തിരുവനന്തപുരം: പോക്സോ കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്ന നടൻ ശ്രീജിത്ത രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിവിരം അയാൾ അറിഞ്ഞത് ഇന്നലെ വൈകുന്നേരം. ഹൈക്കോടതി വിധിയുടെ പകർപ്പുമായി ടി ജി രവിയും ബന്ധുക്കളും സെക്ഷൻസ് കോടതിയിൽ എത്തി അറ്റസ്റ്റ് ചെയ്ത ശേഷം വിയ്യൂർ ജില്ലാ ജയിലിൽ എത്തിയത് വൈകുന്നരം 4.20ന്. കോടതി ഉത്തരവ് ഇവർ കൈമാറിയ ശേഷം ശ്രീജിത് രവിയെ സൂപ്രണ്ടിന്റെ റൂമിലേയ്ക്ക് വിളിപ്പിച്ചാണ് ജാമ്യം വിവരം അറിയിച്ചത്. ടി ജി രവിയും ബന്ധുക്കളും കോടതി ഉത്തരവ് കൈമാറിയ ശേഷം ജയിലിന് പുറത്ത് നിലയുറപ്പിച്ചു. അര മണിക്കൂറിനകം നടപടികൾ പൂർത്തിയായതോടെ ശ്രീജിത്ത് രവി പുറത്ത് എത്തി.

കാത്ത് നിന്ന അച്ഛൻ ടി ജി രവിയെകെട്ടിപ്പിടിച്ച് വിതുമ്പി. പിന്നീട് ബന്ധുക്കളോട് കുശലാന്വേഷണം നടത്തിയശേഷം അച്ഛനൊപ്പം വീട്ടിലേയ്ക്ക് പോയി. ശ്രീജിത് രവിക്ക് ജാമ്യം കിട്ടിയെന്ന വാർത്ത ടി വി ന്യൂസിൽ ബ്രേക്കിങ് വന്നോപ്പോഴെ ജയിൽ അധികൃതർ അറിഞ്ഞുവെങ്കിലും പുറത്തു പറഞ്ഞില്ല. എന്തെങ്കിലും കാരണവശാൽ ജാമ്യ നടപടികൾ വൈകിയാൽ പുറത്തിറങ്ങൽ വൈകും എന്നുള്ളതുകൊണ്ടാണ് ശ്രീജിത്തിനെ ജാമ്യം കിട്ടിയ വിവരം ജയിൽ അധികൃതർ അറിയിക്കാതിരുന്നത്. ജയിലിൽ എത്തി ആദ്യ ദിവസങ്ങളിൽ കടുത്ത നിരാശയിലും വിഷമത്തിലും കഴിഞ്ഞിരുന്ന ശ്രീജിത്ത് രവി പിന്നിട് ജയിലിനോടു തന്നെ പൊരുത്തപ്പെടുകയായിരുന്നു.

ജയിൽലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിച്ചു. ഇടയ്ക്ക് അച്ഛനെയും ഭാര്യയേയും ജയിലിൽ അനുവദിച്ചിരുന്ന കാർഡ് ഫോണിൽ നിന്നും വിളിച്ച് സംസാരിച്ചു. സംസാരത്തിനിടെ സമയം കളയുന്നത് പുസ്തകം വായിച്ചാണന്ന് പറഞ്ഞതോടെ ടി ജി രവി വീട്ടിൽ നിന്നും കൂടുതൽ പുസ്തകങ്ങളുമായി ശ്രീജിത്ത് രവിയെ കാണാൻ എത്തിയിരുന്നു. ഞായറഴ്ചകളിൽ അനുവദിച്ചിരുന്ന സിനിമ പോലും കാണാൻ പോകാതെയായിരുന്നു വായന. അങ്ങനെ നോവലുകളും കഥകളുമായി നിരവധി പുസ്തകങ്ങളാണ് ശ്രീജിത്ത രവി വായിച്ച് തീർത്തത്.

