കോഴിക്കോട്: 'ശ്രീഹള്ളി പോള വളി... വളി വളി... വളീീീീീ.........' തേന്മാവിൻ കൊമ്പത്തിലെ ഈ ഡയലോഗ് ആരും മറക്കാൻ ഇടയുണ്ടാവില്ല. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിലെ ആ ശ്രീഹള്ളിയിലെ കഥ പറയുകയാണ് പുതുമുഖ സംവിധായകനായ സച്ചിൻ രാജ്. എന്നാൽ ചിത്രത്തിന് തേന്മാവിൻ കൊമ്പത്തുമായി യാതൊരു ബന്ധവുമില്ല. പൂർണമായും നവാഗത കൂട്ടായ്മയിൽ ഒരുങ്ങുന്ന ഈ ചിത്രം കാലഘട്ടത്തിന്റെ മാറ്റങ്ങളുടെ കഥയാണ് പറയുന്നത്.

ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെയും കഥപറയുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് നായകനായ തരംഗത്തിലൂടെയും അക്ഷയ് അശോക് സംവിധാനം ചെയ്ത നീ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലുവാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാള സിനിമ നായക നിരയിലേക്കുള്ള ഉണ്ണിയുടെ ആദ്യ ചുവടു വെയ്‌പ്പാണ് ശ്രീഹള്ളി എന്ന ഈ ചിത്രം. കോഴിക്കോടുകാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായകനും കോഴിക്കോടുകാരൻ തന്നെയാണ്. നിരവധി താരങ്ങളെ മലയാള സിനിമക്ക് തന്ന കോഴിക്കോടിന്റെ പുതിയ കണ്ടെത്തലാണ് ചിത്രത്തിലെ നായകനമായ ഉണ്ണി ലാലു.

തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലെ ഗ്രാമീണ ജീവിതവും അവിടേയ്ക്കുള്ള പുത്തൻ സാങ്കേതികവിദ്യയുടെ കടന്നുവരവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ശരത്ത്, ബിച്ചാൽ മൊഹമ്മദ്, രാജീവ് രാജൻ, അജയ് എന്നിവരാണ് ശ്രീഹള്ളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കിഴാറ്റൂർ, വിനോദ് കോഴിക്കോട് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗന്ധർവ്വ ഗായകൻ യേശുദാസിന്റെ ശബ്ദത്തിലെത്തിയ ചിത്രത്തിലെ ആവണിപ്പൂന്തെന്നൽ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കേരളത്തനിമ എടുത്തു കാട്ടിയ ദൃശ്യങ്ങളായിരുന്നു ഗാനത്തിന്റെ പ്രധാന പ്രത്യേകത.

 

പാലാഴി സ്വദേശിയാണ് സംവിധായകൻ സച്ചിൻ രാജ്. കഴിഞ്ഞ രണ്ട് വർഷത്തോളം അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചതിനു ശേഷമാണ് സച്ചിൻ സംവിധാന രംഗത്തെത്തുന്നത്.അപ്പ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണൻ തെച്ചിക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രൂപേഷ് കല്ലിങ്ങൽ എഴുതുന്നു. മിഥുൻ കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ശരത് കൂമ്പാറ, വാർത്താ പ്രചാരണം എ.എസ്. ദിനേശ്.