'എന്തത്ഭുതമാണ് ഈ മനുഷ്യൻ' മുൻപൊരിക്കൽ ഞാൻ ഫേസ്‌ബുക്കിൽ എഴുതിയ വരികളാണിത് .. ഭരണകൂട വേട്ടയുടെ ഇര മഅദനിയെക്കുറിച്ച് .... ഇന്ന് ഞാൻ ആ അത്ഭുതത്തെ നേരിൽ കണ്ടു ... ആദ്യമായി ... 'നെയ്യാറ്റിൻകരയല്ലേ നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും നന്നായറിയാം 'എന്ന വാക്കുകളുമായി വർഷങ്ങൾക്കു മുൻപ് വരെ ഞാൻ തീവ്രവാദിയായി കണ്ടൊരു മനുഷ്യൻ പുഞ്ചിരിയുമായി എന്റെ മുന്നിൽ .. പൊതുബോധ ജല്പനങ്ങൾ സ്വാധീനിച്ചിരുന്ന ആ കെട്ടകാലത്തു ഞാൻ മനസിലാക്കിയ മഅദനിയായിരുന്നില്ല യാഥാർഥ്യം .... അന്നൊന്നും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല ഇങ്ങനൊരു കൂടിക്കാഴ്ചയെക്കുറിച്ച് ... വെറുക്കപ്പെടേണ്ട , അകറ്റിനിർത്തപ്പെടേണ്ട ഒരു ഭീകരവാദിയായി ഞാനദ്ദേഹത്തെ മനസിലാക്കിയിരുന്ന കാലത്ത് നിന്ന് എന്നെ തിരുത്തി ശരി ചൂണ്ടിക്കാണിച്ചു തന്നത് വെൽഫെയർ പാർട്ടി എന്ന എന്റെ പ്രസ്ഥാനമായിരുന്നു ... ആ മനുഷ്യനെക്കുറിച്ച് ഒരുപാടറിഞ്ഞു ... ഒരുപാട് വായിച്ചു ... യൂടൂബിൽ തപ്പി പ്രസംഗങ്ങൾ കേട്ടു ... ഒടുവിൽ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു ഒന്നും പഠിക്കാതെയും മനസിലാക്കാതെയും പൊതുബോധ ജല്പനങ്ങൾക്കൊത്ത് ചിന്തകളെ ചുരുക്കി ഞാനും പൊതുബോധ പേക്കൂത്താടുകയായിരുന്നു എന്ന സത്യം ....

നിറഞ്ഞ പുഞ്ചിരി .... തേജസ്സാർന്ന മുഖം ... നിശ്ചയദാർഢ്യവും നിർഭയത്വവും സ്ഫുരിക്കുന്ന വിപ്ലവ തീക്ഷ്ണതയുള്ള കണ്ണുകൾ ... ശാന്തതയാർന്ന വർത്തമാനം ... ... ഇല്ല നിരാശയുടെ ഒരു നിഴൽ പോലും അദ്ദേഹത്തിന്റെ മുഖത്ത് വീണിട്ടില്ല ..നെറികെട്ട ഭരണകൂടങ്ങളേ നിങ്ങളെ അദ്ദേഹം ഭയക്കുന്നില്ല ...അദ്ദേഹത്തിന്റെ നിർഭയത്വവും കൃത്യമായ രാഷ്ട്രീയവും നിങ്ങളെയാണ് ഭയപ്പെടുത്തുന്നത് .. വിറപ്പിക്കുന്നത് ... ആർ എസ് എസ് അജണ്ടയുടെ ഭാഗമായി ഭീകരവാദ മുദ്ര ചാർത്തി ആ മനുഷ്യനെ നിങ്ങൾ വർഷങ്ങളോളം വേട്ടയാടിയിട്ടും ആ മനുഷ്യന്റെ കണ്ണുകളുടെ തിളക്കമുണ്ടല്ലോ ആ കണ്ണുകളിൽ നിന്നും പുറപ്പെടുന്ന വിപ്ലവ ജ്വാലകളെ അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളെ നിങ്ങൾക്ക് കെടുത്തിക്കളയാൻ കഴിയാത്തിടത്തോളം ആ മനുഷ്യൻ പരാജിതനല്ല വിജയി തന്നെയാണ് .. കരുത്ത് പകരാനാണ് പോയത് പക്ഷേ ആ കരുത്തിന്റെ നിറകുടത്തിൽ നിന്നും കരുത്ത് ഇങ്ങോട്ടു വാങ്ങിയാണ് മടങ്ങുന്നത് ...

മുസ്ലീങ്ങൾക്കു വേണ്ടി, ദലിതർക്കു വേണ്ടി സർവ്വോപരി ഇരകൾക്കു വേണ്ടി അവരുടെ ഭരണഘടനാവകാശങ്ങൾക്കു വേണ്ടി പോരാടിയതും പ്രസംഗിച്ചതും ആണ് അദ്ദേഹത്തെ തീവ്രവാദിയാക്കി മുദ്രകുത്താനുണ്ടായ കാരണം ... ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ആർ എസ് എസിന്റെ ഇരയാണ് ... സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടിയതിന്റെ പേരിൽ ഇരയാക്കപ്പെട്ട മഅദനിയോടൊപ്പം ചേർന്ന് നിൽക്കുക എന്നത് തന്നെയാണ് ഒരു ഇരയുടെ രാഷ്ട്രീയ ശരി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ... ആവർത്തിക്കുന്നു മഅദനിയോടൊപ്പം തന്നെയാണ് ...

ചർച്ചയ്ക്കിടയിൽ അദ്ദേഹം പറഞ്ഞൊരു വാചകം ഈ സംഘ് കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് തോന്നിയതിനാൽ ഇവിടെ പങ്കു വയ്ക്കുന്നു

'സംഘ്പരിവാറിലേക്കു പോകാൻ തയ്യാറാകുന്നവരെ എത്രയും പെട്ടെന്ന് അവിടേക്കു കൊണ്ടെത്തിക്കുകയല്ല വേണ്ടത് അവരെ അവിടേക്കു എത്തിക്കാതിരിക്കുകയാണ് വേണ്ടത് .. പോയവരെ തിരികെ കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത് ' ..... എത്ര കൃത്യമായ രാഷ്ട്രീയം ...ഓരോ ജനാധിപത്യ മതേതര വിശ്വാസിയുടെയും ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ നിൽക്കുന്നവരുടെയും ഉത്തരവാദിത്തം എത്ര കൃത്യമായാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത് .. പ്രത്യേകിച്ചും നാടിന് യാതൊരു പ്രയോജനവുമില്ലാതെ മറ്റുള്ളവർക്ക് സംഘിയല്ല സർട്ടിഫിക്കറ്റ് വിതരണം ചെയ്തു നടക്കുന്ന കാപട്യക്കാരുടെ കാലഘട്ടത്തിൽ ... അദ്ദേഹം അത് പറഞ്ഞ നിമിഷം എന്റെ മനസ്സിലോടിയെത്തിയ മുഖം സി കെ ജാനുവിന്റേതായിരുന്നു ... പ്രിയപ്പെട്ട സി കെ ഞാനൊരു ശുഭാപ്തിവിശ്വാസക്കാരിയാണ് ...