തിരുവനന്തപുരം: പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ, ഈശ്വരപ്രാർത്ഥനയ്ക്കിടെ, കവി കുരീപ്പുഴ ശ്രീകുമാർ എഴുന്നേൽക്കാതിരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കുരീപ്പുഴയുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പോസ്റ്റുകൾ ഇടുകയും ചെയ്യുന്നു. കുരീപ്പുഴയെ വിമർശിക്കുന്നവരിൽ കൂടുതലും സംഘപരിവാർ അനുകൂലികളാണ്. അതേസമയം പിന്തുണയുമായി എത്തുന്നത് സഖാക്കളും. ഈ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുകയാണ് ശ്രീജ നെയ്യാറ്റിൻകര. നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ, മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ സംഘികൾക്കൊപ്പം ചേർന്ന് അപമാനിച്ച സഖാക്കൾ ഇപ്പോൾ കുരീപ്പുഴയെ ന്യായീകരിച്ച് രംഗത്തെത്തിയത് ഇരട്ടത്താപ്പാണെന്നാണ് ശ്രീജയുടെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏതോ ഒരു പൊതു പരിപാടിയിൽ ഈശ്വര പ്രാർത്ഥന പാടുമ്പോൾ എണീക്കാതിരുന്ന കുരീപ്പുഴയുടെ ചിത്രമെടുത്ത് സംഘികൾ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തുകയാണ് .... രസമതല്ല സംഘികൾക്കെതിരെ പ്രതിരോധം തീർക്കുന്നത് സഖാക്കളാണ് .... പ്രതിരോധിക്കുക തന്നെ വേണം കാരണം ഈ രാജ്യം മതമില്ലാത്തവർക്കും യുക്തിവാദികൾക്കും ഒക്കെ അവകാശപ്പെട്ടതാണ് .... മതവിശ്വാസിക്ക് മതാചാരപ്രകാരം ജീവിക്കാനുള്ള അവകാശമുള്ളതുപോലെ മതമില്ലാത്തവരുടെ ആശയമനുസരിച്ചു അവർക്കും ജീവിക്കാം അഥവാ ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ എണീറ്റ് നിൽക്കാതിരിക്കാനുള്ള ഭരണഘടനാവകാശം കുരീപ്പുഴയ്ക്കുണ്ടെന്നു സാരം ...

പക്ഷേ സഖാക്കളേ ഇവിടെ കുരീപ്പുഴയ്ക്കു വേണ്ടി പ്രതിരോധം തീർക്കാൻ നിങ്ങൾക്ക് എന്ത് ധാർമ്മികതയാണുള്ളത് ...? ഓർമ്മയുണ്ടോ നിങ്ങൾക്ക് അബ്ദുറബ്ബിനെ ... മതവിശ്വാസിക്ക് വിശ്വാസപ്രകാരം ജീവിക്കാനുള്ള ഭരണഘടനാവകാശം പ്രയോജനപ്പെടുത്തിയ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നിങ്ങൾ മറന്നു കാണില്ല ... നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ.ആ മനുഷ്യനെ തലങ്ങും വിലങ്ങും ആക്ഷേപിച്ചു തീവ്രവാദ ചാപ്പ കുത്തി സംഘികൾക്കൊപ്പം ചേർന്ന് സഖാക്കൾ അപമാനിച്ചു ...ആ നിങ്ങളാണ് ഇപ്പോൾ കുരീപ്പുഴയ്ക്കു വേണ്ടി രംഗത്തുള്ളത് ...ഇതിന്റെ പേരാണ് സഖാക്കളേ ഇരട്ടത്താപ്പ് ....

ഈശ്വര പ്രാർത്ഥന പാടുമ്പോൾ എണീറ്റ് നിൽക്കാത്ത കുരീപ്പുഴയോടൊപ്പം മാത്രമല്ല നിലവിളക്ക് കൊളുത്താതെ മാറി നിന്നുകൊണ്ട് തന്റെ മത വിശ്വാസത്തെ സംരക്ഷിച്ച അബ്ദുറബ്ബിനൊപ്പവുമാണ് ...