ദുബായ്: നടി ശ്രീദേവിയുടെ മരണത്തിൽ പഴുതടച്ചുള്ള അന്വേഷണവുമായു ദുബായ് പൊലീസ്. ഫേസ്‌ബുക്കിലെ ഔദ്യോഗിക പേജിലൂടെ അന്വേഷണ പുരോഗതിയും അവർ പുറത്തുവിടുന്നുണ്ട്. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്തും രാജ്യസഭാംഗവുമായ അമർ സിങ് രംഗത്തെത്തി. ശ്രീദേവി ഒരിക്കലും മദ്യം ഉപയോഗിച്ചിരുന്നില്ലെന്ന അമർ സിങ്ങിന്റെ വെളിപ്പെടുത്തൽ വഴിത്തിരിവായി. ഈ സാഹചര്യത്തിൽ മരണത്തിന്റെ എല്ലാ വശവും പൊലീസ് അന്വേഷിക്കും. ഇക്കാര്യം ഇന്ത്യൻ എംബസിയേയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളും വൈകും. വീണ്ടും ശ്രീദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നും സൂചനയുണ്ട്.

അതിനിടെ ശ്രീദേവിയുടെ മൃതദേഹം ഇന്ന് എംമ്പാം ചെയ്യില്ലെന്നാണ് സൂചന. നാളെ ഉച്ചയോടെ സോനാപൂരിൽ വച്ച് എമ്പാം ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലുള്ള ഫോറൻസിക് ഡിപ്പാർട്മെന്റിന്റെ മോർച്ചറിയിലാണ് ശ്രീദേവിയുടെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. മരണത്തിൽ വ്യക്തത വരാത്തതിനാലാണ് നടപടി ക്രമങ്ങൾ പൂർത്തിയാകാൻ വൈകുന്നത്. ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെനന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ ഇതിനെ പാടേ തള്ളിയാണ് മരിച്ചത് ശ്വാസകോശത്തിൽ വെള്ളം കയറിയതിനാലാണെന്ന ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

ശ്രീദേവിയെ അവസാനം കണ്ട വ്യക്തി എന്ന നിലയ്ക്കാണ് ബോണി കപൂറിൽ നിന്നും മൊഴിയെടുത്തത്. ശ്രീദേവിയെ മരിച്ച നിലയിൽ കാണപ്പെട്ട ദുബായിലെ ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. പക്ഷേ പൊലീസ് മരണത്തിൽ കൊലപാതക സാധ്യത ഈ ഘട്ടത്തിൽ കാണുന്നില്ല. ബോധം പോയി ബാത്ത് ടബിൽ വീണു മരിച്ചതാണെന്ന് തന്നെയാണ് നിഗമനം. പക്ഷേ ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന ഫൊറൻസിക് റിപ്പോർട്ട് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം. അമർ സിങിന്റെ വെളിപ്പെടുത്തലുകളും തള്ളിക്കളയാൻ പൊലീസിന് കഴിയുന്നില്ല.

ശ്രീദേവിയെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ കണ്ട ഭർത്താവ് ബോണി കപൂർ ഡോക്ടർമാരെ ആരെയും വിളിക്കാതെ സുഹൃത്തിനെ വിളിച്ചതിലും ദുരൂഹതയുണ്ടെന്ന് അമർ സിങ് ആരോപിച്ചു കഴിഞ്ഞു. അതിനിടെ ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസൽ ഖൈമയിലെ ഹോട്ടലിലും അന്വേഷണം നടത്തുമെന്നാണ് ദുബായ് പൊലീസ് ഒടുവിൽ പോസ്റ്റ് ചെയ്തത്. റാസൽ ഖൈമയിലെ വാൾഡോർഫ് അസ്തോറിയ എന്ന ഹോട്ടലിലായിരുന്നു വിവാഹ ആഘോഷങ്ങൾ. അവിടെനിന്നു ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലേക്കു മടങ്ങിയെത്തിയ ശേഷമാണു മരിച്ചത്. രക്ത സാമ്പിളുകൾ ഒരുവട്ടം കൂടി പരിശോധിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വൈകാതെ തീരുമാനെമെടുക്കും. അങ്ങനെ അന്വേഷണം കൊണ്ടു പോവുകയാണ് പൊലീസിന്റെ ലക്ഷ്യം.

മരണത്തെക്കുറിച്ചു പിന്നീട് ആരോപണങ്ങൾ ഉയരുന്നതു തടയുകയാണു ലക്ഷ്യം. ആന്തരാവയവങ്ങളുടെ പരിശോധന പൂർത്തിയായതായി അവർ വ്യക്തമാക്കി. ഭർത്താവ് ബോണി കപൂറിനെ കൂടാതെ ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ശ്രീദേവിയെ മരിച്ചനിലയിൽ ആദ്യം കണ്ടത് ഹോട്ടൽ ജീവനക്കാരനാണെന്ന അഭ്യൂഹത്തെത്തുടർന്നാണു നടപടി. മിഡ് ഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബോണി കപൂർ സംശയത്തിന്റെ നിഴലിൽ അല്ലെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. എമിറേറ്റ്സ് ടവേഴ്സിൽ മടങ്ങിയെത്തിയ ശേഷമുള്ള നടിയുടെ ഫോൺ കോളുകളും പരിശോധിക്കാനൊരുങ്ങുകയാണു പൊലീസ്. ബോണി കപൂറിന്റെ ഫോൺ കോളുകളും പരിശോധിക്കും.

ശ്രീദേവി ഒരിക്കലും മദ്യം ഉപയോഗിച്ചിരുന്നില്ലെന്ന അമർ സിങ്ങിന്റെ വെളിപ്പെടുത്തലാണ് വഴിത്തിരിവായത്. ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന ഫൊറൻസിക് റിപ്പോർട്ട് ഇതോടെ പല ചോദ്യങ്ങൾ ഉയർത്തും. ശ്രീദേവിയെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ കണ്ട ഭർത്താവ് ബോണി കപൂർ ഡോക്ടർമാരെ ആരെയും വിളിക്കാതെ സുഹൃത്തിനെ വിളിച്ചതിലും ദുരൂഹതയുണ്ടെന്ന് അമർ സിങ് ആരോപിച്ചിരുന്നു.