തിരുവനന്തപുരം: കോഴിക്കോട് യുവമോർച്ച യോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസംഗത്തിൽ വിലയിരുത്തുന്നത് യുവമോർച്ചയുടെയും ബിജെപിയുടെയും ദീർഘകാല-ഹ്രസ്വകാല തന്ത്രങ്ങൾ. യുവമോർച്ചയെ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് ശ്രീധരൻ പിള്ള പ്രസംഗം തുടങ്ങുന്നത്. പിന്നീടത് ശബരിമല സമരത്തിന്റെ വിലിയിരുത്തലിലേക്കും കടക്കുന്നു. 68-69 കാലത്ത് രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന മുൻകൈ ജനസംഘത്തിന് കിട്ടിയ സമയം അദ്ദേഹം അനുസ്മരിക്കുന്നു.

രാഷ്ട്രീയത്തിൽ അജണ്ട സെറ്റ് ചെയ്യാൻ സാധിക്കുന്നവരാണ് ദൂരക്കാഴ്ചയിൽ വിജയിക്കുക. 'നമ്മൾ ഒരുഅജണ്ട മുന്നോട്ട് വച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട്, രംഗം കാലിയാക്കുമ്പോൾ, അവസാനം അവേശഷിക്കുന്ന നമ്മളും നമ്മുടെ എതിരാളികളായ ഇവിടുത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണ് എന്ന് ഞാൻ കരുതുകയാണ്. അതുകൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു...ശബരിമലയിൽ മലയാളി മാസം ഒന്നാം തീയതി മുതൽ അഞ്ചുദിവസം, 17 മുതൽ 22 വരെയുള്ള സമരം ഏതാണ്ട് ബിജെപിയാണ് പ്ലാൻ ചെയ്ത് നടപ്പാക്കിയത്.' തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം ബിജെപിയിലാണെന്നും അദ്ദേഹം പറയുന്നു. തുടർന്നാണ് ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ എത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ച കാര്യവും അദ്ദേഹത്തിന് ആത്മവിശ്വാസം കൊടുത്തതും ശ്രീധരൻ പിള്ള പറയുന്നത്. പാർട്ടി എന്ന നിലയിൽ ബിജെപി ആവിഷ്‌കരിച്ച് നടപ്പാക്കേണ്ട തന്ത്രങ്ങളും അത് വിജയിപ്പിക്കാനുള്ള മാർഗ്ഗങ്ങളുമാണ് പ്രസംഗത്തിലുടനീളം പറയുന്നത്. എന്നാൽ, അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്ന ആരോപണത്തിൽ കഴമ്പില്ല. ശബരിമല പ്രശ്‌നം യുദ്ധത്തിനുള്ള വേദിയാക്കരുതെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറയുന്നത്. എന്നാൽ, ഇതൊരു സുവർണാവസരമാണ് അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. താൻ ഉദ്ദേശിച്ചത് ജനസേവനത്തിനുള്ള സുവർണാവസരമെന്നാണ് പിള്ളയുടെ വിശദീകരണം. എന്നാൽ ,ഫേസ്‌ബുക്ക് ലൈവിനെ രഹസ്യമെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്തത്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:

'കേരളത്തിലെ രാക്ഷസ ഭരണകൂടം യാതൊരു തത്വദീക്ഷയുമില്ലാതെ, 144 പ്രഖ്യാപിച്ചുകൊണ്ട്, ശബരിമലയിൽ ഭക്തജനങ്ങളുടെ യാത്ര തടയാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കണം..എങ്ങനെ പ്രതികരിക്കണം? ആയിരക്കണക്കിന് ആളുകളെ അങ്ങോട്ട് തള്ളിവിട്ട്, അക്രമുണ്ടാക്കാൻ കാത്തിരിക്കുന്ന ഭരണകൂടം, ആ അക്രമത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്കെതിരായ, പ്രചാരണ സന്നാഹം നടത്തുമ്പോൾ, അതിന് ഇന്ധനമാകേണ്ടവരല്ല നമ്മൾ എന്നതുകൊണ്ട്, എങ്ങനെ വേണമെന്ന കാര്യം ചിന്തിച്ചപ്പോൾ, നൂറാളെ കൂട്ടാം. ..അങ്ങോട്ട് പോകാം. അങ്ങോട്ട് കടത്തി വിടില്ല. ശബരിമലയിലേക്കോ പമ്പയിലേക്കോ പോകാൻ സാധിക്കില്ല. നൂറുപേരുടെ സന്നാഹം കൂട്ടുമ്പോഴേക്കും, ആരുമറിയാതെ അവരെ പിടിച്ചുകൊണ്ടുപോകും. അല്ലെങ്കിൽ കാട്ടിലേക്ക് തള്ളും.

