- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ഗോവിന്ദച്ചാമി ഉണ്ടാകരുതെങ്കിൽ അയാളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ എത്തിക്കണമായിരുന്നു; അത് ചെയ്‌തോ? യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ ന്യായീകരിക്കുന്നവർക്ക് മറുപടിയായി ശ്രീജിത്ത് പണിക്കർ പറയുന്നു ഇത് പൊലീസ് രാജ്
കണ്ണൂർ: മാവേലി എക്സ്‌പ്രസിൽ ട്രെയിൻ യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. എഎസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. എന്നാൽ, സോഷ്യൽ മീഡിയയിൽ, ഒരുവിഭാഗം ഇതിനെ രൂക്ഷമായി വിമർശിക്കുകയും, പൊലീസിനെ ന്യായീകരിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് പൊലീസ് ഇടപെട്ടത് എന്നാണ് ഇവരുടെ വാദം. ഈ വാദത്തിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. സാധാരണക്കാരൻ നിയമം കയ്യിലെടുക്കുന്നതിലും ഭീകരമാണ് നിയമപാലകർ തന്നെ അത് ചെയ്യുന്നത്. പൊലീസുകാർ നിയമത്തിൽ പറയുന്നത് ചെയ്യാതെ, സ്വയം വിധിച്ച്, സ്വന്തമായി നീതി നടപ്പാക്കുന്ന സംവിധാനത്തിന് പണ്ടും ഇന്നും ഒരു പേര് മാത്രമേയുള്ളൂ. പൊലീസ് രാജ്-ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
ട്രെയിൻ യാത്രക്കാരനെ ചവിട്ടിയ പൊലീസുകാരനെ ന്യായീകരിക്കുന്നവർ അറിയാൻ.
യാത്രക്കാരനിൽ ആരോപിക്കപ്പെട്ടത് മൂന്ന് കുറ്റങ്ങളാണ്:
[1] സ്ലീപ്പർക്ലാസ് യാത്രയ്ക്കുള്ള ടിക്കറ്റ് ഉണ്ടായിരുന്നില്ല.
[2] മദ്യപിച്ച് ട്രെയിനിൽ കയറി.
[3] സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു.
ഈ സാഹചര്യത്തിൽ പൊലീസ് ചെയ്യേണ്ടത് എന്തായിരുന്നു?
മൂന്നിനും നിയമപ്രകാരമുള്ള ശിക്ഷ പിഴയും തടവുമാണ്. എന്നാൽ അത് തീരുമാനിക്കേണ്ടത് പൊലീസ് അല്ല. അയാളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി ഹാജരാക്കുക എന്നതാണ് പൊലീസിന്റെ ജോലി. മദ്യപിച്ചെന്ന് സ്ഥാപിക്കാനായി ടെസ്റ്റും അറസ്റ്റിനായി പരാതിയും ഒക്കെ ഉണ്ടാകണം.
പകരം പൊലീസ് എന്താണ് ചെയ്തത്?
[1] അയാളെ മർദ്ദിച്ചു.
[2] മദ്യപിച്ചെന്ന് സ്ഥാപിക്കാനുള്ള ടെസ്റ്റ് നടത്തിയില്ല.
[3] ട്രെയിനിൽ നിന്ന് പുറത്താക്കി.
[4] അറസ്റ്റ് ചെയ്തില്ല.
[5] അയാൾ ആരെന്നറിയില്ല.
[6] അയാൾക്കെതിരെ കേസെടുത്തില്ല.
[7] അയാൾക്കെതിരെ പരാതി കയ്യിലില്ല.
ഇതിൽ പൊലീസിന്റെ നിയമലംഘനം വ്യക്തമല്ലേ?
അയാൾ പൊലീസിനെയോ യാത്രക്കാരെയോ ആക്രമിക്കുകയായിരുന്നു എങ്കിലോ, ആയുധം ഉപയോഗിച്ചെങ്കിലോ, പിടി കൊടുക്കാതെ രക്ഷപെടാൻ നോക്കിയെങ്കിലോ ശാരീരികമായി അയാളെ കീഴ്‌പ്പെടുത്തേണ്ടി വന്നേക്കാം. എന്നാൽ നിരായുധനായി തറയിൽ ഇരിക്കുന്ന ഒരാളെ നിർദ്ദയം മർദ്ദിക്കുകയാണ് പൊലീസ് ചെയ്തത്.
