കവൻട്രി : സമരകഥകൾക്കു ആവേശം പകർന്ന നാടാണ് കേരളം . ജനകീയ സർക്കാരുകളെ പോലും പിഴുതെറിഞ്ഞ ജനശക്തിയുടെ നാട് . പക്ഷെ അടുത്തകാലത്തായി സമരങ്ങൾ സമരാഭാസമായി മാറിയായപ്പോൾ സമരം ചെയ്യുന്നവർക്കും സമരം കാണുന്നവർക്കും അതിൽ വിശ്വാസമില്ലാതെയായി .

ഇങ്ങനെയാകണം സ്വന്തം അനുജന്റെ മരണത്തിനു ഉത്തരവാദികളെ തേടി ജേഷ്ഠ സഹോദരൻ രണ്ടു വർഷമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തപ്പോൾ അതാരുടെയും ശ്രദ്ധയിൽ പെടാതെ പോയത് . കൊടിവച്ച കാറുകളിൽ മന്ത്രിമാരും എം എൽ എ മാരും ദിനപ്രതി അനേകവട്ടം ശ്രീജിത്തിനെ കടന്നു പോയെങ്കിലും അവരുടെയൊന്നും കണ്ണുകളിൽ ശ്രീജിത്ത് എന്ന ആ ജേഷ്ഠൻ കടന്നുവന്നില്ല , അല്ലെങ്കിൽ ശ്രീജിത്തിനെ കടന്നു പോകുമ്പോൾ അവരൊക്കെ മറുവശത്തെ കാഴ്‌ച്ചകൾ കാണുന്ന തിരക്കിലായിരുന്നു .

എന്നാൽ ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഹ്വനത്തിൽ കണ്ണൂരും കാസർഗോഡും നിന്നുമൊക്കെ ആളുകൾ കൂട്ടമായി എത്തി സെക്രെട്ടറിയേറ്റിനു മുൻവശം മനുഷ്യ അവകാശത്തിനു വേണ്ടി സമരഗാഥ രചിച്ചപ്പോൾ അതിന്റെ വീര്യത്തിൽ അധികാര കേന്ദ്രങ്ങൾക്ക് ഇളക്കം തട്ടി , ശ്രീജിത്തിന്റെ ആവശ്യങ്ങൾ നിമിഷ നേരത്തെ കാത്തിരിപ്പിൽ അംഗീകരിക്കപ്പെട്ടു.