഉയർന്ന പ്രതിഫലമായിരുന്നു ശ്രീദേവി ചോദിച്ചത്.ചിത്രത്തിന്റെ മൊത്തം ബജറ്റുമായി ചേരില്ല എന്നുള്ളതിനാൽ ശ്രീദേവിയെ ഒഴിവാക്കുകയായിരുന്നു എന്നാണ് രാജമൗലി അറിയിച്ചത്.രാജമൗലിയുടെ ഈ വെളിപ്പെടുത്തലിന് ശേഷം ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ശ്രീദേവിക്ക് നേരിടേണ്ടി വന്നത്.എന്നാൽ ചോദ്യങ്ങളിൽ നിന്നെല്ലാം ഇത്രയുംകാലം ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്ന ശ്രീദേവി പക്ഷേ ഇപ്പോൾ രാജമൗലിക്കെതിരെ അൽപം ദേഷ്യത്തോടെ തന്നെ പ്രതികരിച്ചിരിക്കുകയാണ്

'രാജമൗലിയുടെ ഈ സമീപനവും വളരെ മോശമായിപ്പോയി. അദ്ദേഹത്തിന്റേത് അൺപ്രൊഫഷണൽ സമീപനമാണ്. തന്റെ വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യാൻ പാടില്ലായിരുന്നു' തന്റെ അതൃപ്തി മറച്ചു വയ്ക്കാതെ തന്നെ ശ്രീദേവി പറയുന്നു.