കഴിഞ്ഞ ശനിയാഴ്ച ബക്രീദ് ആയിരുന്നതിനാൽ തടവുകാർക്ക് അന്ന് ഉച്ചഭക്ഷണമായി ബിരിയാണിയാണ് വിളമ്പിയത്. ശ്രീജിത്ത രവി അത് വയറു നിറച്ച് കഴിക്കുകയും ചെയ്തു. കൂടാതെ ജയിലിലെ കോഫി ബാറിൽ നിന്നും ചായയും ബ്സ്‌കറ്റും വാങ്ങി കഴിച്ചിരുന്നു. ഇങ്ങനെ ജയിലിനോടു ഇണങ്ങി വന്ന ശ്രീജിത്ത് രവി പോലും ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് കോടതി അനുവദിച്ചത് ശ്രീജിത്ത് രവിയെ വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് തൃശൂർ വെസ്റ്റ് പൊലീസ് വിയ്യൂർ സബ് ജയിലിൽ എത്തിച്ചത്.ജയിൽ നടപടികൾ പൂർത്തിയാക്കി സൂപ്രണ്ടിന് മുന്നിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് രവി പൊട്ടിക്കരഞ്ഞു.

താൻ മൂന്ന ദിവസമായി മരുന്ന് കഴിക്കുന്നില്ലന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കരഞ്ഞു പറഞ്ഞു. ഇതിനിടെ സൂപ്രണ്ടും മറ്റു ജയിൽ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചിൽ നിർത്തിയിരുന്നില്ല. . 1608ാം നമ്പർ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാർഡന്മാർ ചേർന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലിൽ എത്തിച്ചു. അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. കേസിൽപ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കരച്ചിൽ. പിന്നീട് എല്ലാമായും പൊരുത്തപ്പെട്ടു.

ശ്രീജിത് രവി അറസ്റ്റിലാവുമ്പൾ പിതാവ് സിനിമ താരവും ബിസിനസുകാരനുമായ ടി ജി രവി വിദേശത്തായിരുന്നു. ബന്ധുക്കളാണ് വിവരം ടി ജി രവി യെ അറിയിച്ചത്്. വിവരം അറിഞ്ഞപ്പോൾ തന്നെ ടി ജി രവി തന്റെ ഹൈക്കോടിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരാഞ്ഞിരുന്നു. ഇതിനിടെ തൃശൂർ കോടതി ജാമ്യം നിഷേധിച്ച വാർത്തയും രവി അറിഞ്ഞു. അങ്ങനെയാണ് ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക് പോകാൻ ഏർപ്പാടാക്കിയത്. മകന്റെ രോഗം ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ചികിൽസിക്കാമെന്ന് അച്ഛനൊപ്പം ഭാര്യയും കോടതിയെ അറിയിച്ചു. ഇതോടെയാണ് ജാമ്യം കിട്ടിയത്.

സിനിമയ്ക്ക് അപ്പുറം തൃശൂരില ടയർ ബിസിനസ് രംഗത്തെ അതികായകനാണ് ടി ജി രവി. തൃസൂർ നഗരത്തിൽ രാഷ്ട്രീയത്തിനതീതമായി വലിയ സൗഹൃദത്തിന് ഉടമ കൂടിയാണ് 70കളിലെ ഈ പ്രതിനായകൻ. ആഫ്രിക്കയിൽ പേപ്പർ റീസൈക്കിളിങ് മേഖലയിൽ ഒരു കമ്പിനി ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്കാണ് ടി ജി രവി വിദേശത്ത് പോയത്. അവിടെയുള്ള മറ്റൊരു മകനൊപ്പം ആഫ്രിക്കയിലും ബിസിനസ് രംഗത്ത് തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ശ്രീജിത്ത രവിയുടെ അറസ്റ്റ് വാർത്ത അറിയുന്നത്. ഉടൻ തന്നെ അടുത്ത ഫ്ളൈറ്റിൽ നെടുമ്പാശ്ശേരിക്ക് തിരിക്കുകയായിരുന്നു.

ടി ജി രവി കൊച്ചിയിൽ എത്തി മുതിർന്ന അഭിഭാഷകരെ കണ്ടതും മകന് അസുഖം ഉണ്ടെന്ന് സ്ഥാപിക്കാനയതും ജാമ്യം കിട്ടാൻ എളുപ്പമായി. ശ്രീജിത്ത് രവിക്കു ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ നൽകിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നതിന്റെ രേഖകൾ കോടതിയിൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം അനുവദിച്ചത്.

പ്രതി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തിൽ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി.

ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തി. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു. സമാന കേസിൽ മുൻപു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. അങ്ങനെയാണ് റിമാൻഡിലായത്.