മാതൃഭൂമി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് ആർ.ശ്രീജിത്തിന്റെ കാൽ വെട്ടുമെന്ന് സൈബർ സഖാക്കൾ. വ്യാജവാർത്തയ്‌ക്കെതിരെയും സൈബർ ഭീഷണികൾക്കെതിരെയും ശ്രീജിത്ത് ഡി ജി പി ക്ക് പരാതി നൽകി. സൈബർ ഇടങ്ങളിൽ സി പി എം അനുഭാവികൾ കാട്ടിക്കൂട്ടുന്ന ഭീകര പ്രവർത്തനങ്ങൾക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നും ഇന്നലെയുമായി നടന്നുകൊണ്ടിരിക്കുന്നത്.

താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ ഉണ്ടെന്നും ഒരു പാട് പേർ വണ്ടി ഇടിച്ചു മരിക്കുന്നുണ്ടല്ലോ, ഇയാളെന്താ മരിക്കാത്തെ എന്ന് ആ മാധ്യമപ്രവർത്തകൻ പറഞ്ഞത് കേട്ടുവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. .തുടർന്ന് ഐ വിറ്റ് നസ് ന്യൂസ് എന്ന ഓൺലൈൻ പത്രം ആ മാധ്യമപ്രവർത്തകൻ മാതൃഭൂമിയിലെ ആർ.ശ്രീജിത്താണെന്ന് റിപ്പോർട്ട് ചെയ്തു. യാതൊരു ആധികാരികതയും ഇല്ലാത്ത ആ വാർത്തയ്ക്ക് പിന്നാലെയായി പിന്നെ സൈബർ സഖാക്കൾ.ഹീനമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ ശ്രീജിത്തിന് നേരെ ഉണ്ടായത്.

ശ്രീജിത്തിന്റെ അന്തരിച്ച പിതാവിനെയും വീട്ടിലുള്ള അമ്മയെയും മറ്റുകുടുംബാംഗങ്ങളെയും അശ്ലീലം കൊണ്ട് മൂടി. ശ്രീജിത്തിനെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചു. ഏറ്റവും ഒടുവിൽ ആക്രമണ ഭീഷണിയും. കാൽ വെട്ടി എടുക്കണമെന്നായി ചിലർ, ശ്രീജിത്താണ് മുഖ്യമന്ത്രിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് എന്നത് നിഷേധിക്കാനാകാത്ത വിധം വ്യക്തമാണെങ്കിൽ ഈ വികാരപ്രകടനങ്ങൾ ഒരു പരിധി വരെ ന്യായീകരിക്കുന്നതിൽ അർത്ഥമുണ്ട് . എന്നാൽ ഒന്നുമറിയാത്ത ഒരു നിരപരാധിയെ , ഒരു മാധ്യമപ്രവർത്തകനെ ഹീനമായി കടന്നാക്രമിക്കുന്നതിലെ മാർക്‌സിസവും വർഗവിപ്ലവവും എന്താണ്? ശ്രീജിത്ത് കുറേ നാളായി സിപിഎമ്മിലെ ചിലരുടെ കണ്ണിലെ കരടാണ്. പാർട്ടിയുടെ ഉൾ രഹസ്യങ്ങൾ മിക്കതും പുറത്തെത്തിച്ച മാധ്യമപ്രവർത്തകനാണ് ശ്രീജിത്ത്.

അപ്പോൾ ഒരവസരം കിട്ടിയപ്പോൾ അത് ശ്രീജിത്തിനെതിരായി തിരിച്ചു എന്ന് മാത്രമേ കാണാൻ കഴിയൂ. ഈ സിപിഎമ്മാണ് ഫാസിസത്തെക്കുറിച്ച് വാചാലരാകുന്നത്. മനോരമയിലെ ഒരവതാരകയ്ക്ക് നേരെ ഇത്തരം കടന്നാക്രമണം നടന്നപ്പോൾ എതിർക്കാൻ മുന്നിട്ടിറങ്ങിയത് ഇതേ സംസ്‌കാരസമ്പന്നരായ സിപിഎം സഖാക്കളായിരുന്നു എന്നതാണ് വിചിത്രം. എന്തായാലും കാര്യങ്ങൾ വിശദീകരിച്ച് ശ്രീജിത്ത് ഇന്ന് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഓൺലൈൻ ചാനലിന്റെ നടത്തിപ്പുകാർ, സൈബർ ഇടങ്ങളിൽ തെറിയഭിഷേകവും കൊലവിളിയും മുഴക്കിയവർ എന്നിവരുടെ വിശദാംശങ്ങൾ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. .ഐപിസി, ഐടി നിയമം എന്നിവ അനുസരിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണം എന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ല എന്നും ശ്രീജിത്ത് വ്യക്തമാക്കുന്നുണ്ട്. ഇനി മറുപടി പറയേണ്ടത് സിപിഎം സൈബർ സഖാക്കളാണ്. ഒപ്പം മുഖ്യമന്ത്രിയും. ഒരു മാധ്യമപ്രവർത്തകനെതിരെ ഇത്ര ഹീനമായ ആൾക്കൂട്ട ആക്രമണം നടന്നിട്ടും വായിൽ പഴം തിരുകി ഇരിക്കുന്ന കെ യു ഡബ്ല്യു ജെ മേലാളന്മാർക്ക് പിണറായിയുടെ ഭാഷയിൽ നല്ല നമസ്‌കാരം.