കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്‌ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. ബിജെപിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ാഹുൽ ഈശ്വറിന്റെ പ്രസ്താവനയേക്കുറിച്ച് അറിയില്ല. പലപ്പോഴും സംഘപരിവാറിനെതിരായ നിലപാട് സ്വീകരിച്ച ആളാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യം തനിക്കില്ലെന്നും നടപടിയെടുക്കേണ്ടത് സർക്കാരാണ്- പിള്ള വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ പരികർമ്മികൾ പ്രതിഷേധം നടത്തിയതിന്റെ പേരിൽ ദേവസ്വം ബോർഡ് അവർക്കെതിരെ നടപടിയെടുത്താൽ ഒരു ചുക്കും സംഭവിക്കില്ലെന്നും ബിജെപി അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും പിള്ള വാർത്താസമ്മേളവനത്തില് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീകൾക്കിടയിൽ ഹിത പരിശോധന നടത്തണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 99 ശതമാനം സ്ത്രീകളും ആചാരം സംരക്ഷിക്കണമെന്ന അഭിപ്രായക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തന്ത്രിമാരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ എകെജി സെന്റർ ശ്രമിക്കേണ്ടതില്ല. തന്ത്രിമാരാണ് ആചാരാനുഷ്ഠാനങ്ങളേക്കുറിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ ആചാരം ശാസ്ത്രീയമായ രീതിയിലാണെന്ന് ട്രാവൻകൂർ മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തന്ത്രിമാരെ വ്യഭിചാരികളുമായി താരതമ്യം ചെയ്തത് തെറ്റാണ്. തിരുവാഭരണം എ.കെ.ജി സെന്ററിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമമെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

കോടതിയലക്ഷ്യം എന്താണെന്ന് തനിക്ക് ബോധ്യമുണ്ട്. വിധിയെ വിമർശിക്കുന്നത് കോടതിയലക്ഷ്യമല്ല. തന്നെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയലക്ഷ്യം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളാണ്. അയ്യപ്പ വിശ്വാസികൾക്ക് വേണ്ടി സമരം ചെയ്യുന്നത് തെറ്റെങ്കിൽ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. എല്ലാ സ്ത്രീകളെയും കയറ്റണമെന്ന് പറഞ്ഞ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയവരാണ് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി വീട് കയറാൻ പോവുന്നത്. ഇത് ആടിനെ പട്ടിയാക്കലാണ്. കമ്യൂണിസ്റ്റ് ചതി തിരിച്ചറിയണം. ശബരിമലയിൽ വിശ്വാസികൾക്കെതിരെ നിരീശ്വര വാദികളെ ഉപയോഗിക്കുന്നു. മുഖ്യമന്ത്രി ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിച്ചു. ദേവസ്വം ബോർഡിനെ അടിച്ചൊതുക്കി. അതാണ് റിവ്യൂ ഹർജി കൊടുക്കുന്നതിൽ നിന്നും പിൻവാങ്ങാൻ കാരണം.

അടിയന്തരാവസ്ഥാകാലത്ത് സംഘപരിവാർ കൈക്കൊണ്ട നിലപാട് തന്നെയാണ് ശബരിമല വിഷയത്തിലും നടത്താനുദ്ദേശിക്കുന്നത്. ഗാന്ധിയൻ സമരരീതി സ്വീകരിക്കും. നിലക്കലിൽ പ്രശ്‌നമുണ്ടാക്കിയത് സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. പരികർമ്മികൾക്കെതിരെ നടപടിയെടുത്താൽ ഒന്നും സംഭവിക്കില്ല. കേസ് വന്നാൽ എല്ലാ പിന്തുണയും നൽകും. മലയരയന്മാർക്ക് എല്ലാ അധികാരങ്ങളുും തിരിച്ച് നൽകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

ഭക്തജനങ്ങളെ നിയന്ത്രിക്കുന്നത് ശബരിമലയെ തകർക്കാനാണ്. വിശ്വാസികൾക്ക് വേണ്ടി കൂടുതൽ ശക്തമായി ബിജെപി നിലനിൽക്കും. പൊലീസിന്റെ അതിക്രമങ്ങളിൽ എൻഡിഎയുടെ നേതൃത്വത്തിൽ ഒരു മാസത്തെ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു.