തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള ഹിന്ദു പാർലമെന്റ് നേതാവ് സി.പി.സുഗതനെ വനിതാ മതിൽ പരിപാടിയുടെ ഭാഗമായി നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കൺവീനറായി സർക്കാർ നിയോഗിച്ചത് വിവാദമായിരിക്കുകയാണ്. അഖില-ഹാദിയയോ വലിച്ചുകീറി തീയിലിട്ടും തലയും ഉടലും രണ്ടാക്കും എന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് അദ്ദേഹത്തെ ഏറ്റവുമധികം വിവാദത്തിലാക്കിയത്. അതേസമയം. ഇതിൽ പരം എന്തുയോഗ്യതയാണ് അദ്ദേഹത്തിന് വേണ്ടതെന്ന് പരിഹസിക്കുകയാണ് എഴുത്തുകാരിയായ ശ്രീജ നെയ്യാറ്റിൻകര. ഹാദിയാ വിഷയത്തിൽ സി പി സുഗതനും സി പി എം ഭരണകൂടത്തിനും വ്യത്യസ്ത നിലപാടായിരുന്നോ ? അങ്ങനൊരു നിലപാട് സി പി എമ്മിനുണ്ടായിരുന്നെങ്കിൽ ഹാദിയയ്ക്ക് വീട്ടുതടങ്കലിൽ കിടന്നു പീഡനമേൽക്കേണ്ടി വരുമായിരുന്നോയെന്നും ശ്രീജ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ ഹിന്ദു പാർലമെന്റ് നേതാവ് സി പി സുഗതൻ ഹാദിയാ വിഷയത്തിൽ ഹാദിയയെ കൊല്ലണമെന്ന് പറഞ്ഞലറിയ വ്യക്തിയാണെന്നുള്ള പ്രതിഷേധ പ്രതികരണങ്ങൾ കാണുന്നു ... ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് കാരണം ഹാദിയാ വിഷയത്തിൽ സി പി സുഗതനും സി പി എം ഭരണകൂടത്തിനും വ്യത്യസ്ത നിലപാടായിരുന്നോ ? സി പി സുഗതനിൽ നിന്ന് ഹാദിയാ വിഷയത്തിൽ എന്ത് വ്യത്യസ്ത നിലപാടാണ് സി പി എമ്മിനുണ്ടായിരുന്നത് ? അങ്ങനൊരു നിലപാട് സി പി എമ്മിനുണ്ടായിരുന്നെങ്കിൽ ഹാദിയയ്ക്ക് വീട്ടുതടങ്കലിൽ കിടന്നു പീഡനമേൽക്കേണ്ടി വരുമായിരുന്നോ ?

വനിതാ മതിലിനു ഏറ്റവും യോഗ്യനായ ജോയിന്റ് കൺവീനർ തന്നെയാണ് സി പി സുഗതൻ ... ഇസ്ലാം സ്വീകരിച്ച ഹാദിയയെ തട്ടം വലിച്ചുകീറി തീയിലിട്ടു തലയും ഉടലും രണ്ടാക്കും എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനപ്പുറം എന്ത് യോഗ്യതയാണ് സി പി സുഗതന് വനിതാ മതിലിന്റെ സംഘാടക സമിതിയിലെത്താൻ വേണ്ടത് ? ഇത്രയും മുസ്ലിം വിരുദ്ധതയൊക്കെ പോരേ ഒരു നവോത്ഥാന 'മുന്നേറ്റ' ത്തിന് ?