കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതിന് പുറമേ ക്രൂരമായ മർദ്ദന മുറകൾ നടത്തി അവശനാക്കിയെന്നുമാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ശ്രീജിത്തിനോട് മാത്രം എന്തു വൈരാഗ്യമാണ് തങ്ങൾക്കുള്ളത് എന്നതായിരുന്നു പൊലീസിന്റെ ഇതുവരെയുണ്ടായിരുന്ന വാദം. എന്തായാലും ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റ് പ്രതികൾ നൽകിയ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.

ശ്രീജിത്ത് മാത്രമേ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ടുള്ളൂ. മറ്റ് പ്രതികളെയും പൊലീസ് ശരിക്കും മർദ്ദിച്ചിരുന്നു. ആലുവ റുറൽ എസ് പി എ വി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 'ടൈഗർ ഫോഴ്‌സ്' തല്ലിച്ചതച്ച് ശേഷമാണ് പ്രതികളെ വരാപ്പുഴ പൊലീസ് സ്‌റ്റേഷനിലും എത്തിച്ചത്. ഇവിടെ വെച്ച് മറ്റ് എസ്‌ഐ ദീപക്കും മറ്റ് പൊലീസുകാരും ചേർന്ന് ശ്രീജിത്തിനെയും മറ്റുള്ളവരെയും മർദ്ദിച്ചു. മർദ്ദനത്തിൽ ശ്രീജിത്തിന്റെ കുടൽമാല ആന്തരികമായി തകരുകയായിരുന്നു. ഇത് തിരിച്ചറിയാന് പൊലീസിന് സാധിച്ചുമില്ല. ആള് മാറിയാണ് കസ്റ്റഡിയിൽ എടുത്തത് അടക്കമുള്ള കാര്യങ്ങളിൽ സിഐ ക്രിസ്പിനെതിരെ കേസ് വരും.

ആത്മഹത്യ ചെയ്ത വാസുദേവന്റെ കുടുംബം സിപിഎം അനുഭാവികളാണ്. അതുകൊണ്ട് തന്നെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസിന് മേൽ സമ്മർദ്ദമായിരുന്നു. ഈ സമ്മർദ്ദത്താൽ പ്രതികളെ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ആളു മാറിയതാണ് പൊലീസിനെ ശരിക്കും വെട്ടിലാക്കിയത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച സംഘത്തിൽ ശ്രീജിത്തോ സഹോദരൻ സജിത്തോ ഇല്ലായിരുന്നുവെന്നും, വാസുദേവന്റെ സഹോദരൻ ഗണേശൻ കാണിച്ചു കൊടുത്തവരെയെല്ലാം പൊലീസ് പിടിച്ചു കൊണ്ടു പോകുകയുമായിരുന്നുവെന്ന നിഗമനത്തിലാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇപ്പോൾ എത്തിയിരിക്കുന്നത്.

തന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മനംനൊന്താണ് ഗൃഹനാഥനായ വാസുദേവൻ ആത്മഹത്യ ചെയ്യുന്നത്. തലേദിവസം അന്പലപ്പറന്പിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു വീടാക്രമണം. വാസുദേവന്റെ ആത്മഹത്യയിലും വീടാക്രമിച്ച സംഭവത്തിലും ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുക്കാനെത്തിയത് റൂറൽ എസ്‌പിയുടെ കീഴിലുള്ള ടൈഗർ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ്. അക്രമിച്ചവരെ തിരിച്ചറിയാനായി ആർടിഎഫ് ഉദ്യോഗസ്ഥർ ഒപ്പം കൂട്ടിയത് വാസുദേവന്റെ സഹോദരൻ ഗണേശനെയായിരുന്നു. അക്രമത്തിൽ പങ്കെടുത്തവരെ നേരിൽ കാണാത്ത ഗണേശൻ തനിക്ക് സംശയം തോന്നിയവരെയെല്ലാം കാണിച്ചു കൊടുക്കുകയും അവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം വാസുദേവന്റെ ആത്മഹത്യയിലേക്ക് നയിച്ച വീടാക്രമണത്തിൽ ശ്രീജിത്തും സജിത്തും ഇല്ലായിരുന്നുവെന്ന് വാസുദേവന്റെ അയൽവാസി സുമേഷും വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വാസുദേവനുമായി ശ്രീജിത്തിന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു, വാസുദേവന്റെ മകനും ശ്രീജിത്തും അടുത്ത സുഹൃത്തുകളുമായിരുന്നു. വാസുദേവന്റെ കുടുംബവുമായി പ്രശ്‌നങ്ങൾക്കില്ലെന്ന് ശ്രീജിത്ത് തന്നെ തന്നോട് പറയുകയും ചെയ്തിരുന്നുവെന്നും സുമേഷ് പറയുന്നു.

