- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽപന്തുകളിയിൽ നാരായണനും അബ്ദുൾറഹ്മാനും 1956ൽ തൊട്ടരികെ നഷ്ടമായി; സെക്കന്റിന്റെ നൂറിലൊരംശം 84ൽ ഉഷയേയും നിരശയാക്കി; ഹോക്കിയിൽ വലകാത്ത് മാനുവൽ ഫെഡറിക്സ് എത്തിച്ച വെങ്കലം; 49 വർഷത്തിന് ശേഷം വീണ്ടും ആ മെഡൽ മലയാളിക്ക്; ശ്രീജേഷ് ഒളിമ്പിക്സ് മെഡൽ നേടുന്ന രണ്ടാം മലയാളി; ഇന്ത്യൻ ഹോക്കിയുടെ വൻ മതിലായി 'ശ്രീ' തിളക്കം
ടോക്യോ: ഒളിമ്പിക്സ് മെഡൽ വീണ്ടും ഒരു മലയാളിക്ക് സ്വന്തം. ഹോക്കിയിൽ ഇന്ത്യൻ ഗോളവല കാത്ത ശ്രീജേഷ് ഇന്ത്യയുടെ വന്മതിലാണ്. ഈ മതിലാണ് ഇന്ത്യൻ ഹോക്കിക്ക് സുവർണ്ണ നിമിഷം ടോക്കിയോവിൽ സാനിക്കുന്നതും. അങ്ങനെ കായിക ജീവിതത്തിലെ വലിയ സ്വപ്നം സ്വന്തമാക്കുകയാണ് ശ്രീജേഷ്.
എട്ടു സ്വർണമടക്കം 11 ഒളിംപിക് മെഡലുകൾ നേടിയ ചരിത്രമുള്ള ഇന്ത്യയ്ക്ക് ഇത് പന്ത്രണ്ടാം മെഡലാണ് ഹോക്കിയിൽ. 1980ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം സ്വർണമണിഞ്ഞത്. ഇതിന് മുമ്പ് ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും ഇതു തന്നെ. അതിന് ശേഷം ഇന്ത്യൻ ഹോക്കി പിന്നോട്ടാണ് സഞ്ചരിച്ചത്. ടോക്കിയോവിൽ അതുകൊണ്ട് തന്നെ ഉയർത്തെഴുന്നേൽപ്പാണ്. ഈ തിരിച്ചുവരവിൽ പ്രധാനിയാണ് ശ്രീജേഷ് എന്ന ഗോൾ കീപ്പറും. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും മലയാളിക്ക് അഭിമാന വിജയമാണ് ടോക്കിയോവിലേത്.
ഇതിന് മുമ്പ് ഒരിക്കൽ കേരളത്തിൽ ഒളിമ്പിക്സ് മെഡൽ എത്തിയിരുന്നു. അതും ഹോക്കിയിലെ ഗോൾ കീപ്പറിലൂടെയായിരുന്നു. 1972ലെ മ്യൂണിക് ഒളിമ്പിക്സിലാണ് കണ്ണൂർക്കാരനായ മാനുവൽ ഫെഡറിക് ഹോക്കിയിലൂടെ വെങ്കല മെഡൽ നേടുന്നത്. 49 കൊല്ലത്തിന് ശേഷം അതേ ഹോക്കി ഫീൽഡിൽ നിന്ന് മറ്റൊരു മലയാളിക്ക് സ്വന്തം. പിടി ഉഷയ്ക്ക് നേടാനാകാത്തതാണ് ദേശീയ കായിക ഇനമായ ഹോക്കിയിലൂടെ രണ്ട് മലയാളികൾ സ്വന്തമാക്കുന്നത്.
ഒളിമ്പിക്സ് എന്ന് കേൾക്കുമ്പോൾ മലയാളി മനസ്സിൽ എത്തുന്നത് പിടി ഉഷയുടെ ഓട്ടമാണ്. പയ്യോളി എക്സ്പ്രസിലൂടെ നേടാനാഗ്രഹിച്ച ഒളിമ്പിക്സ് മെഡൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീജേഷിലൂടെ മലയാളിക്ക് സ്വന്തമാകുന്നത്. ഹോക്കിയിൽ കേരളത്തിന് വലിയ നേട്ടങ്ങൾ അവകാശപ്പെടാനില്ല. മാനുവൽ ഫെഡറിക്സും ശ്രീജേഷും വനിതാ ഹോക്കിയിൽ ഓമനകുമാരിയും. അർജുന അവാർഡ് ജേതാവാണ് നെയ്യാറ്റിൻകരക്കാരിയായ ഓമനകുമാരി.
കേരളത്തിന് മികച്ച ഹോക്കി ഫീൽഡുകൾ പോലും സ്വന്തമായില്ല. ഇവിടെ നിന്നാണ് ശ്രീജേഷ് ദേശീയ ടീമിന്റെ ഭാഗമാകുന്നത്. മികച്ച പ്രകടനങ്ങളിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത്. അവിടെ ഉറപ്പിച്ചത് മികച്ച സേവുകൾ. ടോക്കിയോവിൽ ഇന്ത്യൻ ടീം എത്തുമ്പോൾ ലോകത്തെ മികച്ച ഗോൾക്കീപ്പറായി ശ്രീജേഷ് മാറിയിരുന്നു. ഈ ശ്രീ പ്രതീക്ഷ കാത്തു. അങ്ങനെ ഇന്ത്യൻ മെഡിലിനോടും അടുത്തു. സ്വർണ്ണത്തോളം തിളക്കമാണ് ഈ മെഡിലിനുള്ളത്.
