തിരുവനന്തപുരം: ടെലിവിഷൻ ലോകത്ത് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളുടെ ചാനൽ മാറ്റം അസാധാരണസംഭവമല്ല. പുതുവഴികളും അനുഭവങ്ങളും തേടുന്ന മാധ്യമപ്രവർത്തകരുടെ ചാനൽ ചാട്ടം പലപ്പോഴും വാർത്തയാവാറുണ്ട്. മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം അവതാരകരിൽ ഒരാളായ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ശ്രീജ ശ്യാം ചാനൽ വിട്ടു എന്നതാണ് പുതിയ വാർത്ത. ശ്രീജ തന്നെയാണ് ഇത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

അന്തിചർച്ചകളിൽ, അതിഥികളെ അതിഥികളായി കാണുന്ന, വേട്ടക്കാരൻ ഇരയെ എന്ന പോലെ ആക്രമിക്കാത്ത, പുഞ്ചിരിക്കുന്ന മുഖത്തോടെ പറയേണ്ടത് ക്യത്യമായി സ്ഫുടമായി പറയുന്ന മികച്ച അവതാരക എന്ന പേരെടുത്ത ആളാണ് ശ്രീജ ശ്യാം. രണ്ടുവർഷം മുമ്പ് സംസ്ഥാന സർക്കാരിന്റെ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം ശ്രീജ നേടിയപ്പോൾ, ഒരു കൗതുക കാഴ്ച ഉണ്ടായി. ആ സമയം വാർത്ത വായിക്കുന്നത് ശ്രീജ. ഈ വർഷത്തെ മികച്ച വാർത്താ അവതാരക എന്ന ഭാഗം പൂരിപ്പിച്ച് സ്വന്തം പേര് വായിക്കാനുള്ള അസുലഭ ഭാഗ്യവും ശ്രീജയ്ക്കുണ്ടായി. ടെലിവിഷനിലെ സുന്ദര മുഹൂർത്തം.

അവാർഡ് വാർത്ത വായിച്ചു തീർത്തശേഷം ചിരിയടക്കാൻ പാടുപെടുന്ന അവതാരകയെ അന്ന് കണ്ടു. പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ളതുമായ അവതരണമാണ് ശ്രീജയെ അവാർഡിനർഹയാക്കുന്നതെന്ന് ജൂറി വിലയിരുത്തി.

വാർത്ത വായിക്കുന്നതിനിടെ തനിക്ക് ചമ്മൽ തോന്നിയതാണെന്ന് ശ്രീജ പിന്നീട് പറഞ്ഞു. തന്നെ കുറിച്ചുള്ള വാർത്ത ലൈവായി വായിക്കേണ്ടി വരുമ്പോഴുള്ള ചമ്മലായിരുന്നു. ഞാനത് വായിക്കുന്നതിനിടെ ന്യൂസ് ഡെസ്‌കിൽ ഉള്ളവർ അതുകേട്ട് ചിരിക്കുക കൂടി ചെയ്തപ്പോൾ എനിക്കും ചിരിവന്നു. അതുകൊണ്ടാണ് വായിക്കുന്നതിനിടെ ചിരിച്ചുപോയത്. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീജ പറഞ്ഞു. വളരെ സൗമ്യമായി വാർത്ത അവതരിപ്പിക്കാനും ചർച്ച നടത്താനുമാണ് താൽപര്യം. ചർച്ചയ്ക്ക് എത്തുന്നവരെ എതിരാളിയായി കണ്ട് ആക്രമിക്കണമെന്ന മനോഭാവം തനിക്കില്ലെന്നും അന്ന് ശീജ പറഞ്ഞിരുന്നു.

പതിനഞ്ച് വർഷമായി മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുന്ന ശ്രീജ മാതൃഭൂമി ന്യൂസിനോട് വിട പറയുന്നത് ഇങ്ങനെയാണ്:

ഇന്നലെ മാതൃഭൂമിയിൽ നിന്ന് ഇറങ്ങി!
ജീവിതത്തിലെയും കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട 8 വർഷങ്ങളാണ് മാതൃഭൂമി എന്ന ബ്രാൻഡിനൊപ്പം ചേർത്തുവെച്ചത്. ഞാൻ എന്ന വ്യക്തിയെ, പ്രൊഫെഷനലിനെ രാകിമിനുക്കിയ എട്ട് വർഷങ്ങൾ!
പ്രിയപ്പെട്ട നൂറുനൂറു മുഖങ്ങൾ,
ഒരായിരം നിമിഷങ്ങൾ...

