- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം; മനോജ് എബ്രഹാം സെറിന്റെ കയ്യിൽ പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം': ട്രോളുമായി ശ്രീജിത്ത് പണിക്കർ
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിന്റെ സന്ദർശകരായ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡി.ഐ.ജി സുരേന്ദ്രൻ, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മോഹൻലാൽ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരോടൊപ്പമെല്ലാം മോൺസൺ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോൺസൺ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരിൽ ചിലർ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
ലോക്നാഥ് ബെഹ്റയെയും മനോജ് എബ്രഹാമിനെയും ട്രോളി ശ്രീജിത് പണിക്കർ രംഗത്തെത്തി. ശ്രീജിത്തിന്റെ പോസ്റ്റ് വായിക്കാം;
ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയിൽ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്റ അവർകളും ശ്രീമാൻ മനോജ് എബ്രഹാം സെറും നിൽക്കുന്ന ഹൃദയഹാരിയായ കാഴ്ച്ച.
പുരാവസ്തുക്കളെക്കുറിച്ച് താല്പര്യമുള്ളയാൾ എന്ന നിലയിൽ എന്റെ നിരീക്ഷണങ്ങൾ ഞാൻ പറയാം. ലക്ഷണം കണ്ടിട്ട്, ശ്രീമാൻ ബെഹ്റ ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വർഷം മുൻപ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരൻ ഉപയോഗിച്ച സിംഹാസനത്തിൽ ആണ്. അദ്ദേഹത്തെ വധിച്ചശേഷം മകൻ അജാതശത്രു ഈ സിംഹാസനം മഗധ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ലിയനാർഡോ ഡികാപ്രിയോയുടെ സഹായത്തോടെ ഒരു അശോക് ലെയ്ലാൻഡ് ട്രക്കിൽ കയറ്റി എവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ചിരപുരാതനമായ ഈ സിംഹാസനത്തിന് സുമാർ മുപ്പതുകൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകും. അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം. രാമരാവണയുദ്ധത്തിൽ രാവണൻ കൊല്ലപ്പെട്ടശേഷം ലങ്കാരാജ്യത്തിലെ വടക്കിനിയിൽ പുട്ട് ഉണ്ടാക്കാനുള്ള അരിപൊടിക്കാൻ ഉലക്കയ്ക്ക് പകരമായി ഇത് ഉപയോഗിച്ചതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. തടി അക്കേഷ്യ ആണെന്ന് തോന്നുന്നു.
ശ്രീമാൻ മനോജ് എബ്രഹാം സെറിന്റെ കയ്യിൽ കാണുന്നത് ഒരുപക്ഷേ അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിക്കാൻ അദ്ദേഹത്തിന്റെ സൈന്യാധിപൻ ആയിരുന്ന പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം. ക്രിസ്തുവിന് 180 വർഷം മുൻപാണ് സംഭവം നടന്നത്.
ചുരുങ്ങിയത് 2005ൽ എങ്കിലും നിർമ്മിക്കപ്പെട്ട ഈ വാളിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ടാകും. എന്നാൽ ഈ വാളിന് 50 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രകുതുകികളായ ചിലർ എന്നോട് പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഈ വാൾ പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ബ്രണ്ണറായി സായിപ്പ് കരഗതമാക്കിയത്രേ. ഊരിപ്പിടിച്ച ഈ വാളിന്റെ ഇടയിലൂടെ മൂർച്ചയില്ലെന്ന ധൈര്യത്തിൽ ഇന്ദ്രചന്ദ്രാദികളെ കൂസാത്ത പലരും തെക്കുവടക്ക് ഉലത്തിയിട്ടുണ്ടത്രേ, ക്ഷമിക്കണം, ഉലാത്തിയിട്ടുണ്ടത്രേ.
എന്റെ പരിമിതമായ ചരിത്രാവബോധത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത്. ആധികാരികത അവകാശപ്പെടുന്നില്ല. കാലഗണനയെ കുറിച്ചോ വസ്തുതകളെ കുറിച്ചോ കൂടുതൽ അറിവുള്ളവർ എന്നെ തിരുത്തിയാൽ സന്തോഷം. ജയ് ചിങ്ചോ!
മറുനാടന് മലയാളി ബ്യൂറോ