രു നാടിനെ തന്നെ പൊട്ടിക്കരയിപ്പിച്ച ദുരന്തം .... ആ ദുരന്തത്തിനിരയായ കുടുംബങ്ങളോടൊപ്പം ചെലവഴിച്ച ഏതാനും മണിക്കൂറുകൾ ..... പൊന്നാനിയിലെ നരണിപുഴ കവർന്നെടുത്ത മക്കളുടെ അമ്മമാർക്കരികിലിരിക്കുമ്പോൾ മനസ് നിറയെ അവളായിരുന്നു ... തുമ്പിക്കുട്ടി ....അവളെ പെട്ടെന്ന് കേൾക്കണമെന്നും കാണണമെന്നും തോന്നിപ്പോയി ....പെറ്റവയറിന്റെ നിലവിളിയായിരുന്നു അത് .... കാരണം മുന്നിൽ മക്കളെ നഷ്ടപ്പെട്ട മൂന്നു അമ്മമാർ ...ഒരമ്മയ്ക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന രണ്ടു മക്കൾ .... ബാക്കി രണ്ടമ്മമാർക്കും രണ്ടുമക്കളിൽ ആകെയുണ്ടായിരുന്ന ഓരോ പെണ്മക്കൾ .... രണ്ടുമക്കളേയും നഷ്ടപ്പെട്ട ആ അമ്മ സ്ഥലകാലബോധം നഷ്ടപ്പെട്ട് മനോവിഭ്രാന്തി ബാധിച്ച സ്ത്രീയെപ്പോലെ ഇടയ്ക്കിടെ അലമുറയിടുന്നു ....എന്റെ മസ്തിഷ്‌ക ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും നെഞ്ചിടിപ്പ് കൂടുന്നതും കൈവിരലുകൾ വിറയ്ക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു .....

എനിക്കൊപ്പമുണ്ടായിരുന്ന വെൽഫെയർ പാർട്ടിയുടെ വനിതാ പ്രവർത്തകരുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ...സീനത്ത് കോക്കൂരും അദീബത്തയും കരച്ചിലടക്കാൻ പാട് പെടുന്ന കാഴ്ച കണ്ടില്ലെന്ന് നടിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ ...

ഒരു തറവാട്ടിലെ നാല് പെൺകുട്ടികൾ ഒരേ ദിവസം തന്നെ ഇല്ലാതാകുന്നു ....

ഇരുട്ട് മുറിയിലെ ഒരു കട്ടിലിൽ കരഞ്ഞു തളർന്നു കിടക്കുന്ന ഒരു മെലിഞ്ഞ രൂപം ..... 'അവരുടെ പേരമക്കളാണ് മരണപ്പെട്ടത്' എന്നാരോ പറഞ്ഞതു കേട്ട് ഞങ്ങൾ ആ മുറിയിലേക്ക് കയറി .... വയസായി മെലിഞ്ഞ ആ ശരീരം പതിയെ കട്ടിലിൽ നിന്നും തലയുയർത്തി ... പൊട്ടിക്കരച്ചിലിനിടയിൽ അവർ പറയുന്നു 'ഈർക്കിൽ കൊണ്ട് പോലും മക്കളെ അവരുടെ അച്ഛനുമമ്മയും തല്ലിയാൽ ഞാൻ ബഹളം വച്ചവരെ പിടിച്ചു മാറ്റും... എന്റെ ഉണ്ണികളെ തല്ലല്ലേ തല്ലല്ലേ എന്ന് നിലവിളിച്ചു കൊണ്ട് ഞാനോടും ... എന്റെ ഒരു മകൻ അവന്റെ കുട്ടികളെ ചെറുതായൊന്നു തല്ലിയപ്പോൾ വീട് വിട്ടു പോകാൻ ഇറങ്ങിയ എന്നെ മകൻ ഇനി തല്ലില്ല എന്ന് സത്യം ചെയ്താണ് പിടിച്ചു നിർത്തിയത് .... അങ്ങനെയുള്ള എന്റെ മുന്നിൽ നിന്ന് നാല് മക്കളെ ദൈവം വിളിച്ചോണ്ട് പോകുമ്പോൾ ഞാനിതെങ്ങനെ സഹിക്കും ' ഇത് കേട്ട് മുത്തശ്ശിയോട് ചേർന്ന് കിടന്നിരുന്ന മറ്റൊരു പേരക്കുട്ടി വിതുമ്പിക്കരയുന്ന കാഴ്ച .....'ഇവളും പോകേണ്ടതായിരുന്നു മോളേ പക്ഷേ ഇവളെ കുറച്ചു പേർ പെണ്ണുകാണാൻ വന്ന ദിവസമായിരുന്നു അന്ന് അതുകൊണ്ടൊരിടത്തും പോകണ്ടാന്നു പറഞ്ഞു നിർത്തിയതാണ്' ... ഒരുമിച്ചുണ്ടും ഉറങ്ങിയും കളിച്ചും നടന്നിരുന്ന പ്രിയപെട്ടവർ ഒരു നിമിഷം കൊണ്ടില്ലാതായതിന്റെ വേദന സഹിക്കാനാകാതെ ഉൾക്കൊള്ളാനാകാതെ മനോനില തകർന്നു കഴിയുന്ന ആ പെൺകുട്ടിയെ നെഞ്ചോട് ചേർക്കുമ്പോൾ അറിയുന്നു പ്രിയപ്പെട്ടവർക്കായി അവൾ കരുതി വച്ചിരിക്കുന്ന സ്‌നേഹച്ചൂട് .... കുടുംബത്തിലെ നാല് പെൺകുട്ടികളുടെ അവിചാരിത മരണം കുടുംബത്തിലെ പലരുടേയും മനോനിലയെ സാരമായി തന്നെ ബാധിച്ചിരിക്കുന്ന കാഴ്ച അത്യന്തം വേദനാജനകമാണ് ..... ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും പൂണ്ടടക്കം പിടിച്ചു മുഖത്തും മാറിലും ഉമ്മകൾ കൊണ്ട് മൂടി മുത്തശ്ശി നാല് പെൺ പേരക്കുട്ടികൾക്കും നൽകി വന്ന വാത്സല്യത്തിന്റെ ആഴം ഞങ്ങൾക്ക് കാണിച്ചു തരികയായിരുന്നു ....