ഒക്കെ മനസ്സിലേക്ക് ഓടിവരുന്നുണ്ട്.
അതാണ് ഏറ്റവും വലിയ സമ്പാദ്യം.
അതിന്റെ കരുത്തിലാണ് മുന്നോട്ടുള്ള യാത്ര.
ഇതുവരെ തന്ന സ്‌നേഹം, പിന്തുണ, വിമർശനം, തിരുത്തൽ അതൊക്കെ ഇനിയും ഉണ്ടാവണം!
യാത്ര എങ്ങോട്ടാണെന്നും എന്താണെന്നുമൊക്കെ വഴിയേ അറിയിക്കാം.

ഉറച്ച നിലപാടുകൾ ഉള്ള മാധ്യമപ്രവർത്തക കൂടിയാണ് ശ്രീജ. രണ്ട് വർഷം മുമ്പ് സൈബർ സഖാക്കളുടെ വ്യക്തിഹത്യക്ക് ഇരയായ മാധ്യമപ്രവർത്തകരെ പിന്തുണച്ച് ശ്രീജ ശ്യാം ഇട്ട കുറിപ്പ് വൈറലായിരുന്നു. മാധ്യമ പ്രവർത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ വലിയതോതിൽ അധിക്ഷേപ പ്രചരണം നടന്നുവന്ന സമയത്തായിരുന്നു ശ്രീജയുടെ പ്രതികരണം.

ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാൽ, അവളുടെ കുടുംബത്തെയോ, ഭർത്താവിനെയോ മുൻ ഭർത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേർത്തല്ലാതെ ഒരു മറുപടി പറയാൻ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നതെന്ന് അന്ന് ശ്രീജ പറഞ്ഞു. തെറ്റുകൾ പറ്റാത്തവരല്ല മാധ്യമ പ്രവർത്തകരെന്നും മനഃപ്പൂർവ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കിൽ അതിൽ ആ മാധ്യമ പ്രവർത്തകനും വേദനിക്കുന്നുണ്ടാകുമെന്നും ശ്രീജ ശ്യാം അന്ന് പറഞ്ഞു.

അതേസമയം, മാതൃഭൂമി ന്യൂസിൽ ഇപ്പോൾ കൊഴിഞ്ഞുപോക്കിന്റെ കാലമെന്ന് പറയേണ്ടി വരും. കഴിഞ്ഞ മാസമാണ് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും വാർത്താ അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിം മാതൃഭൂമിയിൽ നിന്ന് രാജി വച്ചത്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിലാണ് ഹാഷ്മി ചേർന്നത്. 11 മാസത്തിനുള്ളിൽ മാതൃഭൂമി ന്യൂസിൽ നിന്ന് പോകുന്ന ആറാമത്തെ പ്രധാന മുഖമാണ് ശ്രീജ

മാസങ്ങൾക്ക് മുമ്പ് മഞ്ജുഷ് ഗോപാൽ സീ കേരളയിലേക്കും സ്മൃതി പരുത്തിക്കാട് മീഡിയാ വണ്ണിലേക്കും മാറിയിരുന്നു. ചാനലിന്റെ മുഖമായിരുന്ന വേണു ബാലകൃഷ്ണനും മാതൃഭൂമി വിട്ടു. ഇതോടെ മുഖങ്ങളായി മാതൃഭൂമി ചാനൽ മുമ്പോട്ട് വയ്ക്കുന്നവരെല്ലാം ചാനൽ വിടുകയാണ്.

മീഡിയാ വണ്ണിൽ നിന്നെത്തിയ അഭിലാഷ് മോഹനാണ് നിലവിൽ ചാനലിന്റെ മുഖം. അഭിലാഷിനും മറ്റ് ചാനലുകളിൽ നിന്ന് നിരവധി ഓഫറുകൾ ഉണ്ടെന്നാണ് സൂചന. ഇതിനിടെ ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സജീവമാകുന്നു. ഇതെല്ലാം പല പ്രമുഖരേയും കൂടു മാറ്റത്തിന് പ്രേരിപ്പിക്കും. ന്യൂസ് 18 കേരളയിൽ നിന്ന് സനീഷ് ഇളയിടത്ത് രാജി വച്ചിരുന്നു.

വേണു ബാലകൃഷ്ണനും ഉണ്ണി ബാലകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്കാണ് സനീഷ് പോകുന്നതെന്നാണ് സൂചന. മാതൃഭൂമി ചാനലിനെ നയിച്ചിരുന്നത് ഉണ്ണി ബാലകൃഷ്ണനാണ്. ഉണ്ണിയുടെ രാജിക്ക് പിന്നാലെയാണ് അഞ്ചു പ്രമുഖർ മാതൃഭൂമി വിടുന്നത്. നിലവിൽ രാജീവ് ദേവരാജാണ് മാതൃഭൂമി ചാനലിലെ മേധാവി.