- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിശ്വാസികൾക്കോ ആക്ടിവിസ്റ്റുകൾക്കോ ക്ഷേത്രമതിലകത്ത് ഒരു കാര്യവുമില്ല; ക്ഷേത്രങ്ങൾ മതേതര സ്ഥാപനങ്ങളല്ല, കാഴ്ചബംഗ്ലാവുകളോ വിനോദസഞ്ചാര കേന്ദ്രങ്ങളോ അല്ലേയല്ല; മൻസിയ വിഷയത്തിൽ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്
തിരുവനന്തപുരം: കൂടൽ മാണിക്യം ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ അഹിന്ദുവാണെന്ന പേരിൽ അവസരം നിഷേധിക്കപ്പെട്ട മൻസിയയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. വിഎച്ച്പി, തപസ്യ കലാസാഹിത്യവേദി എന്നിവയ്ക്ക് പുറമേ ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി, അഡ്വ.ബി.ഗോപാലകൃഷ്ണൻ എന്നിവരും മൻസിയയ്ക്ക് വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. അഹിന്ദുക്കളെയല്ല, ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തിൽ തടയേണ്ടതെന്നും, അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന ദേവസ്വം ബോർഡ് തീരുമാനം ക്ഷേത്ര വിരുദ്ധമെന്നും അഡ്വ.ബി.ഗോപാലകൃഷണൻ പറഞ്ഞിരുന്നു.
എന്നാൽ, ഇതിൽ നിന്ന് വേറിട്ട അഭിപ്രായമാണ് ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി ദാസ് പ്രകടിപ്പിക്കുന്നത്. അവിശ്വാസി ആണെങ്കിലും കലാപരമായ മികവുണ്ടെങ്കിൽ ക്ഷേത്രത്തിൽ കയറ്റണം എന്ന വാദം തീർത്തും അന്യായം മാത്രമാണെന്നും ഹിന്ദു ക്ഷേത്രം ആർക്കും കേറി ഡാൻസ് കളിക്കാവുന്ന പൊതു സ്ഥലമല്ല എന്നും മൻസിയ ഇടതുപക്ഷക്കാരിയാണെന്നും ശങ്കു ടി ദാസ് കുറിക്കുന്നു. സമാനമായ അഭിപ്രായമാണ് ശ്രീജിത്ത് പണിക്കരും ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.
നിയന്ത്രണമുള്ള ക്ഷേത്രങ്ങളിൽ, മതിലകത്ത് പ്രവേശിക്കുന്നയാൾ ദർശനം നടത്താൻ എത്തുന്ന വിശ്വാസി ആവണം. ഇതരമതസ്ഥരെങ്കിൽ വിശ്വാസിയെന്ന് സത്യവാങ്മൂലം നൽകി പ്രവേശിക്കട്ടെ. അല്ലാത്തപക്ഷം കലാപരിപാടികൾ അവതരിപ്പിക്കാൻ നല്ലത് ക്ഷേത്രമതിലിനു പുറത്തു തയ്യാറാക്കുന്ന വേദിയാണ്. ഹിന്ദുവും അല്ല, വിശ്വാസിയും അല്ല, ആചാരങ്ങളും പിന്തുടരുന്നില്ല, സത്യവാങ്മൂലവും പറ്റില്ല എന്നാണെങ്കിൽ കലാപരിപാടികൾ നടത്താൻ സംഗമേശ്വര സന്നിധിയേക്കാൾ ഉചിതമായ ഇടം റീജണൽ തിയറ്ററോ മുനിസിപ്പൽ ടൗൺഹോളോ ആണ്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഭരണസമിതിക്ക് ഇക്കാര്യങ്ങൾ അറിയില്ലെന്ന് ഞാൻ കരുതുന്നില്ല. അറിയില്ലെങ്കിൽ ആ സ്ഥാനത്ത് തുടരാൻ നിങ്ങൾക്ക് അർഹതയില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊന്നുമറിയാതെ ഒരു കലാകാരിയുടെ പരിപാടി ബുക്ക് ചെയ്ത്, റദ്ദാക്കി, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഭരണസമിതിക്കാർ അവരോട് പരസ്യമായി നിർവ്യാജം മാപ്പു പറയണം. അല്ലാതെ എല്ലാവരെയും ക്ഷേത്രമതിലകത്ത് പ്രവേശിപ്പിക്കുന്ന തരത്തിലുള്ള മാറ്റം സ്വാഗതം ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കുകയല്ല വേണ്ടത്. ആത്യന്തികമായി അതാണ് ഉദ്ദേശമെങ്കിൽ കാര്യങ്ങൾ ഇതുവരെ കണ്ടത്ര ലളിതവും നിഷ്‌കളങ്കവും ആയിരുന്നെന്ന് കരുതുക വയ്യ.
