- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേണലിസ്റ്റായ ഒരു സ്ത്രീക്ക് നേരെ അധികാര ധാർഷ്ട്യം കാണിച്ചിട്ട് ചുമ്മാ ന്യായം പറയരുത്! പൊതുസേവകൻ ആയിരിക്കുമ്പോൾ ഫോൺ ഉപയോഗത്തിൽ കാട്ടേണ്ട മര്യാദകൾ പ്രശാന്ത് ബ്രോയെ ഓർമിപ്പിച്ച് മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ പോസ്റ്റ്
തിരുവനന്തപുരം: മാധ്യമപ്രവർത്തക വാർത്തയിൽ പ്രതികരണം ആരാഞ്ഞപ്പോൾ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ പ്രശാന്ത് അശ്ലീല ചുവയുള്ള ഇമോജികൾ അയച്ച സംഭവം വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പതിവ് പോലെ സമ്മിശ്ര പ്രതികരണങ്ങളാണ്. ചിലർ മാധ്യമപ്രവർത്തകയോടുള്ള കളക്ടർ ബ്രോയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിക്കുമ്പോൾ മറ്റുചിലർ ബ്രോയെ അനുകൂലിച്ചും രംഗത്തെത്തി. സെലിബ്രിറ്റി അല്ലെങ്കിൽ പബ്ലിക് സെർവന്റ് ആണെങ്കിൽ ഫോണുപയോഗത്തിന്റെ ചില അടിസ്ഥാന മാർഗ്ഗങ്ങൾ ഓർമിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ. ഉത്തവാദിത്തപ്പെട്ട ഒരാളുടെ ഫോണിൽ ഔദ്യോഗിക കാര്യങ്ങൾ ചോദിക്കുമ്പോൾ സ്വന്തം ഇച്ഛപ്രകാരം വായിൽ തോന്നിയത് എഴുതി വിടരുത്. ജേണലിസ്റ്റായ ഒരു സ്ത്രീക്ക് നേരെ അധികാര ധാർഷ്ട്യം കാണിച്ചിട്ട് ചുമ്മാ ന്യായം പറയരുത്-ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ:
നിങ്ങളൊരു സെലിബ്രിറ്റി ആണെങ്കിൽ / അറിയപ്പെടുന്ന പബ്ലിക് സർവെന്റ് ആണെങ്കിൽ ഫോണുപയോഗത്തിന്റെ അടിസ്ഥാന മാർഗ്ഗങ്ങൾ:
1. ഫോൺ സെക്രട്ടറിയെ ഏൽപ്പിക്കുക. ഭാര്യയാണ്/ ഭർത്താവാണ് സെക്രട്ടറിയെങ്കിലും കുഴപ്പമില്ല. പക്ഷേ ഉത്തരം നൽകുമ്പോൾ നിങ്ങളാണ് എന്ന് നടിക്കരുത്. നിങ്ങളുടെ അഭാവത്തിൽ സെക്രട്ടറിയാണ് സംസാരിക്കുന്നത് എന്ന് പറയാൻ ഏൽപ്പിക്കുക.
2. നിങ്ങൾ തന്നെയാണ് ഫോൺ ഉപയോഗിക്കുന്നുവെങ്കിൽ പരിചയമുള്ള നമ്പറുകൾ മാത്രം എടുക്കുക. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന തുടർച്ചയായി കോൾ വരുന്നുണ്ടെങ്കിൽ ഒന്നുകിൽ ആ കോളുകൾ റിജക്ട് ചെയ്യുക, അല്ലെങ്കിൽ ബ്ലോക് ചെയ്യുക. റിജക്ട് ചെയ്യുമ്പോൾ സാമാന്യ ബോധമുള്ള ആളുകളാണെങ്കിൽ ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കും. ഇന്നയാളാണ് ഇന്ന കാരണം കൊണ്ടാണ് വിളിക്കുന്നത് എന്ന്. -
3. പലപ്പോഴും ഇപ്പോൾ ടെക്സ്റ്റ് മെസേജ് ആരും കാണില്ല എന്നുള്ളതുകൊണ്ട് വാട്സ്അപ് ടെക്സ്റ്റോ വോയ്സ് ക്ലിപ്പോ അയയ്ക്കും. നിങ്ങളുടെ ഔദ്യോഗിക നമ്പർ ആണെങ്കിൽ അവഗണിക്കുകയോ ഇപ്പോൾ പ്രതികരണം സാധ്യമല്ലെന്ന് മറുപടി അയയ്ക്കുകയോ ചെയ്യാം. രണ്ടാണെങ്കിലും അത് പബ്ലിക് സക്രൂട്നിക്ക് വിധേയമാണ്.
4. നിങ്ങളുടെ ഔദ്യോഗികമല്ലാത്ത നമ്പറിലാണ് പ്രതികരണം ആരായുന്നത് എങ്കിൽ പോലും മറുപടി മാന്യമായിരിക്കണം. നിങ്ങൾക്ക് ഈ നമ്പറിൽ ഔദ്യോഗിക പ്രതികരണം സാധ്യമല്ലെങ്കിൽ അത പറയണം. അല്ലാതെ സില്ലിയായ മെസേജുകൾ മറുപടിയായി അയയ്ക്കരുത്. അതും പബ്ലിക് സ്്ക്രൂട്നി ചെയ്യപ്പെടും.
5. നിങ്ങൾ സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും പബ്ലിക് സർവേന്റ് ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള ഫോൺ മറ്റുള്ളവരെ ഉപയോഗിക്കാൻ അനുവദിക്കരുത്. അതിനനുവദിച്ചിട്ട് എന്റെ അപ്പനായിരുന്നു, അപ്പൂപ്പനായിരിരുന്നു, കൊച്ചനായിരുന്നു, കുട്ടിയായിരുന്നു, ഭർത്താവായിരുന്നു, ഭാര്യയായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
6. നിങ്ങളാരുടെ സന്തുബന്ധുവാണെങ്കിലും ഉത്തവാദിത്തപ്പെട്ട ഒരാളുടെ ഫോണിൽ ഔദ്യോഗിക കാര്യങ്ങൾ ചോദിക്കുമ്പോൾ സ്വന്തം ഇച്ഛപ്രകാരം വായിൽ തോന്നിയത് എഴുതി വിടരുത്.
ജേണലിസ്റ്റായ ഒരു സ്ത്രീക്ക് നേരെ അധികാര ധാർഷ്ട്യം കാണിച്ചിട്ട് ചുമ്മാ ന്യായം പറയരുത്.
മറുനാടന് മലയാളി ബ്യൂറോ