- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരാണ് വാവ സുരേഷ്' എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും 'തീരെ വിഷമില്ലാത്ത ഒരു സഹജീവി'; അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ'; സൗഖ്യം ആശംസിച്ച് ശ്രീജിത്ത് പണിക്കർ
കോട്ടയം: മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ ഏറെ ആശ്വാസമാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് നൽകിയത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്ന് നിരവധി പേരാണ് വാവയ്ക്ക് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ വാവ സുരേഷിന് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ആരാണ് വാവ സുരേഷ് എന്നൊരാൾ ചോദിച്ചാൽ തീരെ വിഷമില്ലാത്ത ഒരു സഹജീവി ആണെന്ന് പറയുമെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
'ഒരു രാത്രിയിൽ ഞാൻ വിളിച്ചപ്പോൾ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയിൽ സഞ്ചരിച്ചു വന്നവനാണ്. 'അതിഥിയെ' തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാർട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടൻ വട്ടം ചാടി നിന്ന് അതിൽനിന്ന് പിടിച്ചിറക്കി തിരികെ വീട്ടിൽ കയറ്റി വാതിൽക്കൽ തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേർക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികൾ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാൻ കഴിയൂ.
പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. 'ആരാണ് വാവ സുരേഷ്' എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും 'തീരെ വിഷമില്ലാത്ത ഒരു സഹജീവി' ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ. വേഗം സുഖപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ'. ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചികിത്സയിൽ തുടരുന്ന വാവ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്