ഇത്രയും ഓർക്കുക. ക്ഷേത്രങ്ങൾ ഹൈന്ദവർക്കും വിശ്വാസികൾക്കും ഉള്ള മതപരമായ ഇടങ്ങളാണ്. അല്ലാതെ മതേതര സ്ഥാപനങ്ങളല്ല, കാഴ്ചബംഗ്ലാവുകളോ വിനോദസഞ്ചാര കേന്ദ്രങ്ങളോ അല്ലേയല്ല.-ശ്രീജിത്ത് പണിക്കർ കുറിച്ചു.
പോസറ്റിന്റെ പൂർണരൂപം:
കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഭരണസമിതിയോടാണ്.
ഓരോ ക്ഷേത്രത്തിനും പൊതുവായതും തനതായതുമായ ആചാരങ്ങളുണ്ട്. ഹൈന്ദവരുടെ ആരാധനാലയങ്ങളാണ് ക്ഷേത്രങ്ങൾ. അതിലുപരി ക്ഷേത്രമെന്നത് മൂർത്തിയുടെ വാസസ്ഥലവും മതിലകം ശരീരവും കൂടിയാണ് എന്നാണ് സങ്കല്പം.
പുരുഷന്മാർക്ക് മേൽവസ്ത്രം ധരിക്കാവുന്ന ആറ്റുകാൽ ക്ഷേത്രവും മേൽവസ്ത്രമേ പാടില്ലാത്ത ചെട്ടികുളങ്ങര ക്ഷേത്രവും മേൽവസ്ത്രം അഴിച്ച് അരയിൽ കെട്ടി നിന്നുമാത്രം ദർശനം സാധിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്. ആറ്റുകാലിൽ ഉള്ളതുപോലെ മറ്റു ക്ഷേത്രങ്ങളിലും വേണമെന്ന് വാശിപിടിച്ചിട്ട് കാര്യമുണ്ടോ?
സ്ത്രീകൾക്ക് പ്രവേശിക്കാവുന്ന വടക്കുംനാഥ ക്ഷേത്രവും, സ്ത്രീകൾക്ക് നിശ്ചിതസമയത്തു മാത്രം പ്രവേശിക്കാവുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സ്ത്രീകൾ അടുത്തുപോലും ചെല്ലാത്ത ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രവും ഇവിടെയുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിലേതു പോലെ മറ്റു ക്ഷേത്രങ്ങളിലും വേണമെന്ന് വാശിപിടിച്ചിട്ട് കാര്യമുണ്ടോ?
അതുപോലെയാണ്, സകല മതസ്ഥർക്കും പ്രവേശിക്കാവുന്ന ശബരിമല ക്ഷേത്രവും ഹൈന്ദവർക്ക് മാത്രം പ്രവേശിക്കാവുന്ന കൂടൽമാണിക്യം ക്ഷേത്രവും ഇവിടെയുള്ളത്. അതുകൊണ്ട് ശബരിമല പോലെ എല്ലാ ക്ഷേത്രങ്ങളും ആകണമെന്ന് വാശിപിടിച്ചിട്ട് കാര്യമുണ്ടോ?
കാലത്തിനനുസരിച്ച് ക്ഷേത്രങ്ങൾ മാറിയിട്ടുണ്ടോ എന്നുചോദിച്ചാൽ, ക്ഷേത്രാചാര പരിധിയിൽ നിന്നുകൊണ്ട് മാറിയിട്ടുണ്ട്. സാരി ധരിച്ചുമാത്രം പ്രവേശനം എന്നിടത്തു നിന്നും ചുരിദാർ അനുവദിക്കപ്പെട്ട ക്ഷേത്രങ്ങൾ ഉണ്ടായിട്ടുണ്ട്. പാന്റ്‌സിനും ചുരിദാറിനും മുകളിൽ മുണ്ട് ചുറ്റി പ്രവേശിക്കാവുന്ന രീതിയിലേക്ക് മാറിയ ക്ഷേത്രങ്ങളുണ്ട്. എന്നുകരുതി എന്തും ധരിച്ച് പ്രവേശിക്കാം എന്നു വാദിക്കുന്നത് ശരിയല്ല. അങ്ങനെയൊരു പരാതിയുമായി കോടതിയിൽ പോയാൽ അവിടെയും പ്രത്യേക വസ്ത്രം ധരിച്ച് എത്തുന്നവരാണ് ഉള്ളത് എന്നോർക്കണം.