അയാൾ മദ്യപിച്ചിരുന്നെന്നും എന്നാൽ നഗ്‌നതാ പ്രദർശനമൊന്നും ഉണ്ടായില്ലെന്നും ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ക്രൂരമായി അയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മർദ്ദിച്ചില്ലെന്നും അറസ്റ്റ് ചെയ്യാതെ ഇറക്കിവിട്ടെന്നുമാണ് പൊലീസുകാരൻ പറഞ്ഞത്.
മറ്റൊരു ഗോവിന്ദച്ചാമി ഉണ്ടാകുന്നത് പൊലീസ് തടഞ്ഞു എന്നു പറയുന്നവരോടാണ് എന്റെ ചോദ്യങ്ങൾ:
[1] മറ്റൊരു ഗോവിന്ദച്ചാമി ഉണ്ടാകരുതെങ്കിൽ അയാളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ എത്തിക്കണമായിരുന്നു. അത് ചെയ്‌തോ?
[2] മറ്റൊരു ഗോവിന്ദച്ചാമി ആകുമെന്ന് കരുതുന്നയാളെ സ്വതന്ത്രനായി കേസ് ചാർജ് ചെയ്യാതെ പുറത്തുവിടുന്നതാണോ നീതി?
[3] സ്ത്രീകളോട് മോശമായി പെരുമാറിയെങ്കിലും മദ്യപിച്ചെങ്കിലും അത് തെളിയിക്കപ്പെടേണ്ടേ? പരാതിയും പരിശോധനയും ഉണ്ടാകേണ്ടേ? കൊടും ക്രിമിനൽ എന്നൊക്കെ വിവക്ഷിക്കുമ്പോൾ അയാളെ വെറുതെ വിടാനുള്ള അധികാരം പൊലീസിന് ആരുനൽകി എന്നു പറയേണ്ടേ? അയാളൊരു ക്രിമിനൽ ആണെങ്കിൽ പൊതുസമൂഹത്തിൽ സ്വതന്ത്രനായി വിഹരിക്കാൻ വിടുകയാണോ പൊലീസ് ചെയ്യേണ്ടത്?
[4] നിയമം നടപ്പാക്കേണ്ട പൊലീസ് അല്ലേ അത് കയ്യിലെടുത്തത്?
[5] വികാരത്തള്ളിച്ചയിൽ മർദ്ദിക്കാനും മാത്രം അയാൾ ചെയ്ത കുറ്റം എന്താണ്? ആരാണ് പരാതിക്കാർ?
ചുമതലകൾ കൃത്യമായി നിർവചിക്കപ്പെട്ടൊരു സംവിധാനമാണ് ഈ രാജ്യത്തെ പൊലീസ്. കാക്കിയിട്ടാൽ കിട്ടുന്ന അമിതമായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് കണ്ട് കയ്യടിക്കരുത്. നാളെ നിങ്ങളും വേണ്ടപ്പെട്ടവരും ആ അമിതസ്വാതന്ത്ര്യത്തിന് വിധേയരായാൽ നിങ്ങൾക്ക് സ്വന്തം ബോധ്യം തിരുത്തേണ്ടിവരും.ഒരാളും നിയമം കയ്യിലെടുത്തുകൂടാ. എടുത്താൽ അതിന്റെ ഫലം അനുഭവിച്ചേ മതിയാകൂ.
വനവാസിയായ മധുവിനെ കൊന്നതും സമാനമായി നിയമം കയ്യിലെടുത്ത നാട്ടുകാരാണ്. അവർക്കും ഒരു ന്യായം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചെന്ന്. വിശന്നിട്ട് മോഷ്ടിച്ചെന്ന വൈകാരികമായ ന്യായീകരണത്തിലേക്ക് പോലും തൽക്കാലം പോകുന്നില്ല. പക്ഷെ ഒന്നുണ്ട്; മോഷണമാണ് മധു ചെയ്ത കുറ്റമെങ്കിൽ അത് തെളിയിക്കപ്പെടാനും അതിനുള്ള ശിക്ഷ നൽകാനും ഒരു സംവിധാനം ഈ രാജ്യത്ത് അന്നും ഉണ്ടായിരുന്നു.
സാധാരണക്കാരൻ നിയമം കയ്യിലെടുക്കുന്നതിലും ഭീകരമാണ് നിയമപാലകർ തന്നെ അത് ചെയ്യുന്നത്. പൊലീസുകാർ നിയമത്തിൽ പറയുന്നത് ചെയ്യാതെ, സ്വയം വിധിച്ച്, സ്വന്തമായി നീതി നടപ്പാക്കുന്ന സംവിധാനത്തിന് പണ്ടും ഇന്നും ഒരു പേര് മാത്രമേയുള്ളൂ. പൊലീസ് രാജ്.
മറുനാടന് മലയാളി ബ്യൂറോ