ദുബായ്: ഇന്ത്യൻ സനിമയുടെ മുഖശ്രീയായിരുന്നു എൺപതുകളിൽ ശ്രീദേവി. ഗസ്റ്റ് അപ്പിയറൻസ് കൊണ്ട് പോലും ചിത്രത്തെ വിജയിപ്പിക്കുന്ന താരറാണി. ഈ നടിയുടെ മരണവും ചർച്ചയാവുകയാണ്. ദുബായിലെ ഹോട്ടലിലെ ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ഏറേയാണ്. അതുകൊണ്ട് തന്നെ ഉന്നത ഇടപടെൽ നടന്നിട്ടും ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾക്ക് കഴിയുന്നില്ല. ശ്രീദേവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ വെളിപ്പെടുത്തൽ. എന്നാൽ ഹോട്ടലിലെ ബാത്ത് റൂമിലെ ബാത്ത് ടബിലാണ് ശ്രീദേവി മരിച്ചതെന്ന തിരിച്ചറിവ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി. ഭർത്താവ് ബോണികപ്പൂർ സംശയ നിഴലിലും.

അതിനിടെ ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേയ്ക്ക് കൊണ്ടുപോകാുന്നതിൽ വ്യക്തത വന്നിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി പത്രം ലഭിക്കാത്തതാണ് മൃതദേഹം കൊണ്ടുപോകുന്നത് വൈകാൻ കാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു ശ്രീദേവിയുടെ മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് ലഭിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബിൽ മുങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നും ഇത് അപകടമായിരുന്നുവെന്നും റിപ്പോർടിൽ പറഞ്ഞു. ഇതോടെയാണ് നടിയുടെ മരണത്തിൽ ദുരൂഹത കൂടുന്നത്. ശ്രീദേവിയുടെ മരണത്തിൽ കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമല്ലാത്തതിനാൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുൻതൂക്കം നൽകുമ്പോഴും അസ്വാഭാവിക മരണത്തിൽ എല്ലാ സാധ്യതകളും അന്വേഷിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മതൃദേഹം വിട്ടുകിട്ടാൻ വൈകുന്നത്.

അസ്വാഭാവിക മരണത്തിനു മൂന്നു സാധ്യതകളാണുള്ളത്. അപകടം, ആത്മഹത്യ, കൊലപാതകം ഈ മൂന്ന് സാധ്യതകളും അന്വേഷണ സംഘം ആരായുന്നുണ്ട്. നടിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനാൽ മദ്യപിച്ച് ലക്കുകെട്ട് അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് അനുമാനിക്കേണ്ടത്. ശനിയാഴ്ച രാത്രി 11ന് എമിറേറ്റ്‌സ് ടവർ ഹോട്ടലിലായിരുന്നു ആയിരക്കണക്കിന് ആരാധകരെ ഞെട്ടിപ്പിച്ച മരണം നടന്നത്. ഒരാഴ്ച മുൻപ് റാസൽഖൈമയിൽ നടന്ന ചലച്ചിത്ര നടനായ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും ഭർത്താവ് ബോണികപൂർ, ഇളയമകൾ ഖുഷി എന്നിവരും ദുബായിലെത്തിയത്. വിവാഹ ശേഷം മറ്റുള്ളവരെല്ലാം മുംബൈയിലേയ്ക്ക് തിരിച്ചുപോയെങ്കിലും ശ്രീദേവിയും കുടുംബവും കുറച്ചുദിവസത്തേയ്ക്ക് കൂടി ദുബായിൽ തങ്ങുകയായിരുന്നു.

സംഭവ ദിവസം വൈകിട്ട് അഞ്ചിന് പുറത്ത് പാർട്ടിക്കുപോകാമെന്ന് ഭർത്താവ് ബോണി കപൂർ പറഞ്ഞതിനെ തുടർന്ന് ശ്രീദേവി കുളിമുറിയിൽ കയറി വാതിലടയ്ക്കുകയും 15 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിലിൽ മുട്ടുകയും ചെയ്തു. എന്നാൽ വാതിൽ അകത്ത് നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ബാത് ടബ്ബിൽ ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. പിന്നീട് മെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു. ഇതിൽ ബോണി കപ്പൂർ പറയുന്ന വിശദാംശങ്ങൾ പൊലീസിന് ഉൾക്കൊള്ളനായിട്ടില്ല.

സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്‌മോർട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച് രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാൻ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച് ബാത്ത്ടബിൽ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോർട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

ആദ്യം ഹൃദയാഘാതം.... പിന്നെ ബാത്ത് ടബ്

ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ മാധ്യമപ്രവർത്തകരെ അറിയിച്ചത്. എന്നാൽ, ഫൊറൻസിക് റിപോർട് വൈകിയതിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി സംശയമുയർന്നു. ഏതായാലും റിപ്പോർട്ട് വന്നതോടെ എല്ലാം കീഴ് മേൽ മറിഞ്ഞു. ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി 'മുങ്ങിമരണം' എന്നു റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. അപ്പോൾ ഒരു സംശയം പൊന്തിവരും, ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ? ഒരു വ്യക്തി 'മുങ്ങി'മരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ശ്വാസകോശത്തിൽ ഒരു ഗ്ലാസ് വെള്ളം കയറിയാൽ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കിൽ മരണസാധ്യത പിന്നെയുമേറും.