അതുപോലെയാണ് ഹൈന്ദവർക്ക് മാത്രം പ്രവേശനമുള്ള കൂടൽമാണിക്യം ക്ഷേത്രം. ഹൈന്ദവർക്ക് മാത്രം പ്രവേശനം എന്ന നിബന്ധനയോട് എനിക്ക് യോജിപ്പൊന്നുമില്ല. ഹൈന്ദവർക്കും വിശ്വാസികളായ ഇതര മതസ്ഥർക്കും പ്രവേശനം അനുവദനീയം എന്ന രീതിയിലേക്ക് ഈ ക്ഷേത്രങ്ങൾക്കും മാറാവുന്നതാണ്. എന്നാൽ അവിശ്വാസികൾക്കോ ആക്ടിവിസ്റ്റുകൾക്കോ ക്ഷേത്രമതിലകത്ത് ഒരു കാര്യവുമില്ല. അക്കാര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതു തന്നെയാണ് ശരി.
നിയന്ത്രണമുള്ള ക്ഷേത്രങ്ങളിൽ, മതിലകത്ത് പ്രവേശിക്കുന്നയാൾ ദർശനം നടത്താൻ എത്തുന്ന വിശ്വാസി ആവണം. ഇതരമതസ്ഥരെങ്കിൽ വിശ്വാസിയെന്ന് സത്യവാങ്മൂലം നൽകി പ്രവേശിക്കട്ടെ. അല്ലാത്തപക്ഷം കലാപരിപാടികൾ അവതരിപ്പിക്കാൻ നല്ലത് ക്ഷേത്രമതിലിനു പുറത്തു തയ്യാറാക്കുന്ന വേദിയാണ്. ഹിന്ദുവും അല്ല, വിശ്വാസിയും അല്ല, ആചാരങ്ങളും പിന്തുടരുന്നില്ല, സത്യവാങ്മൂലവും പറ്റില്ല എന്നാണെങ്കിൽ കലാപരിപാടികൾ നടത്താൻ സംഗമേശ്വര സന്നിധിയേക്കാൾ ഉചിതമായ ഇടം റീജണൽ തിയറ്ററോ മുനിസിപ്പൽ ടൗൺഹോളോ ആണ്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഭരണസമിതിക്ക് ഇക്കാര്യങ്ങൾ അറിയില്ലെന്ന് ഞാൻ കരുതുന്നില്ല. അറിയില്ലെങ്കിൽ ആ സ്ഥാനത്ത് തുടരാൻ നിങ്ങൾക്ക് അർഹതയില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊന്നുമറിയാതെ ഒരു കലാകാരിയുടെ പരിപാടി ബുക്ക് ചെയ്ത്, റദ്ദാക്കി, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഭരണസമിതിക്കാർ അവരോട് പരസ്യമായി നിർവ്യാജം മാപ്പു പറയണം. അല്ലാതെ എല്ലാവരെയും ക്ഷേത്രമതിലകത്ത് പ്രവേശിപ്പിക്കുന്ന തരത്തിലുള്ള മാറ്റം സ്വാഗതം ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കുകയല്ല വേണ്ടത്. ആത്യന്തികമായി അതാണ് ഉദ്ദേശമെങ്കിൽ കാര്യങ്ങൾ ഇതുവരെ കണ്ടത്ര ലളിതവും നിഷ്‌കളങ്കവും ആയിരുന്നെന്ന് കരുതുക വയ്യ.
ഇത്രയും ഓർക്കുക. ക്ഷേത്രങ്ങൾ ഹൈന്ദവർക്കും വിശ്വാസികൾക്കും ഉള്ള മതപരമായ ഇടങ്ങളാണ്. അല്ലാതെ മതേതര സ്ഥാപനങ്ങളല്ല, കാഴ്ചബംഗ്ലാവുകളോ വിനോദസഞ്ചാര കേന്ദ്രങ്ങളോ അല്ലേയല്ല.
നന്ദി,
പണിക്കർ
മറുനാടന് മലയാളി ബ്യൂറോ