വാസുദേവന്റെ വീടാക്രമിക്കപ്പെട്ട ഉച്ചസമയത്ത് സജിത്ത് പറവൂരിലായിരുന്നുവെന്നും ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നുവെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വാസുദേവന്റെ വീടാക്രമിക്കപ്പെടുന്നതിന് തലേദിവസം അന്പലപ്പറന്പിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സുമേഷ് പറവൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസുദേവന്റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് സജിത്ത് സുമേഷിനെ സഹായിക്കാനായി പറവൂരിലെ ആശുപത്രിയിലായിരുന്നു. ശ്രീജിത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം വാസുദേവന്റെ വീടാക്രമിക്കപ്പെടുന്‌പോൾ ഇയാൾ സ്വന്തം വീട്ടിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം വാസുദേവന്റെ വീടാക്രമിച്ച കേസിൽ വാരാപ്പുഴ പൊലീസ് കേസിൽ പ്രതികളാക്കിയ ഒൻപത് പേരെയും ആലുവ പൊലീസ് ക്ലബിലെത്തിച്ചു. ശ്രീജിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ഇവരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വരാപ്പുഴ സ്റ്റേഷനിലെ സിഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥർ പ്രതികളാകും. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എല്ലാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാകും. കസ്റ്റഡിയിലെടുത്തതിന് ശേഷം വീട്ടിൽ നിന്ന് കൊണ്ടുവരുന്നതിനിടെ ശ്രീജിത്തിനെ മർദ്ദിച്ചതിന്റെ പേരിൽ ആർടിഎഫ് ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വിവരങ്ങൾ. ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്തതിന്റെ ഉത്തരവാദിത്തം സിഐയ്ക്കാണ്. അതിനാൽ സിഐ യും പ്രതിയാണ്. ഇന്ന് വൈകിട്ടോടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. അതേസമയം റൂറൽ എസ്‌പിക്കെതിരെ നടപടിയുണ്ടാകില്ല. ആർടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മർദ്ദിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കൊലക്കുറ്റം, അന്യായ തടങ്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർടിഎഫ് ഉദ്യേഗസ്ഥർക്കെതിരെ നിരവധി മൊഴികളുണ്ട്. ഇവർ തന്നെ മർദ്ദിച്ചതായി ഡോക്ടർക്ക് മുമ്പാകെ ശ്രീജിത്ത് പറഞ്ഞിട്ടുമുണ്ട്. അതിനാൽ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തും. ആറാം തിയതി രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ ആർടിഎഫ് കസ്റ്റഡിയിലെടുത്തിവെങ്കിൽ ശ്രീജിത്തിനെ രാവിലെ എട്ടരയ്ക്ക് കസ്റ്റഡിയിലെടുത്തുവെന്നാണ് കസ്റ്റഡി റിപ്പോർട്ടിൽ പറവൂർ സിഐ എഴുതിയിരിക്കുന്നത്. ഇത് ഗുരുതരമായ കൃത്യവിലോപമാണ്.