കൊച്ചി: ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായ മലയാളി പി ആർ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ ഒരു കോടി രൂപ സമ്മാനം. ഈ തുക കൈമാറിയത് മറ്റൊരു ഇതിഹാസം മാനുവൽ ഫെഡ്രിക്‌സാണ്. ശ്രീജേഷും ഫെഡ്രിക്‌സും മാത്രമാണ് ഒളിമ്പിക്‌സിൽ മെഡൽ ഭാഗ്യം കിട്ടിയ മലയാളികൾ.  

ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു. 70 കളിൽ ഇന്ത്യൻ ഹോക്കിയിലെ വൻ മതിലായിരുന്നു കണ്ണൂരുകാരൻ ഫെഡ്രിക്‌സ്. 1972ൽ മ്യൂണിക്കിൽ വെങ്കലം ഇന്ത്യ നേടുമ്പോൾ ഗോൾ വല കാത്ത മലയാളി. ശ്രീജേഷിനും ഫെഡ്രിക്‌സിനും അല്ലാതെ മറ്റൊരു മലയാളിക്കും ഒളിമ്പിക്‌സ് മെഡൽ നേടാനായിട്ടില്ല.

ഇന്ത്യൻ ഹോക്കിക്ക് സ്വർണ്ണത്തിളക്കമുള്ള വെങ്കലവുമായി ടോക്കിയോയിൽ നിന്നെത്തിയ ശ്രീജേഷിന് ഒരു കോടി രൂപ മാനുവൽ ഫ്രെഡറിക്ക് സമ്മാനിച്ചു. നിറചിരിയോടെ ആദരവേറ്റുവാങ്ങിയ ശ്രീജേഷ് തന്റെ സ്വപ്നങ്ങൾക്ക് അടിത്തറപാകിയ ഹോക്കിയിലെ മുൻതലമുറ ജേതാവിനായി കാത്തുവച്ച സർപ്രൈസ് അപ്പോൾ വെളിപ്പെടുത്തിയില്ല.

നാല് പതിറ്റാണ്ടുമുമ്പ് ലഭിക്കാതെപോയ സ്‌നേഹോപഹാരങ്ങൾക്ക് കടം വീട്ടുന്ന സർപ്രൈസ് എന്താണെന്ന് മറുപടി പ്രസംഗത്തിലാണ് ശ്രീജേഷ് പ്രഖ്യാപിച്ചത്. ബംഗളൂരുവിൽ നിന്ന് തന്നെ ആദരിക്കാനെത്തിയ ഫ്രെഡറിക്കിന് ഡോ. ഷംഷീർ വയലിലിന്റെ സ്‌നേഹോപഹാരമായി 10 ലക്ഷം രൂപ! അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശ്രീജേഷിനെ ചേർത്തുപിടിച്ച് മാനുവൽ ഫ്രെഡറിക്ക് നന്ദി പറഞ്ഞു. 

പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016 ൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിമ്പിക്‌സിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയ്യാർന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്ക്യോയിൽ ജർമ്മനിക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിർണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.

ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. ബിസിസിഐ അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യത്തെ പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. സംസ്ഥാന സർക്കാർ രണ്ട് കോടി നൽകുന്നുണ്ട്.

ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദനമർപ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും  വരും തലമുറകൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.