ഒളിമ്പിക്സ് മലയാളിയുടെ മനസ്സിൽ പതിപ്പിച്ചതിൽ ആദ്യ സ്ഥാനം പയ്യോളി എക്സ്പ്രസ്സിനാണ്. സ്വപ്നങ്ങളേക്കാൾ വേഗത്തിൽ ഓടിയ പി ടി ഉഷയ്ക്കു 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നഷ്ടമായത് സെക്കന്റിന്റെ നൂറിലൊരംശത്തിനാണ്. ഉഷ 1980,1984,1988,1996 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങളിൽ പ്രധാനിയായിരുന്നു. ഷൈനിയെന്ന മധ്യദൂര ഓട്ടക്കാരിയും ഇന്ത്യക്കായി ഒളിമ്പിക്സിൽ ഓടിയ മലയാളി താരങ്ങളിൽ പ്രമുഖയാണ്.
1984 മുതൽ 1996 വരെയുള്ള എല്ലാ ഒളിമ്പിക്സിലും ഷൈനി ഇന്ത്യക്കായി മത്സരിച്ചു. ഏറ്റവുമധികം തവണ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയെന്ന ബഹുമതി പി ടി ഉഷയ്ക്കു ഷൈനി വിൽസണും അവകാശപ്പെട്ടതാണ്. ഇരുവരും നാല് ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. ടോക്കിയോവിലെ പതിപ്പിന് മുമ്പുവരെ ഒളിമ്പിക്സിന്റെ അത്ലെറ്റിക് ഇനങ്ങളുടെ ഫൈനലിൽ ഇടം നേടിയ ഏക ഇന്ത്യൻ വനിത പി ടി ഉഷയാണെന്നതും മലയാളിക്ക് അഭിമാനമാകുന്നു. ഇത്തവണ ഡിസ്കസ് ത്രോയിൽ കമൽപ്രീത് സിങ് ഇത്തവണ ഫൈനലിൽ എത്തിയിരുന്നു. ആറാം സ്ഥാനമാണ് കമൽപ്രീത് നേടിയത്.
സെമിഫൈനലിൽ ഇടം നേടാനായ മലയാളി താരങ്ങൾ ഷൈനി വിൽസണും കെ എം ബീനാമോളുമാണ്. 2000ലെ ഒളിമ്പിക്സിന്റെ 400 മീറ്റർ സെമിഫൈനലിൽ ബീനാമോൾ മത്സരിച്ചു. തുടർച്ചയായി മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കാൻ ബീനാമോളിനായി. 2004 ഏതൻസ് ഒളിമ്പിക്സിൽ മലയാളിയായ കെ എം ബിനു 400 മീറ്ററിൽ ദേശീയ റെക്കോർഡും സ്ഥാപിച്ചു. 1960 ഒളിമ്പിക്സിൽ മിൽഖാ സിങ് സ്ഥാപിച്ച 45.73 സെക്കൻഡിന്റെ റെക്കോർഡാണ് ബിനു തിരുത്തിയത്. ബിനു 2004ൽ 400 മീറ്റർ ഓടിയെത്തിയത് 45.48 സെക്കൻഡിലാണ്.
ഇന്ത്യൻ ഫുട്ബോൾ ടീമിന് 1956 ഒളിമ്പിക്സിൽ നാലാം സ്ഥാനം ലഭിച്ചു. ആ ടീമിൽ രണ്ട് മലയാളികളുണ്ടായിരുന്നു. എസ് എസ് നാരായണനും അബ്ദുൾ റഹ്മാനും. ഇപ്പോഴത്തെ നിയമമനുസരിച്ച് സെമിഫൈനലിലെത്തിയാൽ വെങ്കലം ഉറപ്പാണ്. 1956 ൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാൻ സെമിഫൈനലിൽ പരാജയപ്പെട്ട ടീമുകൾ ഏറ്റുമുട്ടി. അതിനാലാണ് നാരായണനും റഹ്മാനും മെഡൽ നേടാനാകാത്തത്. 1960 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികളെല്ലാം ഫുട്ബോൾ ടീമിലെ അംഗങ്ങളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത മലയാളി കണ്ണൂർക്കാരൻ സി കെ ലക്ഷ്മണൻ ആണ്. 1924 ൽ 110 മീറ്റർ ഹർഡിൽസിൽ പങ്കെടുക്കാനാണ് സി കെ ലക്ഷ്മണൻ പാരീസിലെത്തിയത്. ഇന്ത്യൻ ആർമിയിലെ മേജർ ജനറലായിരുന്ന ലക്ഷ്മണനൊപ്പം പാരീസിലെത്തിയ ഇന്ത്യൻ ടീമിൽ എട്ട് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഏറ്റവും അധികം കേരളീയർ പങ്കെടുത്ത ഒളിമ്പിക്സുകൾ 1960, 1984, 1988, 1996 എന്നീ വർഷങ്ങളിലേതാണ്. മൂന്ന് മലയാളികളാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.
എന്നും മലയാളികളിൽ വനിതാ പെരുമയായിരുന്നു ഒളിമ്പിക്സിൽ നിറഞ്ഞത്. എന്നാൽ ഇത്തവണ ഒരു മലയാളി വനിതയും ടോക്കിയോവിൽ എത്തിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