നിയമലംഘനത്തിന് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളിൽ, ചെറുപ്പക്കാര് ഒരു വെല്ലുവിളിയായി സ്വീകരിച്ച് നിയമലംഘനം നടത്തി എന്നുപറഞ്ഞപ്പോൾ അതൊരുചരിത്രസംഭവമാണ്. അതുകൊണ്ട് വളരെ പ്രതീക്ഷയുണ്ട്. മറ്റുള്ളവരുടെ അജണ്ട അനുസരിച്ച് പോകേണ്ടവരല്ല ബിജെപിക്കാർ. ബിജെപി ബിജെപിയുടെ അജണ്ടയുണ്ടാക്കി, ആ അജണ്ടയ്ക്ക് കമ്യൂണിസ്റ്റുകാരും, കോൺഗ്രസുകാരും, മറുപടി പറയുമ്പോഴാണ് നമ്മൾ വിജയിക്കുമെന്ന് കരുതുന്ന ഒരുരാഷ്ട്രീയ വിദ്യാർത്ഥിയാണ് ഞാൻ. ഒരുകാലഘട്ടം എന്റെ സ്മൃതി പഥത്തിലുണ്ട്.'

തുടർന്ന് 60 കളിൽ ജനസംഘത്തിന് കരുത്തില്ലാതിരുന്നതും പിന്നീട് കരുത്താർജ്ജിച്ചതും ശ്രീധരൻ പിള്ള വിശദീകരിക്കുന്നു. 68-69 കാലഘട്ടത്തിലൊക്കെ അജണ്ട ജനസംഘത്തിന്റെ കൈയിൽ വന്ന സമയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അനുസ്മരിക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു..

'അത്തരം സന്ദർഭങ്ങൾ എപ്പോഴും കിട്ടിയെന്ന് വരില്ല. അതിന് വേണ്ടി പാർട്ടി എപ്പോഴും ശ്രമിക്കണമെന്നല്ല. അജണ്ട സെറ്റ് ചെയ്യാൻ സാധിക്കുന്നവരാണ് രാജനൈതികതയുടെ കാര്യത്തിൽ ദുരക്കാഴ്ചയോടെ നോക്കുമ്പോൾ വിജയിക്കുമെന്ന ്കരുതുന്ന ആളായാതുകൊണ്ടാണ് ഇത് പറയാനിടയായത്. ഇപ്പോൾ നമ്മളെ സംബന്ധിച്ച് ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നതിനെ സംബന്ധിച്ച് നമ്മൾ ഒരു വര വരച്ചാൽ ആ വരയിലൂടെ അങ്ങ് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കൈയിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരുഅജണ്ട മുന്നോട്ട് വച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട്, രംഗം കാലിയാക്കുമ്പോൾ, അവസാനം അവേശഷിക്കുന്ന നമ്മളും നമ്മുടെ എതിരാളികളായ ഇവിടുത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണ് എന്ന് ഞാൻ കരുതുകയാണ്.'

അതുകൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു...മലയാളി മാസം ഒന്നാം തീയതി മുതൽ അഞ്ചുദിവസം, 17 മുതൽ 22 വരെയുള്ള സമരം ഏതാണ്ട് ബിജെപിയാണ് പ്ലാൻ ചെയ്ത് നടപ്പാക്കിയത്.

നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നത് അനുസരിച്ച് പോകുമ്പോഴുള്ള നേട്ടം ഒരുഭാഗത്തും, അതേസമയം എതിരാളികൾ പ്രകോപിപ്പിച്ച് നമ്മളെ കൊണ്ട്..വഴി ഏതാണ്ട് തെറ്റിച്ചുകൊണ്ടുപോകുന്നതും, ഒരുസമരത്തെ സംബന്ധിച്ചിടത്തോളം ഒരുനീണ്ടുനിൽക്കുന്ന സമരത്തെ സംബന്ധിച്ചിടത്തോളം, അതിന് അതിന്റെതായ പരിമിതികൾ ഉണ്ടാകും. 10 വയസിനും, 50 വയസിനും ഇടയിലുള്ള സ്ത്രീകളെ അവിടെ കൊണ്ടുപോകാതിരിക്കാൻ പരമാവധി പോരാട്ടം നടത്തണം. പക്ഷേ ആ പോരാട്ടം നമ്മളെ സംബന്ധിച്ചിടത്തോളം ഒരുയുദ്ധമല്ല. യുദ്ധത്തിൽ അന്യോന്യം വെട്ടിവീഴ്‌ത്തുകയും മരിച്ചുവീഴുകയും, കൊന്നൊടുക്കുകയും ഒക്കെ ചെയ്യുന്ന യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ, ശബരിമല പ്രശ്‌നത്തെ കാണരുതെന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതൊരു ലോങ്‌സ്റ്റാൻഡിങ് ഫൈറ്റാണ്. ആ ഫൈററിന് പല തട്ടുകളുണ്ട്. അവിടെ കൊണ്ടുപോയി എന്നുകരുതുക. കൊണ്ടുപോയാൽ എന്തുചെയ്യണമെന്ന് ചിന്തിക്കാൻ കഴിവുള്ള അതിന് സജ്ജമാക്കപ്പെട്ട തന്ത്രിസമൂഹമുണ്ട്. ആ തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം ബിജെപിയിലുണ്ട്, അല്ലെങ്കിൽ അതിന്റെ സംസ്ഥാന അദ്ധ്യക്ഷനിലുണ്ട്.

അന്ന് സ്ത്രീകളെയും കൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിൽ, ആ തന്ത്രി വിളിച്ച് മറ്റൊരു ഫോണിൽ നിന്ന് വിളിച്ച് എന്നോട് സംസാരിച്ചപ്പോൾ, ഞാൻ അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു. എന്തോ അറം പറ്റിയത് പോലെ അതുശരിയാവുകയും ചെയ്തു.അദ്ദേഹം പറഞ്ഞു. വിളിച്ചു. അദ്ദേഹമാകെ അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാൽ കോടതി വിധി ലംഘിച്ചുവെന്ന് വരില്ലേ? കോടതി അലക്ഷ്യമാവില്ലേ? പൊലീസ് അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു..തിരുമേനീ..ഒറ്റയ്ക്കല്ല. ഇത് കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. ഉണ്ടെങ്കിൽ, ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുണ്ടാവും കൂടെ. തിരുമേനി ഒറ്റയ്ക്കല്ല എന്ന് പറഞ്ഞപ്പോൾ..രാജീവര് എനിക്ക സാറ് പറഞ്ഞ ആ വാക്കുമതി എന്നുപറഞ്ഞുകൊണ്ട് ഒരുദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തിൽ സർക്കാരിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയത്. ഇന്ന് അദ്ദേഹം വീണ്ടും അതുപോലെ തന്നെ എടുക്കുമെന്ന ്പ്രതീക്ഷിക്കുന്നു. ഏതായാലു കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാൻ ഒന്നാം പ്രതിയും, അദ്ദേഹം രണ്ടാം പ്രതിയും..ഞാൻ വെറുതെ പറഞ്ഞതാണെങ്കിലും എന്നെ കണ്ടംപ്റ്റിൽ കുടുക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. പക്ഷേ ഞാനും അദ്ദേഹവും കണ്ടപ്റ്റിൽ ഒന്നിച്ച് കൂട്ടുപ്രതികളാകുമ്പോൾ, അദ്ദേഹത്തിന് ആത്മവിശ്വാസം ഏറിയിരിക്കുകയാണ്. അപ്പോൾ നമുക്ക് സ്ട്രാറ്റജിയാണ്..അപ്പോ എങ്ങനെ പോകുന്നുവെന്ന് അറിഞ്ഞിട്ട് മീഡിയ പറയുന്ന പോലെ പോകുകയല്ല. ആത്യന്തികമായ വിജയം സത്യത്തിനാണ്. ധർമത്തിനായുള്ള വിജയത്തിനാണ്.

പിന്നീട് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ..

ഒരുപാർട്ടി ക്രമത്തിൽ അവർക്ക് വീണുകിട്ടിയ ആയുധമാണ് ശബരിമല. ആ വീണുകിട്ടയ വടി ഉപയോഗിച്ചുകൊണ്ട അവർ നമ്മളെ നിഷ്പ്രഭരാക്കാൻ ശ്രമിക്കുന്നു. അവർക്കതിൽ ദുദ്ദേശ്യമുണ്ട്. ആ ദുരുദ്ദേശ്യത്തെ നമ്മൾ മനസ്സിലാക്കിക്കൊണ്ട്, അവരുടെ സ്ട്രാറ്റജികളെ നമുക്ക് ഒന്നൊന്നായി പരാജയപ്പെടുത്താൻ കഴിയണം.