- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സിൽ സ്വർണം പങ്കിട്ട സംഭവം ബ്രിട്ടാസ് പറഞ്ഞപ്പോൾ കഥ മാറി; കായിക രംഗത്തും നിറവും മതവുമൊക്കെ കാണണമെങ്കിൽ ആ രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കണം; ബ്രിട്ടാസിനെയും പോസ്റ്റ് ഷെയർ ചെയ്ത റഹീമിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
തിരുവനന്തപുരം: ഒളിമ്പിക്‌സ് പുരുഷ ഹൈജമ്പ് മത്സരത്തിൽ ഖത്തർ, ഇറ്റലി താരങ്ങൾ സ്വർണം പങ്കിട്ടെടുത്ത വാർത്ത വളരെ വ്യാപകമായാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. ഇത്തരം അസുലഭ മൂഹൂർത്തങ്ങൾ ഒളിമ്പിക്‌സ് പോലുള്ള കായിക വേദികളിൽ മാത്രമെ കാണാനാകുവെന്നുമൊക്കെയായിരുന്നു കമന്റ്.എന്നാൽ ഇപ്പോഴാണ് സംഭവത്തിന്റെ യാഥാർത്ഥ വസ്തുത പുറം ലോകമറിഞ്ഞത്.എന്നാൽ ഇതിനോടകം തന്നെ ജോൺ ബ്രിട്ടാസ് എം പിയും എ എ റഹീമുമടക്കമുള്ളവർ ഈ സംഭവത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.
അതിനെ ട്രോളി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇറ്റലിയുടെ ജിയാൻ മാർക്കോ ടാംബേരിയും ഖത്തറിന്റെ മുംതാസ് ബാർഷിമും നിശ്ചിത അവസരത്തിൽ ഒരേ ഉയരം ചാടി തുല്യത പാലിച്ചു. അതിനാൽ ജംബ് ഓഫ് നടത്താതെ സ്വർണം പങ്കിട്ടുകൂടെയെന്ന് ബാർഷിം ഒളിമ്പിക്സ് അധികൃതരോടും ടാംബേരിയോടും ചോദിക്കുകയും സ്വർണം പങ്കിടുകയുമാണുണ്ടായതെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു.
എന്നാൽ വിഷയം ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ ടാംബേരി പരിക്ക് മൂലം പിന്മാറി പക്ഷെ ബാർഷിം എല്ലാവരെയും ഞെട്ടിച്ച് സ്വർണം പങ്കിട്ടുകൂടെ എന്ന് ചോദിച്ചെന്നുമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. എന്നാൽ ടാംബേരിക്ക് പരിക്കില്ലായിരുന്നെന്നും ബ്രിട്ടാസിന്റെ തെറ്റ് ഇടത് നേതാവ് എ.എ റഹീം അതുപോലെ ഷെയർ ചെയ്തെന്നും ഇരുവരെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പൂർണരൂപം ചുവടെ:
ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം, ഇറ്റലിയുടെ ജിയാന്മാർകോ ടാംബേരി എന്നിവർ ഫൗളുകൾ ഇല്ലാതെ ഒരേ ഉയരം പിന്നിട്ടു. നിശ്ചിത അവസരങ്ങളിൽ തുല്യത പാലിച്ചതിനാൽ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിനു സമാനമായ ജമ്പ്ഓഫ് നടത്താമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സ്വർണം പങ്കിട്ടുകൂടേ എന്ന ആശയം ബാർഷിം ഉന്നയിക്കുകയും ടാംബേരിയും അധികൃതരും അതിനു സമ്മതിക്കുകയും ചെയ്തതിനാൽ ഇരുവർക്കും സ്വർണം ലഭിച്ചു.
എന്നാൽ സംഗതി ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റായി എത്തിയപ്പോൾ കഥ മാറി. ജമ്പ്ഓഫ് അവസരം നൽകിയപ്പോൾ കാലിനു പരിക്ക് പറ്റിയ ടാംബേരി പിന്മാറിയത്രേ. അതോടെ സ്വർണം ഉറപ്പിച്ച ബാർഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കുമായി സ്വർണം പങ്കിട്ടുകൂടേ എന്നു ചോദിച്ചത്രേ. വായിച്ചപ്പോൾ 'ചിത്രം' സിനിമയിൽ 'എന്നെ കൊല്ലാതിരുന്നു കൂടേ?' എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഫീൽ ഉണ്ടായിരുന്നു. ഞാൻ കരഞ്ഞു.
അങ്ങനെ 'നിറവും, മതവും, രാജ്യങ്ങളും' അപ്രസക്തമായ മാനവികതയായി അത് മാറിയത്രേ. അതെങ്ങനെ? അത് കണ്ട ആൾക്കാർക്ക് രാജ്യങ്ങൾ അപ്രസക്തമായെന്ന് തോന്നിക്കാണും. പക്ഷെ ഇവിടെ എവിടെയാണ് നിറവും മതവും ഒക്കെ കടന്നുവരുന്നത്? ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കായികരംഗത്ത് നിറവും മതവും ഒക്കെ കാണാൻ കഴിയൂ.
തമാശ തല്ല. ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴല്ല. കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് ആയിരുന്നു. ഇത്തവണ അയാൾ ഒരു പരിക്കും ഇല്ലാതെ, പയറുപോലെ ഓടിവന്ന് ചാടുകയായിരുന്നു. ഈ പോസ്റ്റ് ടാംബേരി വായിച്ചാൽ വീട്ടുകാരോട് പറഞ്ഞ് ഒന്ന് ഉഴിഞ്ഞ് ഇട്ടോളൂ. പരിക്കൊന്നും പറ്റാതെ ഇരിക്കട്ടെ.
എന്തായാലും അബദ്ധം മനസ്സിലാക്കിയിട്ടാവണം, ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തി. എന്നാൽ അത് ഷെയർ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെ. നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്ത് അദ്ദേഹത്തിലേക്ക് എത്തിച്ച് തിരുത്തിക്കൂ.
മറുനാടന് മലയാളി ബ്യൂറോ