തിരുവനന്തപുരം: 766 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ വിളിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് ചർച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ ശ്രീജിത്തിന്റെ സമരപന്തൽ സന്ദർശിച്ച പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് ചർച്ചക്കുള്ള അവസരം ഒരുങ്ങിയതായി അറിയിച്ചത്. ശ്രീജിത്തും അമ്മയും വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തും. കഴിഞ്ഞ 766 ദിവസങ്ങളായി ശ്രീജിത്ത് സമരത്തിലാണ്. അനുജന്റെ മരണം സിബിഐ അന്വേഷിക്കണമെന്നതാണ് ആവശ്യം. എന്നാൽ സിബിഐ അന്വേഷണത്തിൽ ഉറപ്പ് കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.

എന്നാൽ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യത്തിൽ ഉറപ്പു നൽകിയെന്ന് ശശി തരൂരും കെ സി വേണുഗോപാലും മാധ്യമങ്ങളെ അറിയിച്ചു. എങ്കിലും സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ആഭ്യന്തര മന്ത്രി സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ഇക്കാര്യത്തിൽ ഉടൻ തന്നെ സിബിഐ ഡയറക്ടറെ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി എംപിമാർക്ക് ഉറപ്പ് നൽകി. ശ്രീജിത്ത് ഇനി സമരം അവസാനിപ്പിക്കണം എന്നും ശശിതരൂർ ആവശ്യപ്പെട്ടു.

അതേസമയം സിബിഐ അന്വേഷണം സംബന്ധിച്ച് തങ്ങളെ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ശ്രീജിത്തും അമ്മയും പറഞ്ഞു. അന്വേഷണം ഏറ്റെടുത്ത്‌കൊണ്ടുള്ള അറിയിപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ 766 ദിവസമായി സമരം ചെയ്യുകയാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാർഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. അഡ്വക്കറ്റ് കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും നിയമപോരാട്ടത്തിന് ശ്രീജിത്ത് ഒരുങ്ങുന്നത്. സഹോദരന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് കോടതിയെ സമീപിക്കുക.

അതേ സമയം, സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. സോഷ്യൽ മീഡിയ ആഹ്വാനത്തെ തുടർന്ന് ആയിരങ്ങൾ ഒഴുകിയെത്തിയ ശ്രീജിത്തിന്റെ സമരപന്തലിലേക്ക് ഇന്ന് നേതാക്കളുടെ ഒഴുക്കാണ്. കോൺഗ്രസ് നേതാവ് വി എം.സുധീരൻ, സിപിഎം നേതാവ് വി എസ് ശിവൻകുട്ടി, ശിവകുമാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ഇന്ന് ശ്രീജിത്തിനെ സന്ദർശിച്ചു. ശ്രീജിത്തിന് പിന്തുണ തേടിയുള്ള ഒപ്പു ശേഖരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വി എം സുധീരൻ ഇന്നലെയും ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു.

ഈ വിഷയത്തിൽ ശ്രീജിത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമമാണ് ആവശ്യം. സാധ്യമായ എല്ലാ ശ്രമവും ഇതിന് വേണ്ടി നടക്കും. ഇതിൽ ഒറ്റക്കെട്ടായ ശ്രമമാണ് നടക്കേണ്ടത്. ഇതിൽ രാഷ്ട്രീയമായ വേർതിരിവില്ല, ഇത് മാനുഷികമായ വിഷയമായി പരിഗണിക്കുകയാണ് വേണ്ടതെന്നും സുധീരൻ പറഞ്ഞു. നാടിന്റെ വികാരമാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയ ജനക്കൂട്ടത്തിൽ നിന്നും വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ അനുജനെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് ശ്രീജിത്ത് മറുനാടനോട് പ്രതികരിച്ചു.

അതേസമയം ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് തിരിച്ചടി ഉണ്ടായിരുന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കി ഇന്നലെ രംഗത്തെത്തിയുന്നു. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ് 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.