ബർദുബായ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് മരണ സർടിഫിക്കറ്റ് ബന്ധുക്കൾ കൈപ്പറ്റിയത്. തുടർന്ന് പാസ്‌പോർട്ട് റദ്ദാക്കുകയും മറ്റു നടപടികൾ ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടറുടെ അടുത്ത് സർടിഫിക്കറ്റ് എത്താൻ വൈകി. ഇതോടെ എല്ലാം അവതാളത്തിലായി. ഇന്ന് ഉച്ചയോടെ മാത്രമേ മൃതദേഹം മുംബൈക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നാണ് ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് അനുമതി പത്രം ലഭിക്കുക എങ്കിൽ സമയം പിന്നെയും നീളാൻ സാധ്യതയുണ്ട്. ഏതായാലും ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം മുംബൈയിലെത്തുമെന്ന് തന്നെയാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.

ബാത്ത് ടബിലെ മരണം

ഒരൽപം വെള്ളം പോലും ശ്വാസനാളത്തിൽ എത്തിയാൽ ശ്വാസതടസ്സത്തിനും തുടർന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളിൽ പോകണമെങ്കിൽ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂർണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം. ബോധരഹിതയായി ബാത്ത്ടബിൽ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതം തന്നെയാകാം, ഇതിനെത്തുടർന്ന് ബോധക്ഷയം സംഭവിക്കാം. അതുവഴി ആസ്പിരേഷനും. എന്നാൽ ശ്രീദേവിയുടെ കാര്യത്തിൽ ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നാണു ഫൊറൻസിക് റിപ്പോർട്ട്. ഹൃദയധമനികളിൽ തടസ്സം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും. ഇതാണ് ദുരൂഹത കൂട്ടുന്നത്.

അപസ്മാരം കാരണം ബോധം ഭാഗികമായോ പൂർണമായോ നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു വെള്ളം കയറാൻ സാധ്യതയുണ്ട്. പക്ഷെ ശ്രീദേവിക്ക് നേരത്തേ അപസ്മാരമുണ്ടായിരുന്നതായി റിപ്പോർട്ടുകളില്ല. നല്ലപോലെ മദ്യലഹരിയിലോ ഉറക്കഗുളികളോ മറ്റു പദാർഥങ്ങളുടെ ലഹരിയിലോ ബാത്ത്ടബിൽ വീണും മരണം സംഭവിക്കാം. ഒന്നുകിൽ ബോധം മുഴുവനായോ ഭാഗികമായോ പോകാം. ഇല്ലെങ്കിൽ ലഹരിയുടെ സമയത്തു മേൽപറഞ്ഞ ശ്വാസ/അന്നനാളങ്ങൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയ അത്ര പ്രവർത്തനക്ഷമം ആയിരിക്കില്ല. ഇതിനാൽ തന്നെ അമിതമായി മദ്യപിച്ചാൽ, ആ അവസ്ഥയിൽ വെള്ളം മൂക്കിലോ വായിലോ നിറയാനും അതു ശ്വാസകോശത്തിലേക്കു കയറാനും സാധ്യതയേറെയാണ്.

തലയ്ക്ക് അടിയേറ്റിട്ടുണ്ടെങ്കിൽ അക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കും. തലയ്ക്കു പിന്നിൽ ചതഞ്ഞ അടയാളമോ രക്തം കട്ടപിടിച്ച നിലയിലോ തലച്ചോറിലോ തന്നെ ലക്ഷണങ്ങൾ കാണപ്പെടും. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളുമുണ്ട്.

ഇനി വേണ്ടത് ഒരു ക്ലിയറൻസ് കൂടി

ദുബായ്ന്മ നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിൽ എത്തിക്കാനാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക ചൊവ്വാഴ്ച ഉച്ചയോടെ മാത്രം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും മുൻപ് ഒരു 'ക്ലിയറൻസ്' കൂടി പൂർത്തിയാക്കാനുണ്ടെന്നാണ് ദുബായ് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചത്. ദുബായ് സമയം ചൊവ്വാഴ്ച ഉച്ചയോടെ മാത്രമായിരിക്കും മൃതദേഹം എംബാമിങ് നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

ശ്രീദേവി അമിതമായി മദ്യപിക്കുന്ന ആളല്ല. മറ്റു പലരെയും പോലെ ആഘോഷ വേളകളിൽ കുറച്ച് വൈൻ കഴിക്കുന്ന ശീലമേയുള്ളൂവെന്നും അവരുടെ അടുത്ത സുഹൃത്ത് കൂടിയായ അമർസിങ് വ്യക്തമാക്കി. അബുദാബി അമീർ ഷെയ്ഖ് അൽ നഹ്യാനോടു സംസാരിച്ചു. മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റിപ്പോർട്ടുകളും പൂർത്തിയാക്കി വൈകാതെ തന്നെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനാകുമെന്ന് അദ്ദേഹം വാക്കു നൽകിയതായും അമർസിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഇതും സംശയങ്ങൾ ഇരട്ടിയാക്കുന്നു.

ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിരിക്കുകയാണ്. അപകട മരണമായതിനാലാണിത്. മൃതദേഹം വിട്ടുകിട്ടാൻ ഇനി പ്രോസിക്യൂട്ടറുടെ അനുമതി വേണം.