കോഴിക്കോട്: ആശയസംവാദത്തിലെ വെല്ലുവിളികൾ വീണ്ടും ചൂട് പിടിക്കുന്നു. ശബരിമല വിഷയത്തിൽ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോൾ പരാജയ ഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ കോഴിക്കോട് ഉള്ള്യേരിയിലുള്ള വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് പരാജയഭീതികൊണ്ടുള്ള പിന്മാറ്റമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറാണ്. ആളുകൾക്ക് കടന്ന് വരാൻ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ല.

കെ.സുരേന്ദ്രന് വേണ്ടി ഒന്നും ചെയ്തില്ല എന്നതൊക്കെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണമാണ്. നിയമപരമായും രാഷ്ട്രീയപരവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സുരേന്ദ്രന് പോലും അങ്ങനെയൊരു പരാതിയില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില മാധ്യമപ്രവർത്തകരാണ് ഇതിന്റെ പിന്നിൽ.

ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ നടന്ന് വരികയാണ്. താൻ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് മാറ്റിയെന്നൊക്കെ പ്രചരിപ്പിക്കുന്നത് നൂറ്റാണ്ടിന്റെ നുണയാണ്. അത് ജനങ്ങൾകക് മനസ്സിലാവുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമല പ്രക്ഷോഭം നിർത്തിവച്ചാൽ പരസ്യസംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല തർക്കത്തിൽ സംവാദത്തിനുള്ള വെല്ലുവിളി ശ്രീധരൻപിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. പ്രക്ഷോഭം നിർത്തി സംവാദത്തിനില്ലെന്നാണ് പിള്ളയുടെ നിലപാടെന്ന് കോടിയേരി പറഞ്ഞു.