തിരുവനന്തപുരം: മലയാള ചലച്ചിത്ര ഷ്രേകർ എന്നും കണ്ണീരിൽ കുതിർന്ന ഓർമയായി കൊണ്ടുനടക്കുന്ന നടി മോനിഷയുടെ മരണത്തിനിടയാക്കിയ കാർ അപകടം ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടല്ലലെന്ന് അമ്മ ശ്രീദേവി ഉണ്ണിയുടെ വെളിപ്പെടുത്തൽ. എല്ലാവരും പറയുന്നപോലെ കാർ ഡിവൈഡറിൽ തട്ടിയിരുന്നില്ലെന്നും ശ്രീദേവി കൂട്ടിച്ചേർക്കുന്നു. മോഷിയുടെ മരണം നടന്ന് 24 വർഷങ്ങൾക്കുശേഷമാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി വെറും ആറു വർഷംകൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടിയെന്ന നിലയിലേയ്ക്ക് ഉയർന്ന മോനിഷ 1992 ഡിസംബർ അഞ്ചിന് ചേർത്തലയിൽ കാറപടത്തിൽ മരിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയി എന്നും കാർ ഡിവൈഡറിൽ കയറിയതു കൊണ്ടാണ് അപകടം ഉണ്ടായതെന്നുമായിരുന്നു എല്ലാവരും കരുതിരുന്നത്. എന്നാൽ അതെല്ലാം കഥകളാണെന്നാണ് ശ്രീദേവി ഉണ്ണി ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയത്.

ചെപ്പടിവിദ്യയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ ഗുരുവായൂരിൽ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നു. പ്രോഗ്രാമിനു വേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബ്ലാംഗ്ലൂരിൽ പോകുകയായിരുന്നു ഞങ്ങൾ. തിരുവനന്തപുരത്തു നിന്നു വിമാനം കയറേണ്ടവർക്കു കൊച്ചിയിലേയ്ക്കു പോകേണ്ടി വരികയായിരുന്നു. അപകടം ഉണ്ടാകുന്ന സമയത്തു മോനിഷ നല്ല ഉറക്കത്തിലാണ്. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കതു കൃത്യമായി പറയാൻ സാധിക്കും. ഞാനാണു സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. ഞാൻ മാത്രമേ ബാക്കിയുള്ളു.

ഡ്രൈവർ ഉറങ്ങിയെന്നു പറയാൻ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാർ ഡിവൈഡറിൽ തട്ടിയിട്ടില്ല. കാർ ഡിവൈഡറിൽ തട്ടി എന്നായിരുന്നു കഥ. എന്നാൽ ഒരു കെഎസ്ആർടിസി ബസിന്റെ ലൈറ്റ് ഞാൻ കണ്ടു. ഒരു ശബ്ദം കേൾക്കുമ്പോഴേയ്ക്കും ഇരിക്കുന്നവശത്തെ ഡോർ തുറന്നു ഞാൻ ദൂരേയ്ക്ക് തെറിച്ചുപോയിരുന്നു. ആക്‌സിഡന്റാണ് എന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കാറിനെ ബസ് കൊണ്ടുപോയിരുന്നു. കാറിന്റെ ഡിക്കി മാത്രമാണു കാണുന്നത്. ചോരയിൽ മുങ്ങി കിടക്കുകയാണു ഞാൻ. കാലുകളൊക്കെ തകർന്നു. ഒരു ഓട്ടോഡ്രൈവറാണ് 'ആരാ അമ്മേ നിങ്ങൾ' എന്ന് ചോദിച്ച് അടുത്തു വന്നത്.

മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നു പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്കു പരിക്ക്. ആശുപത്രിയിൽ കൊണ്ടുപോയി എങ്കിലും പ്രതീക്ഷ ഉണ്ടായില്ല. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണർന്നില്ല- ശ്രീദേവി ഉണ്ണി കൂട്ടിച്ചേർത്തു.