എന്തിനാണീ ക്രൂരത പ്രകൃതി മനുഷ്യനോടിങ്ങനെ ചെയ്യുന്നത് ... അയ്യപ്പൻ ചേട്ടൻ തന്റെ കവിതയിൽ ചൂണ്ടിക്കാണിക്കുന്നത് പോലെ യുവത്വത്തിന് കരിങ്കൊടി കാണിക്കേണ്ടി വരുന്നത് പോലെ ഹൃദയഭേദകമായ അവസ്ഥ മറ്റെന്തുണ്ട് ... മരണം കവർന്നെടുത്ത കുട്ടികളെല്ലാവരും കൗമാരക്കാർ ... നിന്നോടവർ എന്ത് ദ്രോഹമാണ് പ്രകൃതീ ചെയ്തത് ....

വൈഷ്ണ എന്ന ഇരുപതുകാരിപെൺകുട്ടിയുടെ ഊർജ്ജസ്വലതയെ കുറിച്ച് , സ്നേഹനിർഭരമായ പെരുമാറ്റത്തെ കുറിച്ച് അയൽക്കാർ കരഞ്ഞു പറയുന്നു ....അയൽവക്കത്തെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരികൾ കരഞ്ഞുതളർന്ന് ദിവസങ്ങൾ തള്ളി നീക്കുന്നു ...ആ കുടുംബവും ഗ്രാമവും സാധാരണ അവസ്ഥയിലെത്താൻ ഇനി എത്രകാലം വേണ്ടി വരും .... അറിയില്ല ..... ഈ വേദന പെറ്റവയർ എങ്ങനെ താങ്ങും അതുമറിയില്ല ... കാലം തീരുമാനിക്കട്ടെ ....

പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതയ്ക്ക് ഇടയ്ക്കിടെ പ്രകൃതി പകരം വീട്ടുമ്പോൾ നിരപരാധികളായ പിഞ്ചു മക്കളെ പ്രകൃതീ നീ തെരെഞ്ഞെടുക്കരുത് ...കാരണം അവർ നിന്നെ നോവിക്കുന്നില്ല കൗതുകപൂർവ്വം നിന്നെ നോക്കിക്കാണുകയും അനുഭവിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ ...പെറ്റ വയറിന്റെ നിലവിളികളെ പ്രകൃതീ നീ അവഗണിക്കരുത് ...കാരണം പെണ്ണായി പിറന്ന ഒരുവളും നിന്നെ ദ്രോഹിക്കുന്നില്ല ... നിന്നെ പരിപാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂ .... നിനക്ക് വേണ്ടി തെരുവിൽ പൊരുതുന്നവരിൽ ഭൂരിഭാഗവും അവരാണ് അഥവാ പെണ്ണുങ്ങളാണ് ....