തൃശ്ശൂർ: കുട്ടികൾക്ക് നേരേ നഗ്‌നതാപ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിയെ കോടതിയിൽ ഹാജരാക്കി. തനിക്ക് ജാമ്യം നൽകണമെന്നും ശ്രീജിത്ത് രവി വാദിച്ചു. അതേസമയം ഇപ്പോഴത്തെ നിലയിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോളാണ് പ്രോസിക്യൂഷൻ ജാമ്യംനൽകുന്നതിനെ എതിർത്തത്. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം, മാനസികരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ വാദം. തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്‌നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും നടൻ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി. ചികിത്സ തേടിയതിന്റെ രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്‌നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്‌നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്. ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്‌ളാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്‌നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയും കാര്യങ്ങൽ പരിശോധിച്ചു വരികയാണ്. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഇയാൾ സമാനമായ കേസിൽ അറസ്റ്റിലാകുന്നത്. 2017 ൽ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടർച്ചയായി ഇയാൾ കുറ്റം ആവർത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകൾ.